Monday 29 March 2021 04:00 PM IST

‘10 സെന്റേ ഉള്ളൂ.. വലിയ വീട് വേണം’ ആസിഫ് ഡിസൈനറോട് ആദ്യം പറഞ്ഞത് ഇതാണ്, ചെറിയ സ്ഥലത്ത് മുറ്റത്തിനും സ്ഥലം മാറ്റി വച്ച് ഒരുക്കിയത് 3900 ചതുരശ്രയടി വീ‌ട്

Ali Koottayi

Subeditor, Vanitha veedu

shinto 1

നിലവിലെ സ്ക്വയർഫീറ്റിനേക്കാൾ വലുതാണെന്ന് തോന്നിക്കുന്നത് അതിശയം തന്നെയല്ലേ? അതിനു പിന്നിൽ ഡിസൈനർമാരുടെ ചില ടെക്നിക്കുകൾ ഉണ്ടാകും. കോഴിക്കോട് ആഴ്ചവട്ടത്തെ ആസിഫിന്റെയും ഫാത്തിമയുടെയും വീട് ഇങ്ങനെ ചില ആകർഷണങ്ങളാൽ സമ്പന്നമാണ്. ആകെ പത്ത് സെന്റ്. വലിയ വിശാലമായ വീട് വേണം എന്ന ആസിഫിന്റെയും ഫാത്തിമയുടെയും സ്വപ്നത്തിന് പ്ലോട്ടിനേക്കാള്‍ വലുപ്പമുണ്ടായിരുന്നു. ‌ഡിസൈനർമാരായ ഷിന്റോയും ജിതിനും നേരിട്ട വെല്ലുവിളിയും ഇതുതന്നെ. കന്റെംപ്രറി ഡിസൈൻ എന്നതായിരുന്നു മറ്റൊരു ആവശ്യം. വീട്ടുകാരുടെ ആവശ്യങ്ങൾ കേട്ട് ഷിന്റോയും ജിതിനും പ്ലാൻ വരച്ച് കാണിച്ചു. മനസ്സിൽ കണ്ട വീടിലേക്കെത്താൻ പിന്നെയും മാറ്റങ്ങൾ...

shinto 2

‘‘3900 ചതുരശ്രയടിയിൽ പ്ലോട്ട് മുഴുവന്‍ വീടാണ്. തറവാട്ടിലെ ഇടുങ്ങിയ അന്തരീക്ഷത്തിൽ നിന്നുള്ള മോചനം കൂടിയായിരുന്നു വീട്. അതുകൊണ്ടുതന്നെ വീട്ടിലെ ഓരോ ഇടത്തിന്റെയും കാര്യത്തിൽ ഞങ്ങൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. അതിന്റെ ഒരു ഉൽപന്നമാണ് വലിയ സിറ്റ്ഔട്ട്.’’ ആസിഫ് പറയുന്നു. വിശാലമായ സിറ്റ്ഔട്ടിന്റെ വലുപ്പം, ഉളളതിലും അധികമായി തോന്നിക്കുന്നത് ഭിത്തിയുടെ ഉയരക്കൂടുതല്‍ കൊണ്ടാണ്. സാധാരണയുള്ള ലിന്റൽ അളവിനേക്കാൾ കൂടുതലാണിത്.ട്രെഡീഷനൽ ശൈലിയിലുള്ള ഡിസൈനായിരുന്നു ജിതിനും ഷിന്റോയും ആദ്യം മുന്നോട്ടു വച്ചത്. എക്സ്റ്റീരിയറിലെ കാഴ്ചയിൽ വീടിന് വ്യത്യസ്തത തോന്നിക്കണമെന്ന വീട്ടുകാരുടെ ആഗ്രഹമാണ് കന്റെംപ്രറി ശൈലി മതിയെന്ന തീരുമാനത്തിൽ എത്തിച്ചത്. വൈറ്റ് ആൻഡ് ഗ്രേ നിറവും വീടിന് പ്രത്യേക ഭംഗി നൽകുന്നു.

