Tuesday 01 November 2022 12:33 PM IST : By സ്വന്തം ലേഖകൻ

കേരളപ്പിറവിക്ക് മൂന്നാണ്ട് മുൻപേ പിറന്ന കൂട്ടിക്കൽ ബംഗ്ലാവിന്റെ പ്രസരിപ്പിന് ഇപ്പോഴും ഒരു കുറവുമില്ല; അതിന്റെ രഹസ്യമിതാ...

kootikal 3

കൂട്ടിക്കലിലെ കുന്നിനു മുകളിൽ പൊട്ടംകുളം ബംഗ്ലാവിന്റെ പണി തുടങ്ങുമ്പോൾ മണിമലയുടെ കൈവരിയായ പുല്ലകയാറിനു കുറുകെ പാലം വന്നിട്ടില്ല. മുണ്ടക്കയം കഴിഞ്ഞ് മലമുകളിലേക്ക് വൈദ്യുതിയും എത്തിയിട്ടില്ല. ആറ് നീന്തിക്കടന്നോ വളളത്തിലോ വേണമായിരുന്നു ഇവിടെയെത്താൻ.

ഇപ്പോഴത്തെ കാരണവർ ജോർജ് ജെ. മാത്യുവിന്റെ പിതാവ് കെ. വി. മാത്യുവാണ് വീടു പണിയുന്നത്, 1951 ൽ.

kootikal 4 വീടിന്റെ ദൃശ്യം

‘‘വീടിരിക്കുന്ന പറമ്പിനു മുകളിൽ കൊടുംവനമായിരുന്നു. ആനയും പുലിയും വിഹരിച്ചുനടക്കുന്നയിടം,’’ അച്ഛൻ പറഞ്ഞ കഥകൾ ജോർജ് ജെ. മാത്യു ഒാർത്തെടുക്കുന്നു.

പറമ്പിലെ പാറ പൊട്ടിച്ചെടുത്ത് ചെത്തിമിനുക്കി സുർക്കി തേച്ചാണ് ചുമരെല്ലാം കെട്ടിയത്. മരത്തിനും ദൂരെയെങ്ങും പോകേണ്ടി വന്നില്ല. തേക്കും വീട്ടിയും ഇഷ്ടംപോലെയുണ്ടായിരുന്നു. ലക്ഷണമൊത്തതു മാത്രമേ മുറിച്ചുള്ളൂ. തക്കല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ള ആശാരിമാർ പറമ്പിൽ കൂരകെട്ടി താമസിച്ചായിരുന്നു പണികൾ.

1953 ൽ വീടുപണി പൂർത്തിയായി. പിന്നെയും നാല് വർഷം കൂടി കഴിഞ്ഞാണ് പാലമുയരുന്നതും വൈദ്യുതി എത്തുന്നതും. പിന്നീടങ്ങോട്ട് കിഴക്കൻമല കയറി മാറ്റങ്ങളൊരുപാടെത്തി. ഏഴ് പതിറ്റാണ്ടിനിടെ മൂന്ന് തവണ അറ്റകുറ്റപ്പണികളെല്ലാം നടത്തി വീട് പുതുക്കി. അങ്ങനെ ഓരോ കാലവും തന്റെ കൈമുദ്രകൾ വീടിൽ ചാർത്തി.

2019 ലാണ് ഏറ്റവുമൊടുവിൽ വീടു പുതുക്കിയത്. ജോർജ് ജെ. മാത്യുവിന്റെ മകൻ ആർക്കിടെക്ട് രാജേഷ് ജോർജിനും ഭാര്യ ദിവ്യയ്ക്കുമായിരുന്നു നവീകരണത്തിന്റെ ചുമതല. അതോടെ കാലക്രമത്തിൽ കടന്നുകൂടിയ മാറാപ്പുകളെല്ലാം നീക്കി വീട് പ്രസരിപ്പ് വീണ്ടെടുത്തു. സൗകര്യങ്ങൾ കൂടി. കാഴ്ചകൾ കൂടുതൽ മനോഹരമായി.

kootikal 5 പുതുക്കിയെടുത്ത ഫാമിലി ലിവിങ് സ്പേസ്.

തങ്ങൾ വീട് പുതുക്കുകയല്ല, പഴക്കുകയാണ് ചെയ്തതെന്ന് രാജേഷ് ജോർജ് പറയുന്നു.

