വലിയ പണം കൊടുത്ത് വീടും ഗാാർഡനും ഭംഗിയാക്കാൻ ഉൽപന്നങ്ങൾ വാങ്ങിക്കൂട്ടുന്നവരാണ് അധികവും. എന്നാൽ കണ്ണു തുറന്ന് നോക്കിയാൽ കണ്ടെത്താൻ കഴിയുന്ന വസ്തുക്കൾ നിരവധിയാണ്. ചെറിയ മിടുക്കുണ്ടെങ്കിൽ അവയുടെ രൂപംമാറ്റി ആകർഷകമാക്കാം. കോഴിക്കോട് അത്തോളി സ്വദേശി ദൃശ്യ അജയ് ഇക്കാര്യത്തിൽ മിടുക്കിയാണ്.

ഉപയോഗ ശൂന്യമായത് ഒന്നുമില്ല എന്നതാണ് ദൃശ്യയുടെ പക്ഷം. പെയിന്റ് ടിൻ, ടയർ, വാട്ടർ ബോട്ടിൽ, ചിരട്ട, മദ്യക്കുപ്പി, പിവിസി പൈപ്പ് തുടങ്ങി കാണുന്നതെല്ലാം ഏതെങ്കിലും തരത്തിൽ പ്രയോജനപ്പെടുത്തും. ഗാർഡനിങ്ങിലേക്ക് ശ്രദ്ധ തിരിഞ്ഞതിനു ശേഷമാണ് എന്തും പ്രയോജനപ്പെടുത്താം എന്ന ചിന്ത ഉദിച്ചത്. ചെടികളുടെ വൈവിധ്യത്തിലായിരുന്നു ആദ്യം ശ്രദ്ധിച്ചതെങ്കിലും പതുക്കെ പൂന്തോട്ടം ഭംഗിയാക്കാൻ ചുറ്റുപാടുമുള്ള വസ്തുക്കൾ ഉപയോഗിച്ചു തുടങ്ങി.

പെയിന്റ് ടിൻ, ഭക്ഷണം പാർസൽ വരുന്ന പ്ലാസ്റ്റിക് പാത്രം, വേസ്റ്റ് വരുന്ന പിവിസി പൈപ്പ്, ടയർ തുടങ്ങിയവയെല്ലാം ചെടിച്ചട്ടികളാക്കി മാറ്റി. അവയിൽ പെയിന്റ് ചെയ്തും ഭംഗിയാക്കി. വീടിനകത്തും ഇവ ഭംഗിയായി ക്രമീകരിക്കാം. ലോക്ക്ഡൗൺ കാലമായതോടെ സ്വിച്ച് ബോർഡ് ആർട്, ബോട്ടിൽ ആർട്ട് തുടങ്ങിയവയിലും കൈവച്ചു ആർക്കിടെക്ട് വിദ്യാർത്ഥിയും ഇന്റീരിയർ ഡിസൈനിങ് അധ്യാപിക കൂടിയായ ദൃശ്യ.