പച്ചക്കറിക്കൃഷിക്ക് ഒരു പ്രത്യേകത ഉണ്ട്. മറ്റാരെങ്കിലും നന്നായി കൃഷി ചെയ്യുന്നത് കാണുമ്പോൾ അതുപോലൊന്ന് ചെയ്യാൻ എല്ലാവർക്കും ആഗ്രഹം തോന്നും. ചങ്ങനാശ്ശേരി പെരുന്നയിലുള്ള രമാദേവിക്ക് സ്വന്തമായി കൃഷി ചെയ്യണം എന്നു മാത്രമല്ല ആഗ്രഹം. എല്ലാവരുടെയും വീടുകളിൽ കൃഷിത്തോട്ടം ഉണ്ടാകണം എന്നു കൂടിയാണ്. പച്ചക്കറിക്കൃഷിയുടെ ലോകം വളരെ സുന്ദരമാണെന്നു മനസ്സിലാക്കിയ രമ, യൂട്യൂബ് ചാനലിലൂടെ ഒരുപാട് പേർക്ക് പ്രചോദനവുമാകുന്നു. കൃഷി ഏറ്റവും ചെലവു കുറച്ചു ചെയ്യേണ്ടതാണ് എന്ന താണ് രമയുടെ തത്വം.

‘‘ചെറുപ്പത്തിൽ അമ്മൂമ്മയുടെ കൂടെ നിന്നാണ് കൃഷിയുടെ ബാലപാഠങ്ങൾ പഠിച്ചെടുത്തത്. അമ്മൂമ്മ കൃഷിയിടത്തിലെ ചെറിയ പണികളൊക്കെ ചെയ്യിക്കുമായിരുന്നു. എംഎസ്‌സി ബോട്ടണിയാണ് പഠിച്ചത്. കുട്ടികൾക്ക് വിഷമില്ലാത്ത പച്ചക്കറി നൽകാൻ ആണ് കൃഷി വീണ്ടും തുടങ്ങിയത്. ഇപ്പോൾ അത് ജീവവായുവായി," രമ പറയുന്നു.

തക്കാളി, വെണ്ട, വഴുതിന, പാവൽ, പടവലം, പീച്ചിൽ, ചുരയ്ക്ക, സവാള, ഉള്ളി, പച്ചമുളക് തുടങ്ങി എല്ലായിനം പച്ചക്കറികളും രമയുടെ വീട്ടിൽ ഉണ്ട്. ടെറസിലെ സ്ഥലമാണ് കൃഷി ചെയ്യാൻ ആകെയുള്ളത്. ഗ്രോ ബാഗ്, പ്ലാസ്റ്റിക് പാത്രം, വീപ്പ ഇതിലെല്ലാം കൃഷിയുണ്ട്. കൃഷിക്കു വേണ്ടി ടെറസ് പ്രത്യേകമായി ബലപ്പെടുത്തിയിട്ടൊന്നുമില്ല എങ്കിലും എല്ലാ വർഷവും വാട്ടർപ്രൂഫിങ് ചെയ്യാറുണ്ട്. കൂടുതൽ ഭാരമുള്ള, വീപ്പകൾ പോലെയുള്ളവ ഭിത്തികളുടെ മുകളിൽ മാത്രം വയ്ക്കുന്നു. പഴവർഗങ്ങളാണ് വലിയ വീപ്പകളിൽ കൃഷി ചെയ്യുന്നത്.

കറിവേപ്പ്, പപ്പായ, മുരിങ്ങ ഇതുമൂന്നും ഒരു വീട്ടിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണെന്ന് രമ പറയുന്നു. ഏറ്റവും പോഷകസമൃദ്ധമായ ഈ പച്ചക്കറികൾ വളർത്താനും വലിയ പ്രയാസമില്ല. ചീരയാണ് രമയുടെ ഏറ്റവും പ്രിയപ്പെട്ട വിളകളിൽ ഒന്ന്. ഒൻപത് ഇനം ചീരകൾ ടെറസിന് നിറം നൽകുന്നു. വീട്ടിലെ ആവശ്യങ്ങൾ കഴിഞ്ഞ് ചീര വിൽക്കാറുണ്ട്. എന്തു വില കൊടുത്തും ജൈവ പച്ചക്കറികൾ വാങ്ങാൻ ആളുകൾ തയാറാണ്. തഴുതാമ, മണിത്തക്കാളി, പോലുള്ള ഔഷധഗുണമുള്ള പച്ചക്കറികളും കൃഷികളുടെ ലിസ്റ്റിൽ ഉണ്ട്. ‘മക്കോട്ട ദേവ’ എന്ന ഇന്തോനേഷ്യൻ പഴം പ്രമേഹത്തിനുള്ള മരുന്നുകൂടിയാണ്. ടെറസിൽ വളരുന്ന പഴങ്ങളിൽ ഇതു കൂടാതെ സപ്പോട്ട, പേര, നാരകം തുടങ്ങിയ നാടൻ ഇനങ്ങളുമുണ്ട്.

വളങ്ങളും കീടനാശിനികളുമെല്ലാം വീട്ടിൽ ഉണ്ടാക്കിയാണ് രമ ചെലവു കുറയ്ക്കുന്നത്. ചാണകവും ഗോമൂത്രവും പുളിപ്പിച്ച സ്ലറിയാണ് പ്രധാന വളം. പപ്പായയുടെ ഇല കഞ്ഞിവെള്ളത്തിൽ പുളിപ്പിച്ചതും വെളുത്തുള്ളി കഷായവും കാന്താരി കഷായവുമൊക്കെ കീടങ്ങളെ തുരത്താൻ ഉപയോഗിക്കും. രാവിലെ അഞ്ചരയ്ക്ക് എഴുന്നേറ്റു പച്ചക്കറിത്തോട്ടത്തിലേക്ക് ഇറങ്ങും. വൈകുന്നേരവും നല്ലൊരു സമയം വേണം കൃഷിക്ക്. ചുരുക്കം പറഞ്ഞാൽ കൃഷി കഴിഞ്ഞ് ഒന്നിനും നേരമില്ല. ആവശ്യക്കാർക്ക് പച്ചക്കറി വിത്തുകൾ അയച്ചുകൊടുക്കുന്ന പതിവും രമയ്ക്കുണ്ട്.