Friday 21 December 2018 03:42 PM IST : By സ്വന്തം ലേഖകൻ

വെൺമ വിതാനിച്ച ഇന്റീരിയർ, അലങ്കാര പൊയ്കയൊഴുകും കോർട്ട്‍യാർഡ്; വിസ്മയമൊളിപ്പിച്ച് ഈ വീട്

sardar

നഗരങ്ങളിലെ സാഹചര്യം എല്ലായിടത്തും ഏതാണ്ടൊരുപോലെയാണ്. ചതുരാകൃതിയിൽ എട്ടോ പത്തോ സെന്റ് സ്ഥലം. ഇരുവശവും അടുത്തടുത്ത് വീടുകൾ. മുന്നിൽ തിരക്കുള്ള വഴി. വൈറ്റിലയ്ക്കടുത്ത് തൈക്കൂടത്തെ പ്ലോട്ടിന്റെ കാര്യവും ഒട്ടും വ്യത്യസ്തമായിരുന്നില്ല. നഗരത്തിരക്കിനിടയിലും സ്വകാര്യമായ ഇടങ്ങളും ശാന്തമായ അന്തരീക്ഷവുമുള്ള വീടായിരുന്നു മിനിക്കും സർദാറിനും ആവശ്യം. പ്ലോട്ടിന്റെ പരിമിതികൾ ക‌ൃത്യമായി മനസ്സിലാക്കി പ്രതിവിധികൾ മെനഞ്ഞായിരുന്നു വീടിന്റെ രൂപകൽപന.

ഫോയറിലൂടെ ലിവിങ് സ്പേസിലെത്തി വലത്തേക്ക് തിരിയുമ്പോൾ ആരുടെ മിഴികളിലും വിസ്മയം വിടരും. ഡൈനിങ് – ഫാമിലി ലിവിങ് സ്പേസിനപ്പുറമുള്ള പിൻമുറ്റമാണ് (Rear yard) അപ്രതീക്ഷിത ദൃശ്യവിരുന്നൊരുക്കുക. ലിവിങ് സ്പേസിനും പിൻമുറ്റത്തിനും ഇടയിൽ വാതിലോ ജനലോ ഒന്നുമില്ല! നല്ല പൊക്കമുള്ള, സിമന്റ് ഫിനിഷിലുള്ള ‘കോംപൗണ്ട് വോൾ’ അഥവാ മതിൽ തന്നെയാണ് പിൻമുറ്റത്തിന്റെ അതിര്. കോർട്‌യാർഡ് സ്പേസിലുള്ള അലങ്കാരപ്പൊയ്കയും അതിനു മുകളിലുള്ള തടികൊണ്ടുള്ള ഡെക്ക് സ്പേസും ആരെയും അതിശയിപ്പിക്കും.

അതിഥികളെ അതിശയിപ്പിക്കുക എന്നതിലുപരി വീടിനകത്ത് ഉന്മേഷദായകമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതുതന്നെയാണ് ഈ കോർട്‌യാർഡിന്റെ ലക്ഷ്യം. ഇതിനു മുകളിൽ മേൽക്കൂരയില്ലാത്തതിനാൽ ആവശ്യത്തിനു സൂര്യപ്രകാശം വീടിനുള്ളിലെത്തും. ചൂടുവായു ഇതുവഴി പുറത്തേക്ക് പോകുകയും ചെയ്യും. അതിനാൽ വീടിനുള്ളിൽ ചൂട് കുറയും.

sardar-3

അലങ്കാരപ്പൊയ്കയും ചുറ്റും ചെടികളുമൊക്കെ വരുംവിധം ആകർഷകമായാണ് കോർട്‌യാർഡ് സ്പേസ് ഒരുക്കിയിരിക്കുന്നത്. ഇവിടെതന്നെ തടികൊണ്ടുള്ള ഡെക്ക് സ്പേസും അതിൽ വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളുമുണ്ട്. വീടിന് പുറത്ത് ഇത്തരത്തിലൊരു ക്രമീകരണം ഏർപ്പെടുത്തിയാൽ സ്വകാര്യതക്കുറവ് കാരണം വീട്ടുകാർക്ക് അത് ആസ്വദിക്കാൻ കഴിഞ്ഞെന്നു വരില്ല. വീടിനുള്ളിൽ വരുംവിധം ആകുമ്പോൾ ആ പ്രശ്നമില്ല.

പിന്നിലെ മതിൽ താഴത്തെ നിലയുടെ പൊക്കത്തിൽ ഉയർത്തിക്കെട്ടി മുകളിൽ ഇരുമ്പ് ഗ്രിൽ നൽകിയാണ് സുരക്ഷ ഉറപ്പാക്കിയത്. കൊതുകും മറ്റും കടക്കാതിരിക്കാനായി ഗ്രില്ലിനു മുകളിൽ വലയും പിടിപ്പിച്ചിട്ടുണ്ട്.ഡൈനിങ് സ്പേസ്, ഓപൻ കിച്ചൻ എന്നിവയാണ് കോർട്‌യാർഡ് സ്പേസുമായി നേരിട്ടു സമ്പർക്കം പുലർത്തുന്ന ഇടങ്ങൾ. ഭാഗികമായി കോർട്‌യാർഡ് സ്പേസിലേക്ക് തുറക്കുംവിധമാണ് ഗെസ്റ്റ് ബെഡ്റൂമിന്റെ ഘടന.

