Friday 22 July 2022 04:22 PM IST : By സ്വന്തം ലേഖകൻ

വീടുപണി തീരാൻ വർഷങ്ങളെടുക്കില്ല; ഇങ്ങനെയായിരിക്കും ഭാവിയിലെ വീടുകൾ

steel 1

സാധാരണഗതിയിൽ ഒന്നും രണ്ടും വർഷമെടുക്കും വീടു പൂർത്തിയാകാൻ. കോവിഡും ജോലിക്കാരുടെ തിരക്കുമൊക്കെ പണിതന്നാൽ അത് വീണ്ടും നീളാം. എന്നാൽ, വയനാട് സുൽത്താൻ ബത്തേരിയിലെ മോബിഷ് തോമസിന്റെ വീടു പൂർത്തിയാകാനെടുത്തത് വെറും മൂന്ന് മാസം മാത്രം. തട്ടിക്കൂട്ടിയ വീടൊന്നുമല്ല; 1400 ചതുരശ്രയടിയിൽ മൂന്ന് കിടപ്പുമുറികളടക്കം അത്യാവശ്യ സൗകര്യങ്ങളെല്ലാമുള്ള വീട്. ഭംഗിയുടെ കാര്യത്തിലും കുറവൊന്നുമില്ല.

steel 4 സ്റ്റീൽ ഫ്രെയിം തയാറാക്കിയിരിക്കുന്നു

‘എൽജിഎസ്എഫ്എസ്’ അഥവാ ലൈറ്റ് ഗേജ് സ്റ്റീൽ ഫ്രെയിം സ്ട്രക്ചർ രീതിയിലാണ് മോബിന്റെ വീട് നിർമിച്ചിരിക്കുന്നത്. സാധാരണ പോലെ കട്ട കെട്ടി ഭിത്തി നിർമിക്കുന്ന പരിപാടി ഇവിടില്ല എന്നതാണ് പ്രത്യേകത. സ്റ്റീൽ ഫ്രെയിമിലാണ് വീടു തയാറാക്കുന്നത്. ഇതുകൊണ്ട് ഒരുപാട് മെച്ചങ്ങളാണുള്ളത്. സ്ട്രക്ചറിന്റെ ഭാരം തീരെ കുറവായിരിക്കും എന്നതിനാൽ അടിത്തറ ചെലവു കുറച്ചു നിർമിക്കാം. ഇത്തരത്തിൽ കല്ലുകൊണ്ടു നിർമിച്ച അടിത്തറയാണിവിടെ.

steel 3 സ്റ്റീൽ ഫ്രെയിമിൽ ഫൈബർ സിമന്റ് ബോർഡ് പിടിപ്പിക്കുന്നു

ഇതിനു മുകളിൽ ഭിത്തിയുടെ സ്ഥാനത്ത് സ്റ്റീൽ ഫ്രെയിം പിടിപ്പിക്കുന്നതാണ് നിർമാണത്തിന്റെ പ്രധാന ഘട്ടം. ഇതിന് ഇരുവശവും ഫൈബർ സിമന്റ് ബോർഡ് പിടിപ്പിച്ചാൽ ചുമര് റെഡിയായി. 12 എംഎം കനമുള്ള സിമന്റ് ബോർഡാണ് പിടിപ്പിക്കുന്നത്. രണ്ട് ബോർഡുകൾക്കും ഇടയിൽ സ്ഥലം (വാക്വം സ്പേസ്) ഉള്ളതിനാൽ വീടിനുള്ളിൽ ചൂട് കുറയും. ഇവിടെക്കൂടെ വയറിങ്ങിനുള്ള കേബിളുകൾ വലിക്കുകയുമാകാം.

steel 2 സ്റ്റീൽ ഫ്രെയിമും ഡെക്കിങ് ഷീറ്റും

‌സ്റ്റീൽ ഫ്രെയിമിനു മുകളിൽ ഡെക്കിങ് ഷീറ്റ് ഉറപ്പിച്ച് അതിനു മുകളിൽ കനം കുറച്ച് കോൺക്രീറ്റ് ചെയ്താണ് ഇവിടെ രണ്ടാംനിലയുടെ തറ തയാറാക്കിയത്. അതിനു മുകളിൽ സാധാരണ പോലെ ടൈൽ ഒട്ടിക്കുകയും ചെയ്തു. കോൺക്രീറ്റ് ചെയ്യുന്നതിനു പകരം സിമന്റ് ബോർഡ് ഉറപ്പിച്ച് അതിനു മുകളിലായി ടൈൽ ഒട്ടിച്ചും തറ തയാറാക്കാം.

steel 5 വീടിന്റെ ഉൾവശം

സ്റ്റീൽ ട്രസ്സിനു മുകളിൽ ഷിംഗിൾസ് വിരിച്ചാണ് ഇവിടെ രണ്ടാംനിലയുടെ മേൽക്കൂര തയാറാക്കിയത്. അടിത്തറ ഒഴികെ ബാക്കിയെല്ലാം അഴിച്ചെടുക്കുകയും പുനരുപയോഗിക്കുകയും ചെയ്യാം എന്നതാണ് പ്രത്യേകത. വളരെ വേഗം വീടുപണി പൂർത്തിയാകുകയും ചെയ്യും.

steel 6 സ്റ്റീൽ ഫ്രെയിം

സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, അടുക്കള, വർക്ഏരിയ, മൂന്ന് കിടപ്പുമുറി, ബാൽക്കണി എന്നിവയാണ് വീട്ടിലുള്ളത്. ഇന്റീരിയർ അടക്കം 34 ലക്ഷം രൂപയ്ക്കു പൂർത്തിയായി. സ്റ്റീൽ ഫ്രെയിമിൽ കെട്ടിടങ്ങൾ നിർമിച്ചു നൽകുന്ന കോഴിക്കോട് ആസ്ഥാനമായ ഒഡിഎഫ് ഗ്രൂപ്പിന്റെ മേൽനോട്ടത്തിലായിരുന്നു വീടുപണി.

steel 7 മോബിഷ് തോമസും കുടുംബവും

ഉടമ: മോബിഷ് തോമസ്, സ്ഥലം: സുൽത്താൻ ബത്തേരി, വയനാട്, വിസ്തീർണം: 1400 സ്ക്വയർഫീറ്റ്, ഡിസൈൻ: ഹഷിം മുഹമ്മദ്, നിർമാണം: ടി.കെ. മജീദ്,  ഒഡിഎഫ് ഗ്രൂപ്പ്

Tags:
  • Architecture