Saturday 08 September 2018 02:36 PM IST : By ശ്രീദേവി

പ്രളയം കൊണ്ടു പോയ പൂന്തോട്ടങ്ങൾക്ക് നൽകാം പുതുജീവൻ; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

gardening

വെള്ളം കയറി പല വീടുകളുടെയും മുറ്റത്തും ബാൽക്കണിയിലും ചിലയിടത്ത് ടെറസിൽപോലുമുള്ള കൃഷി, പൂന്തോട്ടം ഇവയെല്ലാം നശിച്ചു. എല്ലാം ഒന്നിൽനിന്നു തുടങ്ങേണ്ട അവസ്ഥയാണ്. പൂന്തോട്ടവും പച്ചക്കറിത്തോട്ടവും പുനർനിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

1.പൂന്തോട്ടവും കൃഷിസ്ഥലവും ശരിയാക്കിയെടുക്കുന്നതിന്റെ ആദ്യഘട്ടം എന്താണ്?

ചെടികളുടെയോ മരങ്ങളുടെയോ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ ചരിവ് ഉള്ള സ്ഥലത്തേക്ക് ചാലുകൾ കീറി വെള്ളം ഒഴുക്കിവിടുകയാണ് ആദ്യം ചെയ്യേണ്ടത്. ചെടിയുടെ ചുവട് നന്നായി ഉണങ്ങാൻ സമയം കൊടുക്കുക. അതിനുശേഷം മതി മറ്റു പരിചരണങ്ങൾ.

2.പല വീടുകളുടെയും അകത്തും പുറത്തും ചെളി നിറഞ്ഞിരിക്കുന്ന അവസ്ഥയാണ്. ഈ ചെളി പൂന്തോട്ടത്തിലോ കൃഷിത്തോട്ടത്തിലോ പ്രയോജനപ്പെടുത്താൻ കഴിയുമോ?

പണ്ട് പുഴ കൊണ്ടുവരുന്ന എക്കൽ മൂലകങ്ങളാൽ സമൃദ്ധമായിരുന്നു. ഇപ്പോൾ മനുഷ്യൻ എല്ലാതരം മാലിന്യങ്ങളും കൊണ്ടുതട്ടുന്നത് പുഴയിലായതിനാൽ ഈ മണ്ണ് ഉപയോഗയോഗ്യമല്ല. ഫാക്ടറി മാലിന്യങ്ങളുടെ സാന്നിധ്യം പുഴവെള്ളത്തിൽ അനുഭവപ്പെട്ടിട്ടുള്ളതിനാൽ വിഷാംശവും ആരോഗ്യത്തിന് ഹാനികരമായ ഹെവിമെറ്റലുകളുടെ സാന്നിധ്യവും ഈ മണ്ണിലുണ്ടാകാം. അതുകൊണ്ടുതന്നെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുവന്ന മണ്ണ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. എന്നാൽ വ്യാവസായിക മേഖലയിലല്ല വീടെങ്കിൽ മണ്ണ് തെങ്ങിന്റെ ചുവട്ടിൽ ഇട്ടുകൊടുക്കുന്നതുകൊണ്ട് ദോഷമില്ല.

garden-3

3. വെള്ളം കെട്ടി നിൽക്കുമ്പോൾ മുറ്റത്തെയും പറമ്പിലെയും മണ്ണിന്റെ ഘടനയ്ക്ക് വ്യത്യാസം വന്നിട്ടുണ്ടാകും. ഇതിനെ പഴയ രീതിയിലാക്കാൻ എന്തെല്ലാം ചെയ്യാം?

മണ്ണ് എത്ര കനത്തിൽ അടിഞ്ഞിട്ടുണ്ടെന്ന് പരിശോധിക്കണം. അടിഞ്ഞു കൂടിയ മണ്ണ് കൂടാതെ 15–20 സെമീ ആഴത്തിലുള്ള പഴയ മണ്ണുകൂടി നീക്കം ചെയ്താൽ നന്ന്. മണ്ണിന്റെ ഘടനയിലും മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. മണ്ണിൽ ഇറങ്ങുന്ന വെള്ളം താഴ്ന്നുപോകാൻ സഹായിക്കുന്ന മണൽ വലുപ്പമുള്ള തരികളും ചെറിയ കല്ലുകളും വെള്ളത്തിൽ ഒലിച്ചുപോയിട്ടുണ്ടാകാം. വെള്ളം വാർന്നുപോയശേഷം മണ്ണ് കിളച്ച് ഉപയോഗിക്കാം.

