Saturday 22 May 2021 03:54 PM IST : By സ്വന്തം ലേഖകൻ

മണിപ്ലാന്റിന് ഇത്രയും വെറൈറ്റിയോ..! ചെടി ആരോഗ്യത്തോടെ ഇരിക്കാനും കീടങ്ങളെ അകറ്റാനും ചില പൊടിക്കൈകൾ

money plant

എല്ലാവർക്കും അറിയാവുന്ന, എല്ലാവരുടെയും കയ്യിലുള്ള ചെടി... മണി പ്ലാന്റ് അല്ലെങ്കിൽ പോത്തോസിനെ പരിചയപ്പെടുത്താൻ മറ്റൊരു വിശേഷണം വേണ്ട. പ്രത്യേകിച്ച് കോവിഡിനു ശേഷമുള്ള, ഇന്റീരിയർ ചെടികളുടെ ആവശ്യം വളരെ കൂടിയ ഇക്കാലത്ത്. നടാനും പരിപാലിക്കാനുമുള്ള എളുപ്പം തന്നെയാണ് മണി പ്ലാന്റിന്റെ പ്ലസ് പോയിന്റ്. ഒട്ടും ശ്രദ്ധിച്ചില്ലെങ്കിൽപോലും മണി പ്ലാന്റ് അത്യാവശ്യം വൃത്തിയായി നിൽക്കും. എന്നാൽ മണി പ്ലാന്റിന് നല്ല പരിചരണം നൽകിയാൽ കൂടുതൽ ഭംഗിയോടെ നിൽക്കും. ഏകദേശം ഇരുപത് ഇനങ്ങൾ ഇന്ത്യയിൽ കിട്ടും. തായ്‍ലൻഡ് പോലുള്ള വിദേശരാജ്യങ്ങളിൽ കൂടുതൽ ഇനങ്ങൾ ലഭിക്കും.

നാട്ടിൻപുറങ്ങളിലും നഗരത്തിലും വീടുകളിലും പറമ്പുകളിൽപോലും കാണുന്ന ഇനമാണ് ഗോൾഡൻ പോത്തോസ്. ഇളം പച്ചയും മഞ്ഞയും ഇടകലർന്ന ഇലകളുള്ള ഈയിനം കാണാൻ സുന്ദരമാണ്. മാർബിൾ ക്യൂൻ എന്നയിനത്തിൽപ്പെട്ട മണി പ്ലാന്റ് പേരു സൂചിപ്പിക്കുന്നതുപോലെ പച്ച ഇലകളിൽ മാർബിളിന്റെ ഡിസൈൻ പോലെ വെളുത്ത ഡിസൈനുകൾ ഉള്ള ഇനമാണ്. ഇവയുടെ ഇലകൾ ഹൃദയാകൃതിയിലാണ്. ഗോൾഡൻ പോത്തോസ് കഴിഞ്ഞാൽ ഏറ്റവും പ്രചാരമുള്ളത് മാർബിൾ ക്യൂനിനാണ്. നല്ല തെളിഞ്ഞ പച്ച നിറമുള്ള നിയോൺ പോത്തോസ് ആണ് മറ്റൊരു പ്രശസ്തമായ ഇനം. കാണാൻ വളരെ ഭംഗിയുള്ള ഇനമാണിത്. പേരു സൂചിപ്പിക്കുന്നതു പോലെതന്നെ നിയോൺ പച്ച നിറവും വട്ടത്തിലുള്ള ഇലകളുമാണ് ഇതിനെ സുന്ദരമാക്കുന്നത്. കേരളത്തിലെ നഴ്സറികളിൽ വളരെയധികം ലഭിക്കുന്ന മറ്റൊരു ഇനമാണ് മഞ്ജുള പോത്തോസ്. പച്ചയും വെള്ളയും ഇടകലർന്ന വട്ടയിലകളാണ് മഞ്ജുള പോത്തോസിന്റെ പ്രത്യേകത. ഏറെ ജനപ്രിയമായ ഇനമാണിത്.

ജെസേനിയ പോത്തോസ് എന്നയിനം മാർബിൾ ക്യൂൻ പോത്തോസിനോട് വളരെയേറെ സാദൃശ്യമുള്ള ഒന്നാണ്. ഇളം മഞ്ഞ കലർന്ന വെള്ളയാണ് മാർബിൾ ഡിസൈനിന് എന്നതാണ് പ്രധാന വ്യത്യാസം.പച്ച മാത്രമുള്ള ജേഡ് പോത്തോസ് ആണ് മറ്റൊരിനം. നീല ഛവിയുള്ള പച്ച ഇലകളോടു കൂടിയ ഇനമാണ് സെബു ബ്ലൂ പോത്തോസ്. പോത്തോസ് ഇനത്തിൽപെട്ടതാണെന്ന് പെട്ടെന്ന് തിരിച്ചറിയില്ല എന്നതാണ് ഈ ചെടിയുടെ പ്രത്യേകത. സാറ്റിൻ പോത്തോസ്, സിൽവർ പോത്തോസ്, ഹവായിയൻ പോത്തോസ് എന്നിങ്ങനെ നമ്മുടെ നാട്ടിൽ ലഭിക്കുന്ന ഒരുപാട് ഇനങ്ങൾ പിന്നെയുമുണ്ട്.

