Thursday 27 May 2021 04:19 PM IST : By സ്വന്തം ലേഖകൻ

ഇത് സാധാരണക്കാര്‍ കൊതിക്കുന്ന ഡിസൈൻ, ഒറ്റനിലയിൽ 1350 ചതുരശ്രയടി വീട് ചെലവ് കുറച്ച് പണിതത് ഇങ്ങനെ

kollam 1

തറയോടു വിരിച്ച് ഓടുമേഞ്ഞ ഒറ്റനില വീട് എന്നതായിരുന്നു ഭാവി വീടിനെപ്പറ്റി ആൽബർട്ടിന്റെ സങ്കൽപം. പൊന്നുപോലെ കൂടെക്കൊണ്ടു നടക്കുന്ന ആന്റിക് ശേഖരത്തെ ഉൾക്കൊള്ളാനുള്ള വിശാലത മലയാളിത്തമുള്ള വീടിനുണ്ടാകും എന്നായിരുന്നു പ്രതീക്ഷ. കട്ട സപ്പോർട്ടുമായി ഭാര്യ ഷൈജി സോളമനും കൂടെ നിന്നതോടെ ആൽബർട്ടിന് ധൈര്യമായി. ആത്മാർഥ സുഹൃത്തും ഡിസൈനറുമായ അജോ വി. പിള്ള വീടിന്റെ നിർമാണച്ചുമതല ഏൽക്കുക കൂടി ചെയ്തതോടെ കാര്യങ്ങൾ ഉഷാറായി. ചെലവ് പരമാവധി കുറച്ച് മികച്ച വീടു പണിയണം എന്ന കാര്യം കൈകൊടുത്തുറപ്പിച്ചാണ് ഇരുവരും വീടുപണിയുടെ ഗോദയിലേക്കിറങ്ങിയത്.

kollam 3

10 സെന്റിലായിരുന്നു വീടുപണിയേണ്ടത്. 12 മീറ്റർ വീതിയും 36 മീറ്റർ നീളവുമായി ദീർഘചതുരാകൃതിയിലാണ് പ്ലോട്ട്. വഴിയോട് ചേർന്ന് നിരപ്പായ ഘടനയിലായിരുന്നു പ്ലോട്ട് എന്നത് അനുകൂലഘടകമായി. നിർമാണവസ്തുക്കൾ ആൽബർട്ട് വാങ്ങി നൽകുകയും അജോ പണിക്കാരെ വിട്ടു നൽകുകയും ചെയ്യുന്ന രീതിയിലായിരുന്നു വീടുപണി. ചുമരു കെട്ടാനുള്ള ഇന്റർലോക്ക് മഡ് ബ്ലോക്ക്, ഫ്ലോറിങ്ങിനുള്ള തറയോട്, മേൽക്കൂരയ്ക്ക് ആവശ്യമായ ഓട് എന്നിവയെല്ലാം വീടിന്റെ സമീപപ്രദേശങ്ങളിൽ നിന്നു തന്നെയാണ് വാങ്ങിയത്. ഇത് ചെലവ് കുറയ്ക്കൽ യജ്‍ഞത്തിൽ നിർണായകമായി.

സിമന്റ് തേക്കാത്ത രീതിയിലുള്ള ചുമരുകൾ മതി എന്നായിരുന്നു ആദ്യ തീരുമാനം. ഇതിനായി 11 x 8 x 5 ഇഞ്ച് അളവിലുള്ള ഇന്റർലോക്ക് മഡ് ബ്ലോക്ക് 13 കിലോമീറ്റർ മാത്രം അകലെയുള്ള കൊട്ടാരക്കരയിൽ നിന്നും വാങ്ങി. കട്ടയൊന്നിന് 28 രൂപയായിരുന്നു വില. സിറ്റ്ഔട്ട്, അടുക്കള, ബാത്റൂം എന്നിവിടങ്ങളിലൊഴികെ ബാക്കി എല്ലായിടത്തും തറയോടാണ് വിരിച്ചത്. 10 x 10 ഇഞ്ച് അളവിലുള്ള തറയോട് കുണ്ടറയിൽ നിന്നുതന്നെ വാങ്ങി. ഒന്നിന് 16 രൂപയായിരുന്നു വില.