4. അഴുകിപ്പോയ പുൽത്തകിടി എങ്ങനെ പുനർസൃഷ്ടിക്കാം? വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന ഏതെങ്കിലും പുല്ലുകൾ ഉണ്ടോ?

മൂന്നോ നാലോ ദിവസം വെള്ളത്തിനടിയിൽ നിന്നാൽ അഴുകിപ്പോകുന്നവയാണ് ഇപ്പോൾ പുൽത്തകിടിയിൽ ഉപയോഗിക്കുന്ന പുല്ലുകളെല്ലാം. വീണ്ടും നിർമിക്കുക മാത്രമാണ് മാർഗം. വെള്ളത്തെയും വരൾച്ചയെയും അതിജീവിക്കണം, ഇലകളുടെ ടെക്സ്ചർ നല്ലതാവണം, വെട്ടിക്കൊടുത്താൽ വളരണം, രോഗങ്ങളെ പ്രതിരോധിക്കണം ഇങ്ങനെ പല ഗുണങ്ങൾ വേണം ലോണിൽ വിരിക്കുന്ന പുല്ലുകൾക്ക്. നാടൻ പുല്ലുകൾ പലതും ഈ ഗുണങ്ങളെല്ലാം ഉള്ളവയാണ്. ഉദാഹരണത്തിന് കറുക. വിത്ത് വാങ്ങാൻ കിട്ടുകയും ചെയ്യും. ഫുട്ബോൾ ഗ്രൗണ്ടുകളിലെല്ലാം ഉപയോഗിക്കുന്ന കാർപെറ്റ് ഗ്രാസ് (Zoysia പോലുള്ളവ), സെയ്ന്റ് അഗസ്റ്റീൻസ് ഗ്രാസ് ഇവയെല്ലാം നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. മേൽപറഞ്ഞ ഗുണങ്ങളെല്ലാമുണ്ട്, മൂന്നോ നാലോ ദിവസം വെള്ളത്തിൽ നിന്നാലും അഴുകിപ്പോകുകയുമില്ല.

garden-4

5. നിലത്തുനട്ട ചെടികളിൽ/മരങ്ങളിൽ അഴുകിപ്പോകാത്തവ ഉണ്ടെങ്കിൽ അതിനെ പുനരുജ്ജീവിപ്പിക്കാൻ മാർഗമുണ്ടോ?

വേരിന്റെ ഘടനയനുസരിച്ചാണ് ചെടികളുടെയും മരങ്ങളുടെയും അതിജീവനത്തിനുള്ള കഴിവ്. മോണോപോഡിയൽ ആയ ചെടികൾ, അഥവാ ഒറ്റത്തണ്ടിൽ വളരുന്ന ചെടികൾ കൂടുതൽ ദിവസം വെള്ളത്തിൽ നിന്നാൽ അഴുകിപ്പോകാനുള്ള സാധ്യത കൂടുതലാണ്. വാഴ, ചേന, ചേമ്പ് പോലുള്ള വിളകൾ ഇത്തരത്തിൽപെട്ടതാണ്. എന്നാൽ മാവ്, പ്ലാവ് പോലുള്ള വൃക്ഷങ്ങളും വേര് പരന്ന് മണ്ണിലിറങ്ങുന്ന മറ്റ് ചെടികളും വെള്ളപ്പൊക്കത്തെ അതിജീവിക്കും. ശിഖരങ്ങൾ കോതിനിർത്തിയാൽ മതി.

6. അടുത്ത കൃഷിക്കു മുമ്പ് മണ്ണ് പരിശോധിക്കണോ? മണ്ണ് പരിശോധിക്കാനുള്ള സൗകര്യങ്ങൾ എവിടെയെല്ലാം ഉണ്ട്?

തീർച്ചയായും മണ്ണ് പരിശോധിച്ചശേഷം വേണം കൃഷി തുടങ്ങാൻ. മണ്ണ് മാത്രമല്ല, വെള്ളവും പരിശോധിക്കണം. പറമ്പിന്റെ പല ഭാഗങ്ങളിൽനിന്നെടുക്കുന്ന മണ്ണു വേണം പരിശോധനയ്ക്കെടുക്കാൻ. ഒന്നിൽ കൂടുതൽ ജലസ്രോതസസ്സുകൾ ഉണ്ടെങ്കിൽ അവ എല്ലാറ്റിൽനിന്നുമുള്ള വെള്ളവും പരിശോധിക്കുക. അതതു ജില്ലകളിലെ കൃഷി ഓഫിസറെ കണ്ട്, അവരുടെ നിർദേശപ്രകാരം മണ്ണ് പരിശോധിക്കുന്നതാണ് നല്ലത്. എല്ലാ ജില്ലകളിലുമുള്ള കൃഷി ഓഫിസുകളിലും അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റികളിലും സൗജന്യമായി മണ്ണ് പരിശോധിക്കാനുള്ള സംവിധാനമുണ്ട്. ഒരു ദിവസത്തിനുള്ളിൽ ഫലം ലഭിക്കുകയും ചെയ്യും.