‘‘വീടുകൾക്ക് നമ്മൾ കൽപിച്ചു നൽകുന്നതല്ലാതെ അതിൽ അന്തർലീനമായിരിക്കുന്ന ഉദ്ദേശ്യലക്ഷ്യങ്ങളുണ്ട്. വീട് പണിത ഉടമകളുടെ ഉള്ളിൽ നിന്ന് സ്വാഭാവികമായി രൂപപ്പെടുന്നതാണത്. ആ തനിമയിലേക്ക് വീടിനെ മടക്കിക്കൊണ്ടു പോകുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. വീടു പണിത സമയത്തെ ഫാഷന്റെ സ്വാധീനം ഉണ്ടെങ്കിലും നമ്മുടെ പരമ്പരാഗത നിർമാണശൈലിയുടെ നന്മകൾ ധാരാളമായി വീട്ടിലുണ്ടായിരുന്നു. അതു വീണ്ടെടുക്കുക എന്നതിനായിരുന്നു മുഖ്യ ശ്രദ്ധ.’’

kootikal 6 പുതുക്കിയെടുത്ത ഓപൻ കിച്ചൻ

ഈ ഉദ്ദേശ്യത്തോടെയാണ് അനാവശ്യമായ അലങ്കാരപ്പണികൾ നീക്കിയതും ഇടയ്ക്കു നടത്തിയ കൂട്ടിച്ചേർക്കലുകൾ മാറ്റി വീടിന്റെ പഴയ ആകൃതിയും രൂപവും വീണ്ടെടുത്തതും.

ഇടക്കാലത്ത് വീട്ടിലിടം പിടിച്ച ആസ്ബറ്റോസ് പാരപ്പെറ്റ്, കോൺ‍ക്രീറ്റ് ജാളി, അലുമിനിയം റെയ്‍ലിങ് എന്നിവയെല്ലാം ഒഴിവാക്കിയവയുടെ പട്ടികയിലുൾപ്പെടുന്നു.

kootikal 7 ഊണുമുറി

പുതിയ ജീവിതശൈലിയോട് ഇണക്കമുള്ളതാക്കുന്ന വിധത്തിലായിരുന്നു ഇന്റീരിയറിലെ മാറ്റങ്ങളെല്ലാം. ഇടുക്കം അനുഭവപ്പെട്ടിരുന്ന ഇടങ്ങളിലെല്ലാം ഭിത്തികൾ നീക്കി മുറികളുടെ വലുപ്പം കൂട്ടി. 1994 ൽ നടത്തിയ വീടുപുതുക്കലിൽ കിടപ്പുമുറികളെല്ലാം ഇത്തരത്തിൽ വലുതാക്കിയിരുന്നു. പൊതു ഇടങ്ങളുടെ ഊഴമായിരുന്നു ഇത്തവണ. ഡൈനിങ് സ്പേസ്, ടിവി റൂം, അടുക്കള എന്നിവ ഇത്തവണ വലുതാക്കി. സ്റ്റീൽ ബീം കൊണ്ട് സ്ട്രക്ചറൽ സപ്പോർട്ട് നൽകിയാണ് ചുമരുകൾ നീക്കിയത്. പുറമേ കാണുന്ന രീതിയിലാണ് സ്റ്റീൽ ബീമുകളെല്ലാം. വീട് പണിതപ്പേൾ തന്നെ ഇവ ഉണ്ടായിരുന്നതായേ കണ്ടാൽ തോന്നൂ.

kootikal 1 കിടപ്പുമുറി

അടുക്കള വലുതാക്കിയതിനൊപ്പം കാലാനുസൃതമായ ചില മാറ്റങ്ങൾ കൂടി വരുത്തി. പഴയ പാൻട്രി ഏരിയയെ ഓപ്പൻ ഫാമിലി കിച്ചനാക്കി പരിഷ്കരിച്ച് നടുവിൽ ഐലൻഡ് കൗണ്ടറും നൽകി. പാചകം കുടുംബകാര്യമായി മാറിയ കാലത്ത് എല്ലാവർക്കും ഒന്നിച്ചുകൂടാനുള്ള സൗകര്യം ഇവിടുണ്ട്.

ജോലിക്കാർക്കായുള്ള അടുക്കളയ്ക്ക് വലുപ്പം വളരെ കൂടുതലായിരുന്നു. ഇതിനെ ചെറുതാക്കി കൂടുതൽ കാര്യക്ഷമമാക്കി മാറ്റി.

