Tuesday 25 May 2021 04:07 PM IST

കൈക്കോട്ടും കിളക്കലുമില്ല, ദിവസവും ഒരു ടൺ‌ പച്ചക്കറി, ഗ്രോ ബാഗില്‍ ഹരിത വിപ്ലവം തീർത്ത് ഷംസുധീർദാസ്

Sreedevi

Sr. Subeditor, Vanitha veedu

veg 1

കോഴിക്കോട് പന്തീരങ്കാവ് സ്വദേശി ഷംസുദീർ ദാസിന്റെ പച്ചക്കറിതോട്ടത്തിൽ  പതിനായിരത്തിലധികം ഗ്രോബാഗുകളിൽ പച്ചക്കറി ചെടികൾ തഴച്ചു വളർന്ന് നിൽക്കുന്നുണ്ട്. നിർമാണ മേഖലയിൽ തരക്കേടില്ലാതെ മുന്നേറുന്നതിനിടെയാണ് സിവിൽ എൻജിനീയറായ ഷംസുദീർ ദാസ് കൃഷിയിലേക്ക് ഇറങ്ങിയത്. കൃഷിയോടുള്ള താൽപര്യവും കഠിനാധ്വാനം കൊണ്ട് എന്തും നേടാം എന്ന വിശ്വാസവുമാണ് മുന്നോട്ടു നയിച്ചതെന്ന് ദാസ് ആണയിട്ടു പറയും.

കൃഷിക്കാരനായ അച്ഛന്റെ കൂടെ പണിത അനുഭവസമ്പത്തും കൈമുതലായി ഉണ്ടായിരുന്നു. സുഹൃത്തിന്റെ കാടുപിടിച്ചു കിടന്നിരുന്ന അഞ്ച് ഏക്കർ വൃത്തിയാക്കിയെടുത്ത് അവിടെ 25 പശുക്കളുമായി ഒരു ഫാം തുടങ്ങുകയായിരുന്നു ആദ്യപടി. പാൽ മാത്രമല്ല, വളവും ഫാമിൽ നിന്ന് കിട്ടും. അതിനുശേഷം 1000 റെഡ്‌ലേഡി പപ്പായയും കുറച്ച് വാഴയും നട്ട് കൃഷിയിലേക്കു പ്രവേശിച്ചു. തട്ടുതട്ടായി കിടക്കുന്ന ഈ ഭൂമിയിൽ പ്രത്യേക രീതിയിലാണ് ദാസ് കൃഷി ചെയ്തത്. മണ്ണ് ഒലിച്ചുപോകുന്നത് ഒഴിവാക്കാൻ ഹോളോബ്രിക്സ് കൊണ്ട് തടമെടുത്തു. അവിടെതന്നെയുള്ള മണ്ണ് പുറത്തെടുത്ത് കൊക്കോപിത്തും ചാണകപ്പൊടിയും മറ്റു വളങ്ങളും േചർത്തിളക്കി പോട്ടിങ് മിശ്രിതം തയാറാക്കി തടത്തിൽ നിറച്ചാണ് കൃഷി ചെയ്യുന്നത്. ആ അധ്വാനത്തിന് കോഴിക്കോട് ജില്ലലെ മികച്ച കർഷകനുള്ള പുരസ്കാരമാണ് ദാസിനു ലഭിച്ചത്.

veg 3

അതോടൊപ്പം പന്തീരങ്കാവിലുള്ള 50 ഏക്കറിൽ പച്ചക്കറി കൃഷി നടത്താനുള്ള അവസരവും ദാസിനെ തേടിയെത്തി. പാറകൾ നിറഞ്ഞ ഒരു കുന്നായിരുന്നു അവിടം. പുല്ല് പോലും മുളയ്ക്കില്ല. ഏകദേശം രണ്ടര ഏക്കർ മാത്രമാണ് കൃഷിക്കായി തിരഞ്ഞെടുത്തത്. പതിനായിരത്തിലേറെ ഗ്രോബാഗുകൾ നിറച്ചു. ഹോളോബ്രിക്സ് തടങ്ങളും പരീക്ഷിച്ചു. ഏകദേശം 40 ഇനം പച്ചക്കറികൾ ഉണ്ട് ദാസിന്റെ ഈ കൃഷിയിടത്തിൽ. തക്കാളി, വെണ്ട, വഴുതിന, മുളക്, മത്തൻ, കുമ്പളം, പയർ, അമര, സവാള, കാബേജ്, കോളിഫ്ലവർ, പീച്ചിൽ, പടവലം, പാവൽ, വെള്ളരി, സാലഡ് കുക്കുംബർ എന്നിങ്ങനെ നമ്മുടെ നാട്ടിൽ ലഭ്യമായ എല്ലാ പച്ചക്കറികളുടെയും വിവിധയിനങ്ങൾ!

കാലത്ത് ഏഴിന് പച്ചക്കറിത്തോട്ടത്തിലെത്തുന്ന ദാസിനെ സഹായിക്കാൻ സമീപപ്രദേശത്തുള്ള കുറച്ചു സ്ത്രീ തൊഴിലാളികളാണുള്ളത്. ഓരോ തൊഴിലാളിയെയും മൂന്നോ നാലോ ഇനം പച്ചക്കറിയുടെ ചുമതല പൂർണമായി ഏൽപിച്ചിരിക്കുന്നു. കാലത്തെ ആദ്യ ജോലി വിളവെടുക്കലാണ്. വളമിടലും കള പറിക്കലും കീടങ്ങളെ തുരത്തലുമൊക്കെയായി ഉച്ച തിരിഞ്ഞ് മൂന്ന് വരെ നീളുന്നു ജോലികൾ.

veg 2

ഫാമിൽ നിന്നുള്ള ചാണകവും കോഴിക്കോട് കോർപറേഷൻ വിൽക്കുന്ന ഭക്ഷ്യാവശിഷ്ടങ്ങളിൽ നിന്നുള്ള വളവുമാണ് പ്രധാനമായി ഉപയോഗിക്കുന്നത്. പരമ്പരാഗത ശൈലിയിൽ പൈപ്പ് ഇട്ടാണ് നന. ചെടികളിൽ നാടൻ വളങ്ങൾ പ്രയോഗിക്കുമ്പോൾ ഡ്രിപ്പോ സ്പ്രിങ്‌ളറോ പ്രായോഗികമല്ല എന്ന് ദാസ് പറയുന്നു. ചില പച്ചക്കറികൾ പോളിഹൗസിൽ വളർത്തുന്നു.ജൈവപച്ചക്കറികൾ മാത്രം വിൽക്കുന്ന കേന്ദ്രങ്ങളിലേക്കാണ് ഈ പച്ചക്കറികൾ എത്തുന്നത്. കൃഷി സ്ഥലത്ത് നേരിട്ടെത്തി വാങ്ങുന്നവരുമുണ്ട്. കൃഷിക്ക് സഹായം ചോദിച്ച് എത്തുന്നവർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുക്കാനും കൂടുതൽ സ്ഥലങ്ങളിൽ ജനപങ്കാളിത്തത്തോടെ കൃഷി നടത്താനുമുള്ള തയാറെടുപ്പിലാണ് ഷംസുദീർ. 

Tags:
  • Vanitha Veedu