Friday 21 May 2021 12:18 PM IST

ചെറിയ സ്ഥലത്തെ വീടിന് ഇതിലും മികച്ച ഉദാഹരണം വേറെയില്ല, അഞ്ച് സെന്റിൽ ട്രോപ്പിക്കൽ കന്റെംപ്രറി ശൈലി വീട്, വീഡിയോ കാണാം

Sreedevi

Sr. Subeditor, Vanitha veedu

dyuthi 1

തൃശൂർ നഗരപ്രാന്തത്തിലുള്ള പറക്കാട്, അഞ്ചര സെന്റ് പ്ലോട്ട് വാങ്ങിയ ശേഷമാണ് രാജീവും ആതിരയും ആർക്കിടെക്ട് ഷമ്മി എ. ഷരീഫിനെ കണ്ടുമുട്ടുന്നത്. ചില പ്രോജക്ടുകൾ സന്ദർശിച്ച് തൃപ്തിയായ ശേഷം വീടു നിർമാണം ഷമ്മിയെ ഏൽപിച്ചു. ഷമ്മിയെ സംബന്ധിച്ച് വെല്ലുവിളികൾ നിറഞ്ഞ പ്രോജക്ട് ആയിരുന്നു ദ്യുതി എന്ന വീട്. വീട്ടുകാരുടെ ആവശ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ 32 അടി വീതിയും 72 അടി നീളവുമുള്ള പ്ലോട്ടിൽ വീട്ടുകാരുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുത്ത് വീടൊരുക്കി നൽകി.

dyuthi 3

വീടിന്റെ ദർശനം കിഴക്കോട്ടാണ്. കോട്ട സ്റ്റോൺ വിരിച്ച വരാന്തയ്ക്കു ചുറ്റും ജലാശയം (koi pond) നിർമിച്ചു. വരാന്തയുടെ തൊട്ടുമുകളിലാണ് മുകളിലെ കിടപ്പുമുറിയോടു ചേർന്ന ബാൽക്കണി. വരാന്തയുടെ ദർശനത്തിന്റെ എതിർവശത്തേക്കു നോക്കുന്ന ഈ ബാൽക്കണി എംഎസ് സ്റ്റീൽ പൈപ്പ് കൊണ്ട് ഭാഗികമായി മറച്ചിരിക്കുന്നു. വീട് കഴിഞ്ഞാൽ മുറ്റത്ത് വളരെ കുറച്ച് സ്ഥലമേയുള്ളൂ. അതുകൊണ്ടുതന്നെ പോർച്ചിനോടു ചേർന്ന് വളരുന്ന ചെടികൾക്ക് സൂര്യപ്രകാശമെത്തിക്കാനും കാഴ്ചയിൽ ഭാരക്കുറവ് തോന്നിക്കാനുമാണ് പോർച്ചിന് ഫ്രോസ്റ്റഡ് ഗ്ലാസ് മേൽക്കൂര നൽകിയത്.

dyuthi 5

വീടിനുള്ളിൽ സാധനങ്ങൾ വാരിവലിച്ചിടാതിരിക്കാൻ സൗകര്യമൊരുക്കണം എന്നത് വീട്ടുകാരുടെ പ്രധാന ആവശ്യമായിരുന്നു. സ്വീകരണമുറിയിലെ സോഫയുടെ അടിവശം സ്റ്റോറേജ് ആക്കിയാണ് ആ ആവശ്യത്തോട് ആർക്കിടെക്ട് പ്രതികരിച്ചത്. ഇരിപ്പിടങ്ങൾക്ക് ആവശ്യമായ സ്ഥലം പുറത്തേക്കു തള്ളി, അകത്ത് പരമാവധി ഇടം കിട്ടുന്ന രീതിയിലാണ് സ്വീകരണമുറി ഡിസൈൻ ചെയ്തത്.വീടിന്റെ ഹൃദയം എന്നാണ് ഡൈനിങ് ഏരിയയെ ആർക്കിടെക്ട് വിശേഷിപ്പിക്കുന്നത്. വീടിന്റെ പച്ചത്തുരുത്തുകളായ കോർട്‌യാർഡിനും പാഷ്യോയ്ക്കും ഇടയിലാണ് ഡബിൾ ഹൈറ്റിലു ള്ള ഡൈനിങ്. ചൂടു വായുവിനെ പുറത്തേക്കും കുളിർ തെന്നലിനെ അകത്തേക്കും കടത്തിവിട്ട് വീടിനകത്തെ താപനില ക്രമീകരിക്കുന്നത് ഈ മുറിയാണ്.

