Wednesday 05 August 2020 05:15 PM IST : By സ്വന്തം ലേഖകൻ

എനിക്കൊരു പൂവ് തരുമോ? സുരേഷ് ഗോപി ചോദിച്ച ആ സ്പെഷൽ പൂവിന്റെ വിശേഷങ്ങൾ ഇതാ...

1

രണ്ടാഴ്ച്ചയ്ക്കുള്ളിൽ ആയിരത്തിലധികം പേരാണ് ഈ പൂവ് കാണാൻ വീട്ടുമുറ്റത്തെത്തിയത്... ഒടുവിൽ പൂവ് വിരിഞ്ഞു നിൽക്കുന്ന കുളത്തിനു ചുറ്റും ഗ്രില്ലിട്ട് സംരക്ഷിക്കേണ്ടി വന്നു! ഇത്ര വലിയ സംഭവമാണോ ഈ പൂവ് എന്നല്ലേ...? അതേ... ഇത്തിരി വല്ല്യ സംഭവം തന്നെയാണിത്. അത്യപൂർവമായി മാത്രം വിരിയുന്ന സഹസ്രദളപത്മമാണ് കക്ഷി. ബ്രഹ്മാവിന്റെയും സരസ്വതീ ദേവിയുടെയും ഇരിപ്പിടമായി കരുതുന്ന പുണ്യപുഷ്പമാണിത്. കേരളത്തിൽ ഇതിനു മുൻപ് ഒരിക്കലേ സഹസ്രദളപത്മം വിരിഞ്ഞിട്ടുള്ളു എന്നു പറയുന്നു. തൃപ്പൂണിത്തുറയിലായിരുന്നു അത്.
തിരുവല്ല ഇരുവള്ളിപ്ര പുറത്തേപറമ്പിൽ മത്തായി വി. ജോണിന്റെ വീട്ടിലെ കുളത്തിലാണ് ഇപ്പോൾ ആയിരം ഇതളുള്ള താമര വിരിഞ്ഞത്. ജോണിന്റെ ഭാര്യ മോളമ്മ മാത്യുവാണ് ഇവിടത്തെ ഉദ്യാനപാലിക. മഹാരാഷ്ട്രയിൽ നിന്ന് വരുത്തിയ വിത്ത് ഒരു വർഷം കഴിഞ്ഞപ്പോഴാണ് പൂവിട്ടത്. ഇതുവരെ മൂന്ന് പൂക്കൾ വിരിഞ്ഞു. 12-14 ദിവസം വേണം പൂവ് മുഴുവനായി വിരിയാൻ. ഏഴ് ദിവസം വരെ വാടാതെ നിൽക്കും.
പൂവിനെക്കാൾ ഉയരത്തിൽ ഇലകൾ കുട പോലെ നിൽക്കുമെന്നതാണ് സഹസ്രദളപത്മത്തിന്റെ പ്രത്യേകത. പൂവിന് സംരക്ഷണം നൽകാനാണിത്. ജലനിരപ്പിൽ നിന്ന് മൂന്ന് അടിയോളം പൊക്കത്തിൽ ഇലകൾ വളരും. ഇതിനിടയിലായിട്ടായിരിക്കും പൂവ് വരിക.

2


വിവിധയിനം ജലപുഷ്പങ്ങൾ, ഓർക്കിഡ്, ബിഗോണിയ, ഫലവൃക്ഷങ്ങൾ എന്നിവയുടെ വമ്പൻ ശേഖരമാണ് മോളമ്മ മാത്യുവിനുള്ളത്. അഞ്ചര സെന്റിലെ വീട്ടീന്റെ മുറ്റത്തും ടെറസിലുമായാണ് ഇവയെല്ലാം ക്രമീകരിച്ചിരിക്കുന്നത്.  ഓറഞ്ച്, മുന്തിരി, സ്ട്രോബെറി, ആപ്പിൾ ചെറി തുടങ്ങിയവയും ഇവിടെ കായ്ച്ചിട്ടുണ്ട്.
ഇനി സൂപ്പർ സ്റ്റാറിലേക്ക്...
സഹസ്രദളപത്മം വിരിഞ്ഞ വാർത്ത അറിഞ്ഞ സുരേഷ് ഗോപി സുഹൃത്ത് സന്തോഷ് വഴിയാണ് വീട്ടുകാരെ ബന്ധപ്പെട്ടത്. ഒരു പൂവ് തരുമോ... എന്നായിരുന്നു ചോദ്യം. ആവശ്യവും വിശദീകരിച്ചു. മോളമ്മ സന്തോഷത്തോടെ സമ്മതം മൂളി. തൊട്ടടുത്ത ദിവസം തന്നെ സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽ നേരിട്ടെത്തി പൂവ് കൊടുക്കുകയും ചെയ്തു.
ഇനി ഒരു പൂമൊട്ട് കൂടി വിടരാനുണ്ട്. രാമായണ മാസത്തിൽ തന്നെ അതു വിരിയുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാർ.