അതിവിശാലമായ അകത്തളവും കാറ്റും വെളിച്ചവും പച്ചപ്പും നിറയുന്ന ലാൻഡ്സ്കേപ് ഏരിയകളുമൊക്കെ കാണുമ്പോൾ ആരായാലും ഇത് വലിയ വീടാണെന്ന് തെറ്റിധരിക്കും. യഥാർഥത്തിൽ നാലര സെന്റിലാണ് വീട്. പുറത്തിറങ്ങി മതിൽ ഉൾപ്പെടെ കാണുമ്പോഴേ അത് ബോധ്യമാകൂ. ചെറിയ സ്ഥലത്ത് നിർമിക്കാൻ കഴിയുന്ന െചലവ് കുറഞ്ഞ വീടുകൾക്ക് ഇഷ്ടം പോലെ മാതൃകകളുണ്ട്. എന്നാൽ, ചെറിയ സ്ഥലത്തെ വലിയ വീടുകൾക്ക് മുൻ മാതൃകകൾ അധികമില്ല. നാലര സെന്റിൽ പോലും വലുപ്പവും എല്ലാവിധ സൗകര്യങ്ങളുമുള്ള ‘ലക്ഷ്വറി ഹോം’ ഒരുക്കാം എന്നതിനു തെളിവാണ് കൊച്ചി തേവയ്ക്കലിലെ ഈ വീട്.
‘ദ് ഹൗസ് ദാറ്റ് റെയിൻസ് ലൈറ്റ്’ (പ്രകാശം പൊഴിക്കുന്ന വീട്) എന്നാണ് ആർക്കിടെക്ടുമാരായ ലിജോയും റെനിയും വീടിനിട്ടിരിക്കുന്ന പേര്. നഗരസാഹചര്യങ്ങളിലെ ചെറിയ പ്ലോട്ടിൽ നിർമിക്കാവുന്ന വലിയ വീടിന്റെ ‘പ്രോട്ടോടൈപ്പ്’ (മൂലരൂപം) എന്ന നിലയിലാണ് ഡിസൈൻ തയാറാക്കിയത് എന്ന് ആർക്കിടെക്ട് ടീം സാക്ഷ്യപ്പെടുത്തുന്നു.വീട്ടുകാരായ ഡിജോയും മഞ്ജുവും സ്ഥലം വാങ്ങാനെത്തുമ്പോൾ ചുറ്റുമുള്ള പ്ലോട്ടുകളെല്ലാം ഒഴിഞ്ഞുകിടക്കുകയായിരുന്നു. അധികം വൈകാതെ തന്നെ സ്ഥിതി മാറുമെന്ന ലിജോയുടെ നിഗമനം അച്ചട്ടായി. മൂന്ന് വർഷത്തിനുള്ളിൽ തന്നെ ഒന്നൊഴികെ ബാക്കി പ്ലോട്ടുകളിലെല്ലാം വീടുകളായി.
‘‘ചുറ്റുവട്ടം നിലവിലെ പോലെ തുടരുമെന്ന് വിചാരിച്ച് വീട് ഡിസൈൻ ചെയ്യും. പലർക്കും സംഭവിക്കുന്ന അബദ്ധമാണത്. ഏതായാലും അതിവേഗ നഗരവത്കരണത്തിന്റെ സാധ്യത മുൻകൂട്ടി കണ്ടാണ് ഇവിടെ വീട് ഡിസൈൻ ചെയ്തത്,’’ ലിജോ പറയുന്നു. സോഫ്ട്‌വെയർ എൻജിനീയർമാരാണ് ഡിജോയും മഞ്ജുവും. നാട്ടിൻപുറത്ത് ജനിച്ചു വളർന്നവരാണ് രണ്ടുപേരും. വിശാലമായ പറമ്പും മരങ്ങളുടെ തണലും തണുപ്പുമൊക്കെ നഷ്ടമാകുന്നതായിരുന്നു ഫ്ലാറ്റ് ജീവിതത്തെ സംബന്ധിച്ച ഏറ്റവും വലിയ പരാതി.രാവിലെ ഉണരുമ്പോൾ പച്ചപ്പും കിളികളുടെ കലപിലയുമൊക്കെ ആസ്വദിക്കാനാകണം എന്നതാണ് ഇരുവരും ആർക്കിടെക്ടിനോട് പങ്കുവച്ച ആഗ്രഹം. ഓഫിസിൽ ദീർഘനേരം എസി മുറിക്കുള്ളിൽ കഴിയുന്നതിനാൽ ശ്വാസതടസ്സം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനാൽ വീട്ടിൽ എസി ഒഴിവാക്കണം എന്നും ആവശ്യപ്പെട്ടു.
വീട്ടുകാരുടെ ഹിതമറിഞ്ഞും സ്ഥലപരിമിതി ഉൾക്കൊണ്ടും നടപ്പിലാക്കിയിട്ടുള്ള കുറേ പൊടിക്കൈകൾ. ചെറിയ കാര്യങ്ങളാണെങ്കിലും അവ തരുന്ന സന്തോഷം ചെറുതല്ലെന്നു വീട്ടുകാർ പറയുന്നു. അടുക്കളയിലെ കൗണ്ടർ ഡൈനിങ് സ്പേസിലേക്ക് നീട്ടിയെടുത്ത് ചെറിയൊരു മേശയൊരുക്കിയത് ഒരു ഉദാഹരണം. പലപ്പോഴും കുട്ടികളുടെ പഠനമേശയും ബ്രേക്ഫാസ്റ്റ് കൗണ്ടറുമെല്ലാം ഇവിടമാണ്.അടുക്കളയ്ക്കു പിന്നിലെ ഒന്നര മീറ്റർ സെറ്റ്ബാക്ക് ഏരിയ ഷീറ്റിട്ട് ‘എക്സ്റ്റേണൽ യൂട്ടിലിറ്റി ഏരിയ’ ആക്കിയതാണ് മറ്റൊന്ന്. പുറംപണികൾക്കും സാധനങ്ങൾ നനയാതെ സൂക്ഷിക്കാനുമെല്ലാം ഇതോടെ സ്ഥലമായി.
വീട്ടുകാരുടെ ആഗ്രഹം പോലെ ഒരു മുറിയിലും എസി വച്ചില്ല. വീടിനെ പുണരുന്ന വള്ളിപ്പടർപ്പ് പകരുന്ന തണലും കോർട്‌യാർഡുകൾ നൽകുന്ന വെളിച്ചവും കാരണം പകൽസമയത്ത് വീടിനുള്ളിൽ ലൈറ്റിന്റെയും ഫാനിന്റെയും ആവശ്യം വരാറില്ല. കറന്റ് ബില്ലിലും അതറിയാനുണ്ട്. അഞ്ഞൂറ് രൂപയിൽ താഴെ സ്ഥിരമായി ബിൽ വരുന്നതു കണ്ട് ഉദ്യോഗസ്ഥൻ മീറ്റർ പരിശോധിക്കുക വരെ ഉണ്ടായി. ഏതായാലും വള്ളിപ്പടർപ്പ് വീടിന്റെ മേൽവിലാസമായി മാറിയിരിക്കുകയാണിപ്പോൾ. ‘മരംപോലെ വള്ളിച്ചെടികൾ പടർന്നിട്ടുള്ള വീട്’ എന്നതാണ് നാട്ടുകാരൊക്കെ പറയുന്ന അടയാളം.
1.
2.
ഡിസൈൻ : ലിജോ, റെനി
ലിജോ. റെനി. ആർക്കിടെക്ട്സ്. തൃശൂർ
lijo.reny@gmail.com