ഇതുകൂടാതെ മുകൾനിലയിലുള്ള മാസ്റ്റർ ബെഡ്റൂം, മകളുടെ കിടപ്പുമുറി എന്നിവയോടു ചേർന്നും മനോഹരമായ ടെറസ് ഗാർ‍ഡൻ ഒരുക്കിയിട്ടുണ്ട്. രണ്ട് മുറികളുടെയും മധ്യത്തിലായാണ് ഇതിന്റെ സ്ഥാനം. അതിനാൽ രണ്ടിടത്തുനിന്നും ഇവിടേക്ക് എത്താം. മുറികളോട് ചേർന്ന് ബാൽക്കണിയിൽ ഗാർഡൻ നൽകുന്നതാണ് സാധാരണ രീതി. തിരക്കുള്ള റോഡാണ് മുൻപിലുള്ളത് എങ്കിൽ വീട്ടുകാർക്ക് ഇവിടം സൗകര്യപ്രദമായി ഉപയോഗിക്കാനാകില്ല. വീടിന് നടുവിൽ ഗാർഡൻ വരുന്നതോടെ അവിടം വീട്ടുകാരുടെ പ്രിയ ഇടമായി മാറും. നടുവിൽ ചെറിയ മരങ്ങളും നിറയെ പച്ചപ്പുമുള്ള ഈ ഗാർഡൻ തന്നെ ഉദാഹരണം. ഗാർഡന് ചുറ്റും തടി പാകിയ നടപ്പാതയും അവിടെ ഇരിപ്പിടങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പുറമേ നിന്നു നോക്കുമ്പോൾ വീടിന്റെ എലിവേഷൻ ഡിസൈനിെന വ്യത്യസ്തമാക്കുന്ന മുഖ്യ ഘടകം കൂടിയാണ് ഈ ഗാർഡൻ.

sardar-1

തനിമയുള്ള അകത്തളം

വെള്ളയും തവിട്ടുമാണ് ഇന്റീരിയറിന്റെ നിറക്കൂട്ട്. എല്ലായിടത്തും അവ ഏറിയും കുറഞ്ഞും പ്രത്യക്ഷപ്പെടുന്നു. പൊതുവേ പിന്തുടർന്നിരിക്കുന്ന സിമന്റ് ഫിനിഷ് ടെക്സ്ചർ ഈ നിറക്കൂട്ടിന് ആഴവും പരപ്പും നൽകുന്നു.

ബാത്റൂമുകളിൽ ഒഴികെ ബാക്കി എല്ലായിടത്തും തടിപ്പലകകൾ ഉപയോഗിച്ചാണ് ഫ്ലോറിങ്. കോൺട്രാസ്റ്റ് നിറത്തിലുള്ള ഫ്ലോർ വെള്ള നിറത്തിലുള്ള ചുമരിന് കൂടുതൽ എടുപ്പു തോന്നിക്കാൻ സഹായിക്കുന്നു. കോർട്‌യാർഡ് സ്പേസിന് ചുറ്റുമുള്ള ഭാഗങ്ങളിൽ പതിക്കുന്ന സൂര്യപ്രകാശത്തെ മെരുക്കാനും സഹായിക്കുമെന്നതാണ് വുഡൻ ഫ്ലോറിന്റെ മറ്റൊരു മെച്ചം. അസുഖകരമായ തിളക്കവും ചൂടും ഒഴിവാക്കി ഊഷ്മളമായ അന്തരീക്ഷം സ‍ൃഷ്ടിക്കാൻ ഇതു സഹായിക്കുന്നു. കോർട്‌യാർഡ് സ്പേസിലെ വെള്ളം, തഴച്ചുവളരുന്ന ചെടികൾ, സൂര്യപ്രകാശം, ഇളംകാറ്റ് എന്നിവയോടെല്ലാം ഇഴുകിച്ചേരാൻ തടി പോലെ മറ്റൊന്നിനും കഴിയില്ല!

ട്രോപ്പിക്കൽ മേഖലയിലെ വീട് എന്ന യാഥാർഥ്യം ഉൾക്കൊണ്ട് സുഗമമായ വായുസഞ്ചാരത്തിന് ക്രമീകരണമൊരുക്കിയാണ് ഓരോ മുറിയും രൂപപ്പെടുത്തിയത്. വാതിൽ, ജനൽ, വെന്റിലേഷനുകൾ, കോർട്‌യാർഡ്, ഗാർഡൻ സ്പേസ് എന്നിവയെല്ലാം ഈ ദൗത്യത്തിൽ പങ്കാളികളാകുന്നു. പ്രത്യേകമായി രൂപകൽപന ചെയ്ത പെഡസ്റ്റൽ ഫാനുകളാണ് ലിവിങ്ങിലും ഡൈനിങ് സ്പേസിലും ഉള്ളത്. സീലിങ് ഫാൻ ഒഴിവാക്കി. ഊണുമേശയ്ക്കും ബ്രേക്ഫാസ്റ്റ് കൗണ്ടറിനും മുകളിലുള്ള ഹാങ്ങിങ് ലൈറ്റുകളും ടേബിൾ ലാംപുകളും പ്രത്യേകമായി നിർമിച്ചെടുത്തതാണ്.

ഏത് കോണിൽ നിന്ന് നോക്കിയാലും തിരിച്ചറിയപ്പെടുന്നൊരു മുഖം. തനിമയാർന്ന വ്യക്തിത്വമാണ് മിനിയുടെയും സർദാറിന്റെയും വീടിന്റെ മുഖമുദ്ര

വിവരങ്ങൾക്ക് കടപ്പാട്; ആർകിടെക്ട് ജയദേവ്