വലിയ വീടായിട്ടും ഫാമിലി ലിവിങ് സ്പേസ് എന്നുപറയാവുന്ന ഒരിടം ഇല്ല എന്നതായിരുന്നു വീടിന്റെ കുറവും വീട്ടുകാരുടെ പരാതിയും. രണ്ട് ഡൈനിങ് സ്പേസിന് അടുത്തായി രണ്ട് മുറികളുടെ നടുവിലുള്ള ഓപ്പൻ സ്പേസ് ആയിരുന്നു ഫാമിലി ലിവിങ്. മുകളിൽ പോളികാർബണേറ്റ് ഷീറ്റിട്ട ഈ ഭാഗത്തെ ‘പന്തൽ’ എന്നാണ് വിളിച്ചിരുന്നത്. ഇവിടെ നല്ലൊരു കോർട്‍യാർഡും അതിനടുത്തായി ഫാമിലി ലിവിങ് സ്പേസും വന്നുവെന്നതാണ് ഏറ്റവും കയ്യടി നേടിയ മാറ്റം.

kootikal 2 കിടപ്പുമുറി

ഡൈനിങ് സ്പേസിനും ഫാമിലി ലിവിങ്ങിനും അടുത്തായി ഹോം ലിഫ്റ്റ് സ്ഥാനം പിടിച്ചതും ബാത്റൂമുകളെല്ലാം ഡ്രൈ ഏരിയ – വെറ്റ് ഏരിയ വേർതിരിവുകളോടെ വലുതായതും മാറ്റങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനത്ത് തന്നെയുണ്ട്.

ഇപ്പോൾ വരുത്തിയ മാറ്റങ്ങളെ അടുത്ത തലമുറ എങ്ങനെ വിലയിരുത്തും എന്ന ചോദ്യത്തിന് ആർക്കിടെക്ട് ടീമിന്റെ മറുപടി ഇങ്ങനെ– ‘‘വാസ്തുകല കാലാതീതം ആയിരിക്കണം എന്നാണ് ഞങ്ങളുടെ കാഴ്ചപ്പാട്. എന്നുകരുതി മാറ്റങ്ങൾ പാടില്ല എന്നല്ല. ജീവിതശൈലി മാറുന്നതനുസരിച്ച് വീടുകളിൽ മാറ്റം കൂടിയേ തീരൂ. എന്നാൽ, ഫങ്ഷൻ മാറുന്നതനുസരിച്ച് മാറാൻ പാടില്ലാത്ത ചിലതുണ്ട്. കാലാവസ്ഥയോടും ചുറ്റുപാടിനോടുമുള്ള സംവേദനം പോലെ സൂക്ഷ്മമായ ചിലത്. അവയെക്കൂടി പരിഗണിച്ചു വേണം മാറ്റങ്ങൾ വരുത്താൻ.’’

kootikal 8 ജോർജ് ജെ. മാത്യുവിനൊപ്പം വീട്ടുകാരെല്ലാം

അപ്പോൾ ഫാഷന് പ്രാധാന്യം കൊടുക്കേണ്ട എന്നാണോ? ‘‘ഓരോ 25 വർഷം കൂടുമ്പോഴും വീടുകൾക്ക് മാറ്റം അനിവാര്യമാണ് എന്നാണ് പറയാറ്. അപ്പോഴേക്കും പുതിയൊരു തലമുറയും പുതിയ ശീലങ്ങളും വരും. അതാണ് കാരണം. ഫാഷൻ അനുസരിച്ചാണെങ്കിൽ ഒരോ അഞ്ച് വർഷം കൂടുമ്പോഴും വീട് പുതുക്കേണ്ടി വരും.’’‌

kootikal 9 ദിവ്യ രാജേഷ്, രാജേഷ് ജോർജ്, കെ.ജി. സജീവ് – ആർക്കിടെക്ട് ടീം

വീടിന്റെ നവീകരണമെല്ലാം പൂർത്തിയായപ്പോൾ വീണ്ടുമൊരു പാലുകാച്ചലിനായി അടുത്ത ബന്ധുക്കളെയെല്ലാം വിളിച്ചുകൂട്ടിയിരുന്നു. ജോർജ് ജെ. മാത്യുവിന്റെ സഹോദരിമാർക്കെല്ലാം വീട് ഇഷ്ടപ്പെടുമോ എന്നതായിരുന്നു ദിവ്യയുടെ പ്രധാന ആശങ്ക.

കൊച്ചിയിൽ നിന്ന് രാജേഷും ദിവ്യയും എത്തിയപ്പോൾ അവരെല്ലാവരും എഴുന്നേറ്റ് കയ്യടിച്ചാണ് സ്വീകരിച്ചത്. 

ചിത്രങ്ങൾ: ജസ്റ്റിൻ സെബാസ്റ്റ്യൻ

Tags:
  • Architecture