7. ചട്ടികളിൽ വീണ്ടും ചെടി നടുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?

ടെറാക്കോട്ട, സിമന്റ് ചട്ടികളെല്ലാം താഴെ വീഴാനും പൊട്ടാനും അതിലെ മണ്ണ് നഷ്ടപ്പെടാനും സാധ്യതയുണ്ട്. പഴയ പോട്ടിങ് മിശ്രിതം പൂർണമായി മാറ്റി, പുതിയത് നിറച്ച് അതിൽ ചെടി നടുന്നതാണ് നല്ലത്. ചട്ടികൾ ഓരോന്നും വൃത്തിയായി കഴുകണം. ബ്ലീച്ചിങ് പൗഡർ കുഴമ്പുരൂപത്തിലാക്കി ചട്ടികളിൽ പുരട്ടി വച്ചതിനുശേഷം കഴുകിക്കളയാം. വെയിലിൽ ഉണക്കിയശേഷം പോട്ടിങ് മിശ്രിതം നിറച്ച് ചെടികൾ നടുക.

8. മുറ്റത്തെ ആമ്പൽക്കുളവും ചെറിയ പോണ്ടുകളുമെല്ലാം എങ്ങനെ സാധാരണനിലയിലാക്കാം?

മുറ്റത്ത് രണ്ടുതരത്തിലുള്ള കുളങ്ങൾ ഉണ്ടാക്കാറുണ്ട്. കോൺക്രീറ്റ് കൊണ്ടും ഫ്ലെക്സിബിൾ ലൈനർ മെറ്റീരിയൽ കൊണ്ടും. ഫ്ലെക്സിബിൾ ലൈനർ മെറ്റീരിയൽ ആണെങ്കിൽ ഷീറ്റ് എടുത്ത് കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാം. കോൺക്രീറ്റ് പോണ്ട് ആണെങ്കിൽ മീനിനെ ശുദ്ധജലത്തിലേക്കു മാറ്റി, വെള്ളം മുഴുവൻ കളഞ്ഞ് ഉരച്ചു കഴുകി അഴുക്കുനീക്കം ചെയ്യുക. ബ്ലീച്ചിങ് പൗഡർ കൊണ്ടു കഴുകി, ഉണക്കി വീണ്ടും ശുദ്ധമായ ജലം നിറച്ച് ഉപയോഗിക്കാം.

9. ഓർക്കിഡുകളെയും വെള്ളം ബാധിച്ച മറ്റ് ചെടികളെയും ആരോഗ്യത്തോടെ നിർത്താൻ എന്തെല്ലാം ചെയ്യാം?

ഓർക്കിഡ് മിക്കവരും തൂക്കിയിടുകയാണ് പതിവ്. അതുകൊണ്ടുതന്നെ നേരിട്ട് വെള്ളം തട്ടില്ല. ഈർപ്പത്തിന്റെ പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ട്. ഓർക്കിഡ് വളർത്തുന്നിടത്ത് പോളിഫിലിം കൊണ്ട് മേൽക്കൂരയിടാറുണ്ട്. അതുകൊണ്ട് ആവശ്യത്തിന് ചൂട് കിട്ടാൻ സാധ്യതയുണ്ട്. നിലത്തുനിന്ന് പരമാവധി പൊക്കിവയ്ക്കുക, വേരുകൾക്കിടയിൽ നല്ലതുപോലെ വായുസഞ്ചാരമുണ്ടാകുന്ന വിധത്തിൽ വയ്ക്കുക, വെയിലുണ്ടെങ്കിൽ ഉണക്കുക ഇതെല്ലാം ഏതു ചെടിയായാലും അതിജീവനത്തിനു സഹായിക്കുന്ന കാര്യങ്ങളാണ്. ഓർക്കിഡിലെ ഓട് കഷണങ്ങളും കരിക്കട്ടയുമെല്ലാം ഈർപ്പം കളഞ്ഞെടുക്കണം.

garden-2

വിവരങ്ങൾക്ക് കടപ്പാട്;
പി.കെ. രാജീവൻ
ഫ്ലോറിസ്റ്റ് &
ഫോർമർ റജിസ്ട്രാർ,
കാർഷിക
സർവകലാശാല,
മണ്ണുത്തി, തൃശൂർ