kollam 5

മേൽക്കൂര മുഴുവൻ നിരപ്പായി വാർത്ത ശേഷം മു ൻഭാഗത്ത് മാത്രം ട്രസ്സ് റൂഫ് പിടിപ്പിച്ച് അതിൽ ഓടുമേഞ്ഞ രീതിയിലാണ് വീടിന്റെ ഡിസൈൻ. കണ്ടാൽ രണ്ടുനില വീടാണെന്നേ തോന്നൂ എന്നതാണ് പ്രത്യേകത. ട്രസ്സ് റൂഫ് വരുന്ന ഭാഗം ആദ്യം ഉദ്ദേശിച്ചതിലും പൊക്കം കൂട്ടിയെടുത്ത് ചെറിയ രണ്ടു മുറികളുടെ രൂപത്തിലാക്കിയെടുത്തത് ആൽബർട്ടിന്റെ നിർദേശപ്രകാരമാണ്. ടെറസിൽ പച്ചക്കറിത്തോട്ടം പിടിപ്പിക്കുമ്പോൾ അതിനു വേണ്ട സാധനങ്ങളെല്ലാം സൂക്ഷിക്കാൻ ഇവിടം പ്രയോജനപ്പെടുത്താനാണ് ഉദ്ദേശം. കുണ്ടറയിൽ നിന്ന് ഒന്നര രൂപ നിരക്കിൽ വാങ്ങിയ പഴയ ഓടാണ് ട്രസ്സ് റൂഫിന് മുകളിൽ വിരിച്ചത്.

kollam 2

വീടിനു പിന്നിൽ പിടിപ്പിച്ചിരിക്കുന്ന ഇരുമ്പുകൊണ്ടുള്ള സ്റ്റെയർകെയ്സ് വഴിയാണ് മുകളിലേക്ക് എത്താനാകുക. സ്റ്റെയർകെയ്സ് വീടിനുള്ളിലൂടെ ആയിരുന്നെങ്കിൽ കുറച്ചുകൂടി സൗകര്യമായേനെ എന്നും മുകളിൽ മുഴുവനായി ഓടിട്ടിരുന്നു എങ്കിൽ ചൂട് കുറച്ചുകൂടി കുറഞ്ഞേനെ എന്നും ഇപ്പോൾ ചിന്തിക്കാറുണ്ട്. എന്നാൽ, അതൊരു വേദനയായി തോന്നുന്നതേ ഇല്ല. അന്നെടുത്ത തീരുമാനം കാരണം സ്ഥലനഷ്ടം ഒഴിവാക്കാനും ചെലവ് നിയന്ത്രിക്കാനുമായി എന്ന സന്തോഷത്തിലാണ് വീട്ടുകാർ. സിറ്റ്ഔട്ട്, സ്വീകരണമുറി, ഡൈനിങ് സ്പേസ്, അടുക്കള, മൂന്ന് കിടപ്പുമുറി എന്നീ സൗകര്യങ്ങളെല്ലാമുള്ള 1350 ചതുരശ്രയടി വലുപ്പമുള്ള വീടിന് 23 ലക്ഷം രൂപയാണ് ചെലവായത്. കിണറിനും മതിലിനും ചെലവായ തുക ഉൾപ്പെടെയാണിത്. ചുമര് തേക്കുന്നത് ഒഴിവാക്കിയിരുന്നെങ്കിൽ ചെലവ് രണ്ട് ലക്ഷം രൂപയോളം കുറയുമായിരുന്നു എന്ന് ആൽബർട്ട്.

kollam 4

ഡിസൈൻ: അജോ വി. പിളള

മാക്‌സ് ഡിസൈൻസ്, കൊല്ലം

ajovp15@gmail.com

Tags:
  • Vanitha Veedu