Friday 08 April 2022 01:03 PM IST

ചട്ടി നിറഞ്ഞു കിടക്കുന്ന പച്ചപ്പിന്റെ പുതപ്പ് - ആ സുന്ദര കാഴ്ചയാണ് പന്നൽച്ചെടി അഥവാ ഫേൺ

Sreedevi

Sr. Subeditor, Vanitha veedu

fern 1

മതിലിലും മറ്റും പറ്റിച്ചേർന്നു വളരുന്ന പന്നൽ ചെടികൾ ഭംഗിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല എന്ന് പൂന്തോട്ട പ്രേമികൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. പലയിടത്തും പൂന്തോട്ടത്തിന്റെ പ്രധാന ആകർഷണമായി ഇവ മാറിക്കഴിഞ്ഞു.

ബോസ്റ്റൺ ഫേൺ, കോട്ടൻ കാൻഡി ഫേൺ, ഗോൾഡൻ ഫേൺ, ബേർഡ് നെസ്റ്റ് ഫേൺ, ബട്ടൺ ഫേൺ, വുഡ് ഫേൺ, ഫോക്സ്ടെയിൽ ഫേൺ, ഫിഷ്ടെയിൽ ഫേൺ... ഇവ കേരളത്തിലെ കാലാവസ്ഥയോടു യോജിക്കും. മാത്രമല്ല, മതിലിൽ പറ്റിപ്പിടിച്ചു വളരുന്ന മെയ്ഡൻസ് ഹെയർ, സ്റ്റാഗ്ഹോൺ ഫേൺ തുടങ്ങിയവയും പൂന്തോട്ടത്തിന്റെ ഭാഗമാക്കാം.

പ്ലാസ്റ്റിക് അല്ലെങ്കിൽ മൺചട്ടികളിൽ ഫേൺസ് നന്നായി വളർത്താം. തൂക്കുചട്ടികളിലാണ് കൂടുതൽ ഭംഗിയായി നിൽക്കുക. അകത്തളങ്ങളിൽ വളരുമെങ്കിലും വീടിനു പുറത്തും നേരിട്ട് ശക്തിയായി വെയിലടിക്കാത്ത കോർ‌ട്‌യാർഡുകളിലേക്കുമാണ് കൂടുതൽ യോജിക്കുക. നേരിട്ട് വെയിൽ അടിച്ചാൽ ഇലകൾ നിറം മങ്ങിപ്പോകും. വെയിൽ അധികമാണെങ്കിൽ 50 ശതമാനം ഷേഡ്നെറ്റ് കൊടുക്കാം. വെള്ളം കുറഞ്ഞാൽ ഇലകൾ കരിയാനും കൊഴിയാനും തുടങ്ങും. കഴിവതും രണ്ടുനേരം നനയ്ക്കണം. എന്നാൽ വെള്ളം കെട്ടിക്കിടക്കാനും അനുവദിക്കരുത്. മിസ്റ്റ് ഇറിഗേഷൻ ഫേൺസിന് വളരെ ഫലപ്രദമാണ്.

fern 3

ചട്ടിയുടെ ഏറ്റവും അടിയിൽ രണ്ട് ഇഞ്ച് കനത്തിൽ കരിയിട്ടുകൊടുക്കുന്നത് അധികജലം വാർന്നുപോകുന്നതിനും കുമിഴ് രോഗം വരാതിരിക്കാനും നല്ലതാണ്. അതിനു മുകളിൽ ചകിരിക്കഷണങ്ങൾ അഥവാ തൊണ്ടിൻ കഷണങ്ങൾ (coco chips) കൊക്കോ പീത് (coco peat), മണൽ ഇവ മൂന്നും തുല്യ അളവിൽ എടുത്ത് അതിൽ കുറച്ച് ചാണകപ്പൊടിയോ മണ്ണിരക്കമ്പോസ്റ്റോ ചേർത്ത് കൊടുക്കണം. ആട്ടിൻ കാഷ്ഠം, ഇലപ്പൊടി ഇവയും ഫേൺസിന് വളരെ നല്ലതാണ്.

മിക്ക പന്നൽച്ചെടികളുടെയും വേര് അധികം ആഴത്തിൽ പോകാറില്ല. അതുകൊണ്ട് വുഡ് ഫേൺ പോലെ നിലത്തു വയ്ക്കുന്ന ചില ചെടികൾക്ക് താങ്ങ് ആവശ്യമായിവരാം.

fern 4

ഒരു ലീറ്റർ ഗോമൂത്രം 20 ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഒഴിച്ചു കൊടുക്കുകയോ സ്പ്രേ ചെയ്തു കൊടുക്കുകയോ ചെയ്യുന്നത് ഫേൺസിന്റെ വളർച്ചയ്ക്ക് നല്ലതാണ്. രാസവളമാണെങ്കിൽ എൻപികെ 19:19:19 അല്ലെങ്കിൽ 20:20:20 ഒരു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് സ്പ്രേ ചെയ്തു കൊടുക്കാം. ഇത് 15 ദിവസത്തിലൊരിക്കൽ മതി. മഗ്‌നീഷ്യം സൾഫേറ്റ് (epsom salt) ഒരു ലീറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം ചേർത്ത് സ്പ്രേ ചെയ്തു കൊടുക്കുന്നത് ഇലകൾക്ക് നല്ല പച്ചനിറം കിട്ടാൻ നല്ലതാണ്.

കുമിൾനാശിനി മാസത്തിലൊരിക്കൽ ഒരു എംഎൽ ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് സ്പ്രേ ചെയ്തു കൊടുക്കുന്നത് കുമിൾ ബാധയുണ്ടാകാതിരിക്കാൻ സഹായിക്കും. വേരിൽ നിന്ന് പൊട്ടിമുളയ്ക്കുന്ന തൈകളെ മാറ്റി നട്ട് പുതിയ ചെടി ഉൽപാദിപ്പിക്കാം. പുറത്തേക്കു നീണ്ടുവരുന്ന വേരിൽ എയർപ്ലാന്റിന്റെ തൈ ഉൽപാദിപ്പിക്കുന്ന പോലെ പല ഫേണുകളിലും തൈ ഉണ്ടാകാറുണ്ട്. അവ മണ്ണിൽ വച്ച് പുതിയ തൈ ഉൽപാദിപ്പിക്കാം.

fern 2

കൂടുതൽ വെയിൽ തട്ടാത്ത, പ്രകാശമുള്ള സ്ഥലത്ത് നടുകയും സ്ഥിരമായി നനയ്ക്കുകയും ചെയ്താൽ മതി, ഫേൺ ചട്ടി നിറഞ്ഞു കവിഞ്ഞ് ചെടികൾ പുറത്തേക്ക് വളരും. പൂന്തോട്ടം നിറഞ്ഞു നിൽക്കുന്നതുപോലെ അനുഭവപ്പെടുകയും ചെയ്യും.

വിവരങ്ങൾക്കു കടപ്പാട് : പി.കെ രാജീവ്, പൂന്തോട്ട നിർമാണ വിദഗ്ധൻ, കൊച്ചി

Tags:
  • Lanscapes