കാര്യമായ പരിചരണം വേണ്ടാത്ത ചെടിയാണ് മണി പ്ലാന്റ് എന്നാണ് നമ്മുടെ വിശ്വാസം. എന്നാൽ അങ്ങനെയല്ല, മികച്ച പരിചരണം തന്നെ ഈ ചെടിക്കു വേണം. നന്നായി വെള്ളവും വളവും നൽകുമ്പോഴാണ് പോത്തോസിന്റെ ഇലകളുടെ യഥാർഥ നിറവും ആകൃതിയും പുറത്തു കാണുക. ഇലകൾ ഇടയ്ക്കിടെ തുടയ്ക്കുന്നത് ചെടിയുടെ ഭംഗി കൂട്ടും. അൽപം വേപ്പെണ്ണ കലർത്തിയ വെള്ളം ഇലകളിൽ സ്പ്രേ ചെയ്യാം. ഇലകളുടെ തിളക്കം കൂട്ടാനും കീടബാധ ഒഴിവാക്കാനും അത് സഹായിക്കും. മണി പ്ലാന്റിനെ സംബന്ധിച്ച് പ്രൂണിങ് വളരെ പ്രധാനമാണ്. ആരോഗ്യമില്ലാത്ത ഇലകൾ കൃത്യമായി നീക്കം ചെയ്യണം.

money plant 1

ചട്ടിയിൽ ഇടതൂർന്ന് നിൽക്കുന്ന ചെടിക്കാണ് ഭംഗി. ഇടയ്ക്കിടെ തലപ്പ് മുറിച്ചു കൊടുക്കുന്നത് ചെടിയിൽ ഇലകൾ നിറഞ്ഞു വളരാൻ സഹായിക്കും. പുറത്തേക്കു വളരുന്ന ചെടികളുടെ ശിഖരങ്ങൾ മുറിച്ച് തിരിച്ച് മണ്ണിൽ കുത്തിവയ്ക്കാം. അല്ലെങ്കിൽ അത്തരം ശിഖരങ്ങൾ വളച്ച് മണ്ണിൽ തൊട്ടുവച്ചാലും ഭംഗിയായി വളരും.

കമ്പ് അല്ലെങ്കിൽ വള്ളിയാണ് പുതിയ ചെടി ഉൽപാദിപ്പിക്കാൻ ഏറ്റവും അനുയോജ്യം. വെള്ളത്തിൽ വച്ച് വേരുപിടിപ്പിച്ച ശേഷം ചട്ടിയിലേക്ക് മാറ്റിനടുന്നതാണ് നല്ലത്. ധാരാളം വെള്ളം ആവശ്യമില്ല പോത്തോസ് വിഭാഗത്തിന്. മണ്ണിന് നനവില്ല എന്ന് ഉറപ്പാക്കിയ ശേഷം മാത്രം നനച്ചുകൊടുക്കുക. വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ഇലകളുടെ അരിക് കരിഞ്ഞു തുടങ്ങുന്നുണ്ടെങ്കിൽ വെള്ളം കുറവാണ് എന്നു മനസ്സിലാക്കാം. ഇടത്തരം സൂര്യപ്രകാശത്തോടാണ് ചെടികൾക്ക് താൽപര്യം.

മണ്ണിൽ നേരിട്ടു നടുന്ന പോത്തോസിന്റെ ഇലകൾ വളരെ വലുതാകുന്നതു കാണാം. അത് ഇനം മാറിയതുകൊണ്ടല്ല, ആവശ്യത്തിലേറെ വളം ലഭിക്കുന്നതുകൊണ്ട് സംഭവിക്കുന്നതാണ്. രണ്ട് ആഴ്ച കൂടുമ്പോൾ വളം നൽകാം. ചാണകപ്പൊടി, എല്ലുപൊടി ഇതെല്ലാം മണി പ്ലാന്റിനു യോജിക്കും. മുട്ടത്തോട് ഇട്ടുവച്ച വെള്ളം, പഴത്തൊലിയോ ഉള്ളിത്തൊലിയോ ഇട്ടുവച്ച വെള്ളം ഇതെല്ലാം നന്നായി വളരാൻ സഹായിക്കും.

ഇന്റീരിയറിൽ വയ്ക്കുമ്പോൾ കുപ്പിയിൽ വെള്ളത്തിൽ ഇട്ടാണ് പലരും മണി പ്ലാന്റ് വളർത്തുന്നത്. ഇങ്ങനെയാകുമ്പോൾ പൊതുവേ വളർച്ച കുറവായിരിക്കും. ആഴ്ചയിൽ ഒരിക്കൽ വെള്ളം മാറ്റണം. വെള്ളത്തിൽ വളർത്തുമ്പോൾ പ്രത്യേകം ലിക്വിഡ് ഫെർട്ടിലൈസർ ഉപയോഗിക്കേണ്ടതില്ല. ടാപ്പ് വാട്ടർ ആകണം കുപ്പിയിൽ നിറയ്ക്കേണ്ടത് എന്നുമാത്രം. ഡിസ്റ്റിൽഡ് വാട്ടറിൽ ചെടിക്കു വേണ്ട പോഷകങ്ങൾ കുറവായിരിക്കും. ഇളം പ്രകാശം കിട്ടുന്ന സ്ഥലങ്ങളാണ് മണി പ്ലാന്റിനു പഥ്യം. ജനലരികുകൾ അനുയോജ്യമാണ്.

Tags:
  • Vanitha Veedu