Saturday 29 May 2021 04:22 PM IST

പൂന്തോട്ടം, മീൻകുളം, പച്ചക്കറി തോട്ടം, പ്രളയത്തെ തോൽപ്പിച്ചത് പല തവണ, പിന്നോട്ടില്ലെന്നുറപ്പിച്ച് വിൻസന്റ് താടിക്കാരൻ

Sreedevi

Sr. Subeditor, Vanitha veedu

garden 2

ഒരു തവണ വെള്ളം കയറിയതോടെ കൃഷി മുഴുവൻ നശിച്ചു, അതോടെ എല്ലാം നിർത്തി. എല്ലാ വർഷവും ഈ പ്രളയമല്ലേ....ഈ നിരാശ കൃഷിയിൽ തൽപരരായ പലരും പങ്കുവയ്ക്കാറുണ്ട്. കുറച്ചു വർഷങ്ങളായി പ്രളയം ഒരു പുതിയ കഥയല്ല കേരളത്തിൽ. പ്രത്യേകിച്ച്, തീരദേശവാസികൾക്കിടയിൽ. കൊടുങ്ങല്ലൂർ മതിലകത്തിനടുത്ത് എടത്തിരുത്തിയിലുള്ള വിൻസെന്റ് താടിക്കാരൻ സ്ഥിരമായിത്തന്നെ പ്രളയം അതിജീവിച്ചാണ് മികച്ച കർഷകനുള്ള പുരസ്‌കാരം വാങ്ങിക്കൂട്ടുന്നത്. 

garden 1

മുന്നൂറു വർഷം പഴക്കമുള്ള താടിക്കാരൻ തറവാട് പൂർണമായും പച്ചപ്പിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. മൂന്നു മാസം കൂടുമ്പോൾ വെട്ടി വൃത്തിയായി സൂക്ഷിക്കുന്ന ലോൺ ആണ് വീട്ടിലേക്ക് സ്വാഗതം ചെയ്യുക. പച്ചപ്പിനിടയിലൂടെ പാഞ്ഞുപോകുന്ന ടൈൽ വിരിച്ച വഴി മുറ്റത്തെ വലിയ മാവിന്റെ  തണലിൽ എത്തിക്കുന്നു.  എണ്ണൂറോളം പോട്ടുകൾ ഉപയോഗിച്ച് ചെയ്ത വെർട്ടിക്കൽ ഗാർഡൻ മാത്രമല്ല, ചട്ടികളിലും തൂക്കുചട്ടികളിലും വച്ച ചെടികളും മികച്ച പരിചരണം കിട്ടുന്നവയാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാം. ഓരോ പ്രളയം കഴിഞ്ഞാലും ചെടികളെ തിരിച്ചു കൊണ്ടുവരാൻ താടിക്കാരൻ കുടുംബം എടുക്കുന്ന ശ്രദ്ധ പ്രശംസനീയമാണ്. അകത്തളത്തിലും നടുമുറ്റത്തുമെല്ലാം ലോണും ചെടികളും വൃത്തിയായി സംരക്ഷിച്ചിരിക്കുന്നു. 

garden 4

ലോണിനിടയിൽ ഇരിപ്പിടങ്ങളും ഗ്രോട്ടോയുമെല്ലാം സ്ഥാപിച്ച് ഹാർഡ് സ്കേപ്പിന്റെ സാധ്യതകൾ കൂടി പരമാവധി പ്രയോജനപ്പെടുത്തി. എന്നാൽ ചെടികൾക്കു വേണ്ടി മറ്റു വിളകളെ തഴഞ്ഞിട്ടുമില്ല എന്നത് ശ്രദ്ധേയമാണ്. ലോണിനിടയിൽ തെങ്ങും ജാതിയുമെല്ലാം പൂന്തോട്ടത്തിന്റെ ഭംഗി കളയാതെ തന്നെ പരിപാലിച്ചിട്ടുണ്ട്. വാഴ, പച്ചക്കറി കൃഷികളെല്ലാം മാതൃകാപരമായാണ് ഇവർ ചെയ്യുന്നത്. പഞ്ചായത്തിലെ മികച്ച കർഷകനുള്ള പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു സമ്മാനിക്കുന്നതിൽ കോഴിതാറാവ്മീൻ വളർത്തലിനും വലിയ പങ്കുണ്ട്. വീട്ടുമുറ്റത്തെ കുളം മീൻ വളർത്താൻ ഉപയോഗിക്കുന്നു. വീട്ടിൽ തന്നെ തയാറാക്കിയ ജൈവവളവും കമ്പോസ്റ്റുമാണ് പച്ചക്കറികൾക്കും വാഴയ്ക്കുമെല്ലാം നൽകുന്നത്. കഴിഞ്ഞ സീസണിൽ മാമ്പഴം വിറ്റും നല്ല ലാഭം നേടാൻ വിൻസെന്റിനു കഴിഞ്ഞു.സ്ഥിരോത്സാഹത്തോടെ ജോലി ചെയ്താൽ കൃഷി ശാരീരികമായും മാനസികമായും സാമ്പത്തികപരമായും സന്തോഷം തരുമെന്ന് വിൻസെന്റ് താടിക്കാരൻ സ്വന്തം അനുഭവത്തിൽ നിന്ന് പറയുന്നു.

garden 3
Tags:
  • Vanitha Veedu