ഷീബ ടീച്ചറിന് അഭിമാനിക്കാം. തിരുവനന്തപുരം അമ്പലമുക്കിലെ നാല് സെന്റിലുള്ള വീട് വാങ്ങിയപ്പോൾ ഷീബയും ഭർത്താവ് ജബലും മനസ്സിൽ പോലും വിചാരിക്കാത്ത രീതിയിലാണ് ഷീബയുടെ വിദ്യാർഥിയായ അജ്മൽ ആ വീടിനെ മാറ്റിയെടുത്തത്.
20 വർഷത്തിനു മേലെ പഴക്കമുള്ള വീടാണ്. കണ്ടാൽ ഒരു പഴയ സ്റ്റൈൽ. ഒറ്റനില. ഏകദേശം 900 ചതുരശ്രയടി വിസ്തീർണം. ഇന്നിപ്പോൾ ഇൗ വീട് രണ്ടുനിലയിൽ താഴത്തെ അത്ര തന്നെ വലുപ്പം മുകളിലുമാക്കി പുതുപുത്തനായി തിളങ്ങി നിൽക്കുന്നു.

എക്സ്റ്റീരിയറിന് പറഞ്ഞറിയിക്കാനാവാത്ത മാറ്റമാണ് അജ്മൽ കൊണ്ടുവന്നത്. പുറത്തുണ്ടായിരുന്ന ഗോവണിയെ അകത്തേക്കു കൊണ്ടുവരാൻ മുൻവാതിലിനെ ഇടതുവശത്തുനിന്ന് വലതുവശത്തേക്കു കൊണ്ടുവന്നു.

അകത്തുണ്ടായിരുന്ന ഹാളിനെ ലിവിങ്, ഡൈനിങ് ആക്കി മാറ്റി നടുവിൽ ഒരു പാർട്ടീഷൻ വോൾ മോഡേൺ രീതിയിൽ കൊടുത്തു. അടുക്കളയെ ഒാപൺ ആക്കി ട്രെൻഡി ആക്കിയെടുത്തു.
മാർബിൾ ഫ്ലോർ ആയിരുന്നു പഴയ വീടിനുണ്ടായിരുന്നത്. അതിനെ നിലനിർത്താനായിരുന്നു വീട്ടുകാരുടെ താൽപര്യം. എന്നാൽ ഭിത്തി പൊട്ടിക്കേണ്ടി വന്നിടത്ത് കറുപ്പും വെളുപ്പും നിറത്തിൽ സ്ട്രിപ് ഫ്ലോറിങ് ചെയ്ത് അജ്മൽ അതിനെ മറച്ചെടുത്തു. മുറികളിലെ സ്കർട്ടിങ് മാറ്റി കറുത്ത ടൈൽ ആക്കി. പഴയ ഒരു ഷോകേസിനെ നീഷുകൾ കൊടുത്ത് ആധുനികമാക്കി മാറ്റി.

മുകളിൽ രണ്ട് മുറികൾ കൂട്ടിച്ചേർത്തു. പുറത്തെ ഭിത്തിയിൽ ക്ലാഡിങ്ങും ബാൽക്കണികളുമെല്ലാമായി അണിഞ്ഞൊരുങ്ങിയാണ് മുകളിലെ നില. ഗോവണി കയറുന്ന ഭാഗത്തുണ്ട് ഗോൾഡൻ, കറുപ്പ് നിറങ്ങളിലുള്ള ടെക്സ്ചർ പെയിന്റിങ്.

തറയുടെ ബലത്തെപ്പറ്റി പരിശോധനകളെല്ലാം നടത്തിയാണ് വീട് പുതുക്കിയത്.
ഡിസൈൻ:മുഹമ്മദ് അജ്മൽ എസ്. എസ്. ഹാംബ്രിക് ബിൽഡേഴ്സ് & ഡിസൈനേഴ്സ്, ഇഞ്ചക്കൽ, തിരുവനന്തപുരം, ഫോൺ– 7907439383