shinto 3

അത്യാവശ്യം മുറ്റം വേണമെന്നതായിരുന്നു വീട്ടുകാരുടെ മറ്റൊരു ആവശ്യം. മുറ്റത്തിനും പോർച്ചിനും ഇടം നൽ‌കി വീട് പണിതു. സിറ്റ്ഔട്ടില്‍ നട്ട മരമാണ് പുറം കാഴ്ചയുടെ പ്രധാന ആകർഷണം. ‘തെർമിനാലിയ വെരിഗാറ്റ’ എന്ന ഇനമാണിത്. താഴ്ഭാഗത്ത് കല്ലു പാകി അലങ്കരിച്ചു. മുകളിൽ സീലിങ്ങിൽ ആകാശത്തേക്ക് തുറക്കുന്ന വൃത്താകൃതിയിലുള്ള ഓപനിങ് മരത്തിന്റെ വളർച്ചയ്ക്കും സൂര്യപ്രകാശം ലഭിക്കുന്നതിനും സഹായിക്കുന്നു.

shinto 6

ഭിത്തികളില്ലാതെ, തുറന്ന രീതിയിലാണ് അകത്തളത്തിന്റെ ക്രമീകരണം. ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് എന്നിവ അടുത്തടുത്തായി ക്രമീകരിച്ചു. ഹാളിന്റെ വലുപ്പം ഇവയുടെ അനുയോജ്യമായ ക്രമീകരണത്തിന് സഹായിക്കുന്നു. അകത്തളത്തില്‍ കാറ്റും വെളിച്ചവും നിറയണമെന്നത് വീട്ടുകാരുടെ ആവശ്യമായിരുന്നു. ഡൈനിങ് ഏരിയയിലും സ്റ്റെയർ ലാൻഡിങ്ങിലും ഗ്ലാസ് ഭിത്തി, ലിവിങ്ങില്‍ നിന്ന് സൈഡ്‌‌ യാർഡിലേക്ക് ഇറങ്ങാൻ നിരക്കി നീക്കാവുന്ന ഗ്ലാസ് ഡോർ, കിടപ്പുമുറികളിലെ വലിയ ജനലുകൾ എല്ലാം കാറ്റിനെയും വെളിച്ചത്തെയും യഥേഷ്ടം സ്വാഗതം ചെയ്യുന്നു.

shinto 4

വ്യത്യസ്തമായ ഫ്ലോറിങ്ങും സീലിങ്ങുമാണ് മറ്റൊരു ആകർഷണം. തടി, ജയ്സാല്‍മീർ, കോട്ട സ്റ്റോൺ, ഇറ്റാലിയൻ മാർബിൾ തുടങ്ങിയവയാണ് വീടിന്റെ വിവിധയിടങ്ങളിൽ പരീക്ഷിച്ചത്. ഇവ ഇടകലർത്തിയും നൽകിയിട്ടുണ്ട്. സീലിങ്ങിൽ തടി, ജിപ്സം എന്നിവ മാറി മാറി പരീക്ഷിച്ചു. വീട്ടുകാരനായ ആസിഫ് തടി വ്യാപാരിയാണ്. പക്ഷേ, തടി കുത്തിനിറച്ചുള്ള ഇന്റീരിയർ പരീക്ഷണത്തിന് മുതിർന്നിട്ടില്ല.

shinto 5

സാധാരണ ഉള്ളതിനെക്കാൾ വലുപ്പം കിടപ്പുമുറികൾക്ക് വേണമെന്നത് വീട്ടുകാരുടെ പ്രധാന ആവശ്യമായിരുന്നു. 13x18 അടിയാണ് മാസ്റ്റർ ബെഡ്റൂമിന്റെ അളവ്. മൂന്ന് കിടപ്പുമുറികൾ താഴത്തെ നിലയിലും ഒരു കിടപ്പുമുറി മുകളിലെ നിലയിലും ക്രമീകരിച്ചു. ബ്ലാക്ക് ആൻഡ് വൈറ്റ് കളർ‌ തീമിൽ ചെറിയ അടുക്കളയിൽ ബ്രേക്ഫാസ്റ്റ് ടേബിൾ നൽകി. വർക്ഏരിയയും ക്രമീകരിച്ചു. മുകളിലെ കിടപ്പുമുറിയിൽ നിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി എക്സ്റ്റീരിയറിലേക്ക് തുറക്കുന്ന ബാൽക്കണിയുണ്ട്. സൈഡ്‌യാർഡിലേക്കു തുറക്കുന്ന മറ്റൊരു ബാൽക്കണിയും മുകളിലെ നിലയിൽ ക്രമീകരിച്ചു.

ഡിസൈൻ: ഷിന്റോ, ജിതിൻ

സ്പേസ് എഡ്ജ്, കോഴിക്കോട്

9747919837

Tags:
  • Vanitha Veedu