തൃശൂർ മാടക്കത്തറയിലെ ടോമി ടി. കാവളക്കാട്ട് നാലാം ക്ലാസ്സുകാരൻ മകന്റെ ക്ലാസ് മേറ്റിന്റെ അച്ഛനുമായി കുശലം പറയുന്നതിനിടയിൽ വീടു പണിയും കടന്നു വന്നു. അങ്ങനെയാണ് ചെറുതുരുത്തിയിലെ ബീപീസ് ഡിസൈൻസിലെ സലിമിനെക്കുറിച്ചറിയുന്നത്. സലിം പണിത ചില വീടുകൾ കൂടി കണ്ടതോടെ സ്വന്തം വീട് ടോമി സലിമിനെ ഏൽപ്പിച്ചു.

രണ്ടുനില വീട് എന്ന ആശയവുമായി വന്ന ടോമിയെ ഒരു നില വീടാണെങ്കിൽ ചെലവു നിയന്ത്രിക്കാമെന്ന് പറഞ്ഞു മനസ്സിലാക്കിച്ചതോടെ അതു മതിയെന്നായി. പിന്നീട് കൊറോണ എത്തിയപ്പോൾ ചെലവു കുറയ്ക്കാനുള്ള ഈ തീരുമാനം വളരെ ഉചിതമായി എന്ന് ടോമി തിരിച്ചറിഞ്ഞു.

ലിവിങ്, ഡൈനിങ്, അടുക്കള, മൂന്ന് അറ്റാച്ഡ് കിടപ്പുമുറികൾ എന്നിവയാണ് വീട്ടിൽ. അടുക്കളയിലെ ചുമരിൽ ഘടിപ്പിച്ച മടക്കി വയ്ക്കാവുന്ന ബ്രേക്ഫാസ്റ്റ് ടേബിൾ ചെലവു ചുരുക്കലിന് ഉദാഹരണമാണ്.

കിടപ്പുമുറികളിലെ ആറ് അടി കട്ടിലുകൾ ജിഐ പൈപ്പും റബ് വുഡും കൊണ്ടാണ് പണിതത്. ഇതും ചെലവു കുറയ്ക്കാൻ സഹായകമായി. റബ് വുഡിന് ചിതലരിക്കില്ല എന്ന ഗുണവുമുണ്ട്. വാഡ്രോബുകൾ ഫെറോസ്ലാബും എസിപിയും (അലുമിനിയം കോംപസിറ്റ് പാനൽ) കൊണ്ട് നിർമിച്ചു. ഈർപ്പമടിച്ചാലും കുഴപ്പമില്ല, ചിതലരിക്കില്ല തുടങ്ങിയവയാണ് എസിപിയുടെ ഗുണങ്ങൾ. മാറ്റ് ഫിനിഷ് എസി പിയാണ് നൽകിയത്.

മുഷിഞ്ഞ വസ്ത്രങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യവും വാഡ്രോബിലുണ്ട്. വാഡ്രോബുകളുടെ നിറവും ഫർണിഷിങ്ങുമെല്ലാം തമ്മിൽ മാച്ച് ചെയ്യുന്ന വിധമാണ് നൽകിയിട്ടുള്ളത്.വാതിലുകളെല്ലാം WPC കൊണ്ടാണ് നിർമിച്ചത്. കാലാവസ്ഥാ വ്യതിയാനമനുസരിച്ച് അടയ്ക്കാൻ പ്രയാസമുണ്ടാകുകയില്ല, ചിതൽ പിടിക്കില്ല, 25 വർഷം ഗ്യാരന്റി എന്നിവയാണ് ഗുണങ്ങൾ.എൽഇഡി ലൈറ്റുകളാണ് വീടു മുഴുവൻ.

കടപ്പാട്:
ബി.പി. സലിം
ഫോൺ: 9847155166