Friday 19 March 2021 03:22 PM IST

മുറ്റവും ടെറസുമില്ല, ആകെയുള്ളത് ഇത്തിരിപ്പോന്ന ബാൽക്കണി: പാലക്കും തക്കാളിയും വിളയിച്ച് ഈ കുടുംബം

Sreedevi

Sr. Subeditor, Vanitha veedu

garden 1

രാജ്യമാകെ കോവിഡിന്റെയും ലോക്ഡൗണിന്റെയും പരിഭ്രാന്തിയിൽ... ഹൈദരാബാദിലെ ഫ്ലാറ്റിൽ നിന്ന് പുറത്തിറങ്ങാൻ ആകാതെ വീർപ്പുമുട്ടിയിരിക്കുന്ന സമയം. വർക് ഫ്രം ഹോമിൽ മാത്രമൊതുങ്ങുന്ന വിരസ ദിനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കംപ്യൂട്ടർ എൻജിനീയർമാരായ സുജിത്തും അഞ്ജലിയും കൃഷിയെക്കുറിച്ച് ആലോചിച്ചത്. സുജിത്തിന്റെ അമ്മ രാധയും ആവേശത്തോടെ മുന്നിട്ടിറങ്ങിയപ്പോൾ ഇത്തിരിപ്പോന്ന ബാൽക്കണിയിൽ പച്ചക്കറികൾ പൂത്തും തളിർത്തും കായ്ച്ചും തുടങ്ങി. സുജിത്തിന്റെയും അഞ്ജലിയുടെയും മൂന്ന് വയസ്സുകാരിയായ മകൾ മിഷ്ടി പോലും പച്ചക്കറി കൃഷി ആസ്വദിക്കുന്നുണ്ട്. തക്കാളി, പച്ചമുളക്, വെണ്ട, പയർ, പാലക്ക്, ചുവന്ന ചീര, മല്ലിയില, പുതിനയില... ഇങ്ങനെ വീട്ടിൽ സാധാരണ ഉപയോഗിക്കുന്ന പച്ചക്കറികൾ എല്ലാം ബാൽക്കണിയിൽ ഉണ്ടായിത്തുടങ്ങി.

garden 3

വീട്ടിലേക്കു വാങ്ങിയ ഉരുളക്കിഴങ്ങിന്റെ മുളച്ചഭാഗം മുറിച്ചുനട്ടത് മുളച്ചെങ്കിലും ആദ്യം കിഴങ്ങുണ്ടായില്ല. പിന്നത്തെ ശ്രമത്തിൽ രണ്ട് കിഴങ്ങ് കിട്ടിയതിന്റെ പ്രചോദനത്തിൽ മൂന്നാംവട്ട കൃഷി തുടങ്ങിയിട്ടുണ്ടെന്ന് അഞ്ജലി. കാപ്സിക്കവും കാബേജുമാണ് മറ്റു പരീക്ഷണങ്ങൾ. ഗ്രോബാഗിലാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കുറച്ച് പ്ലാസ്റ്റിക് ചട്ടികളും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പാത്രങ്ങളും കൃഷിക്ക് ഉപയോഗിക്കുന്നുണ്ട്.

garden 4

നഴ്സറിയിൽ നിന്നു വാങ്ങിയ മണ്ണും കൊക്കോപിത്തും നടീൽ മാധ്യമമാകുന്നു. വിപണിയിൽ നിന്നു വാങ്ങുന്ന കംപോസ്റ്റും ജൈവവളങ്ങളുമാണ് പ്രധാനമായി ചെടികൾക്കിടുന്നത് വേപ്പെണ്ണ, വെളുത്തുള്ളി, പച്ചമുളക് എന്നിവയൊക്കെ കൊണ്ടുള്ള കഷായം കീടങ്ങളെ തുരത്താൻ ഉപയോഗിക്കുന്നു. ബാൽക്കണിയുടെ നിലം മാത്രമല്ല, ഗ്രില്ലും പ്രയോജനപ്പെടുത്തുന്നതിനാലാണ് ഇത്രയുമധികം പച്ചക്കറികൾ കൃഷി ചെയ്യാൻ സാധിക്കുന്നത്. ഗ്രില്ലിൽ കൊളുത്തിയിടാൻ പറ്റുന്ന തരത്തിലുള്ള ചട്ടികൾ വാങ്ങി. ലോക്ഡൗൺ കഴിഞ്ഞിട്ടും കൃഷി സജീവമായി തുടരുന്നതിന്റെ മുഴുവൻ ക്രെഡിറ്റും സുജിത്തിനും അമ്മയ്ക്കുമാണ് അഞ്ജലി നൽകുന്നത്.

garden 2
Tags:
  • Vanitha Veedu