dyuthi 2

കൂടാതെ, മുറികളെ കാഴ്ചയാൽ ബന്ധിപ്പിക്കുന്ന ചുമതല കൂടി ഡൈനിങ് ഏറ്റെടുത്തിട്ടുണ്ട്. സ്വീകരണമുറിയെയും ഡൈനിങ്ങിനെയും വേർതിരിക്കുന്നത് ഗോവണിയാണ്. മുകളിൽ ഗോവണിയുടെ തുടർച്ചയായി ബ്രിഡ്ജ് നിർമിച്ചത് ‘ വിഷ്വൽ കണക്‌ഷനു’ വേണ്ടിയാണ്. ബാത്റൂം അറ്റാച്ഡ് ആയ, ഒരേ വലുപ്പവും സൗകര്യങ്ങളുമുള്ള നാലു കിടപ്പുമുറികളാണ്. നാലു മുറികൾക്കും നിറങ്ങളിലൂടെ വ്യത്യസ്തത നൽകി. താഴത്തെ കിടപ്പുമുറികളിലൊന്ന് വീടിന്റെ മുൻവശത്തുതന്നെ നൽകേണ്ടിവന്നു. വീട്ടുകാരുടെ സ്വകാര്യതയ്ക്ക് മങ്ങലേൽക്കാതിരിക്കാൻ ആ മുറിയിൽ ജനൽ 45 ഡിഗ്രി ചരിച്ചാണ് നിർമിച്ചത്. ഈ ജനൽപടി ഇരിപ്പിടം കൂടിയാണ്. മുറികളിൽ കൂടുതൽ സ്ഥലം കിട്ടാൻ നേരത്തേ പ്ലാൻ ചെയ്ത പ്രകാരം ഒരു വിടവ് (നിഷ്) സൃഷ്ടിച്ച് അവിടെയാണ് കബോർഡുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

dyuthi 6

മുകളിലെ നിലയിലെ പരമാവധി സ്ഥലങ്ങൾ പ്രയോജനപ്പെടുത്തുന്ന വിധത്തിലാണ് പ്ലാൻ വരച്ചത്. ഗോവണിയുടെ ആദ്യത്തെ ലാൻഡിങ്ങിൽ ഒരു റീഡിങ് ഏരിയ ക്രമീകരിച്ചിട്ടുണ്ട്. പുസ്തകങ്ങൾ വയ്ക്കാൻ ഷെൽഫും സംഗീതോപകരണങ്ങൾ പ്രാക്ടീസ് ചെയ്യാനുള്ള ഇടവും ഇവിടെ ക്രമീകരിച്ചു. മുകളിൽ ലിവിങ് ഏരിയ കൂടാതെ, ഒരു ഹോം ഓഫിസ് കൂടി വേണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. വീട്ടിൽ തന്നെ ഒരുപാട് ഓഫിസ് വർക്കുകൾ വരുന്നതിനാൽ ഈ ദമ്പതിമാരുടെ പ്രിയപ്പെട്ട ഇടമാണിവിടം.

dyuthi 4

1.

dyuthi 7

കടപ്പാട്: ഷമ്മി എ ഷരീഫ്

ടെയിൽസ് ഓഫ് ഡിസൈൻ, പെരിന്തൽമണ്ണ

talesofdesignstudio@gmail.com

8943333118

Tags:
  • Vanitha Veedu