വീടിന്റെ മുറ്റത്തു പൂക്കൾ വിടർന്നു നിൽക്കുന്നത് ആസ്വദിക്കാത്തവരായി ആരുണ്ട്. എന്നാൽ വീട്ടുമുറ്റത്ത് പൂച്ചെടികൾക്കൊപ്പം ഫലവൃക്ഷങ്ങളും വേണം എന്ന് ചിന്തിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. കൊല്ലം ചടയമംഗലത്തുള്ള ജാബിർ പഴയ വീട് പുതുക്കിപ്പണിതപ്പോൾ മുറ്റത്ത് നല്ലൊരു പഴത്തോട്ടവും ഒരുക്കി.
നാടൻ ഫലവൃക്ഷങ്ങളായ മാവും പ്ലാവും മാത്രമല്ല ഈ ഫലവൃക്ഷത്തോട്ടത്തിൽ ഉള്ളത്. സുരിനാംചെറിയും മുസംബിയും മുന്തിരിപ്പേരയും ലിച്ചിയുമെല്ലാം ഈ എട്ട് സെന്റിലുണ്ട്. മിക്ക ചെടികളും പൂവിട്ടും കായ്ച്ചും തുടങ്ങിയപ്പോൾ വീട്ടാവശ്യത്തിനു വേണ്ട പഴങ്ങളെല്ലാം മുറ്റത്തുനിന്നുതന്നെ കിട്ടിത്തുടങ്ങി. ഏലവും കറുവയും കുരുമുളകും ഗ്രാംമ്പൂവുമെല്ലാം ഈ തോട്ടത്തിന് സുഗന്ധം നൽകുന്നു. ഉയർന്ന പ്രദേശങ്ങളിൽ മാത്രം വളരുമെന്ന് നാം കരുതിയിരുന്ന ഏലം ഇവിടെ പൂവും കായുമായി നിൽക്കുന്ന കാഴ്ച കാണാം.
വെള്ള, ചുവപ്പ് നിറങ്ങളിലുള്ള പൂക്കൾ ഉണ്ടാകുന്ന അഗത്തി ചീര പച്ചക്കറി ആയി മാത്രമല്ല, വീടിന്റെ ഭംഗി കൂട്ടാനും സഹായിക്കുന്നു. രാമച്ചമാണ് മറ്റൊരു സ്പെഷൽ ചെടി. കുള്ളൻ തെങ്ങുകളും കവുങ്ങുമെല്ലാം ജാബിറിന്റെ വീട്ടുമുറ്റത്തുണ്ട്.
ചരിഞ്ഞു കിടക്കുന്ന ഭൂമിയെ ഭൂവസ്ത്രം ഉപയോഗിച്ച് മണ്ണൊലിപ്പ് തടഞ്ഞ് പുല്ല് നട്ടുപിടിപ്പിച്ചിട്ടുമുണ്ട് ജാബിർ. മനോഹരമായ ലാൻഡ്സ്കേപ്പിലാണ് ഈ ഫലവൃക്ഷങ്ങൾ നിൽക്കുന്നത് എന്നത് വീടിന് ഭംഗി കൂട്ടുന്നുമുണ്ട്. ചെടി പരിപരണത്തിന് ചടയമംഗലത്ത് ഉള്ള പുതുശ്ശേരി ഗാർഡൻസിന്റെ സഹായവും ജാബിറിന് ലഭിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ വളരില്ല, പൂക്കില്ല, കായ്ക്കില്ല എന്നൊക്കെ പറഞ്ഞ് ഒരു മരത്തെയും ഒഴിവാക്കേണ്ടതില്ല എന്നാണ് ജാബിർ പറയുന്നത്.