Wednesday 05 April 2023 12:16 PM IST

അകത്തളം എങ്ങനെ എന്ന് ഊഹിക്കാമോ? വിദേശമലയാളിക്ക് മാതൃകയാക്കാൻ ഒരു വീട്

Sreedevi

Sr. Subeditor, Vanitha veedu

jay1

വർഷത്തിലൊരിക്കൽ നാട്ടിൽ വരുന്ന എൻആർഐ കുടുംബത്തിനുളള വീടാണിത്. രണ്ട് കുട്ടികൾ ഉൾപ്പെടെയുള്ള ചെറുകുടുംബമാണ് ജിനോ-നോബിൾ ദമ്പതിമാരുടേത്. നാട്ടിലെത്തുമ്പോൾ അച്ഛനമ്മമാരും ഇവർക്കൊപ്പം വീട്ടിലുണ്ടാകും. സമാധാനത്തോടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം കുറച്ചുദിവസങ്ങൾ ചെലവഴിക്കാനുള്ള ഇടം. അതുകൊണ്ടുതന്നെ സ്വകാര്യതയ്ക്ക് വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്.

16.9 സെന്റ് ഉള്ള, വീതി കുറഞ്ഞ്, അകത്തേക്ക് നീണ്ടു കിടക്കുന്ന പ്ലോട്ടാണ്. ശാന്തമായ, ഗ്രാമീണ ചുറ്റുപാടിലാണെങ്കിലും തൊട്ടടുത്തുതന്നെ വീടുകളുണ്ട്. പ്ലോട്ടിനു ചുറ്റുമുള്ള മതിൽ ഉയർത്തി അവിടെ കോർട്‌യാർഡുകൾ ക്രമീകരിച്ചാണ് വീട്ടുകാരുടേതു മാത്രമായ ഒരിടമാക്കി അകത്തളത്തെ മാറ്റിയത്.

jay2

പുറംമോടിയിൽ വിശ്വാസമില്ലാത്ത വീട്ടുകാരെ തൃപ്തിപ്പെടുത്തുന്ന മിനിമലിസ്റ്റിക് ശൈലിയാണ് എക്സ്റ്റീരിയറിന് അവലംബിച്ചത്. ‘അകത്തെന്ത്?’ എന്ന് ഊഹിക്കാൻ പോലും പുറത്തുനിന്നുള്ള കാഴ്ചക്കാരന് ആർക്കിടെക്ട് അവസരം നൽകിയിട്ടില്ല. അത്രയും വ്യത്യസ്തമാണ് പുറംകാഴ്ചകളും അകത്തെ ലോകവും.

പുറംലോകവുമായി ഇടപഴകുന്നതിലധികം കുടുംബക്കൂട്ടായ്മകൾ ആഗ്രഹിക്കുന്നതിനാൽ സിറ്റ്ഔട്ടിന് താരതമ്യേന പ്രസക്തി കുറവാണ് ഇവിടെ. കോർട്‌യാർഡുകളാൽ ചുറ്റപ്പെട്ട ‘ഔട്ടർ ലോഞ്ച്’ എന്ന രീതിയിലാണ് സിറ്റ്ഔട്ട് ക്രമീകരിച്ചത്. ഫോയർ കടന്നാൽ ഫോർമൽ ലിവിങ് ഏരിയ.

jay3

വീടിന്റെ ഹൃദയഭാഗം ഡൈനിങ്ങും ഫോർമൽ ലിവിങ്ങും പങ്കുവയ്ക്കുന്ന ഹാൾ ആണ്. മതിലുമായി ചേർത്തു നിർമിച്ച കോർട്‌യാർഡ്, ഹാളിലേക്കു വെളിച്ചവും ശുദ്ധവായുവും കുളിർമയും നൽകുന്നു. അഴികളോ മറ്റ് മൃദുവായ ഘടകങ്ങളോ ഇല്ലാത്ത ഗോവണിയാണ് ഡൈനിങ്– ഫാമിലി ലിവിങ് ഏരിയകളെ വേർതിരിക്കുന്നത്.

മൂന്ന് കിടപ്പുമുറികളാണ്. അതിൽ മാസ്റ്റർ ബെഡ്റൂമിലേക്കും കുട്ടികളുടെ കിടപ്പുമുറിയിലേക്കും ഫാമിലി ലിവിങ് ഏരിയയിൽ നിന്ന് പ്രവേശിക്കാം. ഇതിൽ മാസ്റ്റർ ബെഡ്റൂമിനോടു ചേർന്ന് ഒരു കോർട്‌യാർഡും ഡെക്കും ഉണ്ട്. അച്ഛനമ്മമാരുടെ മുറിയോടു ചേർന്നും ഒരു പച്ചത്തുരുത്തുണ്ട്.

jay4

ഒറ്റനില വീടിനോടാണ് വീട്ടുകാർക്ക് താൽപര്യം. വീട്ടിലുള്ള സമയത്ത് എല്ലാവരും ഒരുമിച്ചു വേണം എന്നതുതന്നെ കാരണം. എന്നാൽ ഭാവിയിൽ ആവശ്യം വന്നാൽ മുറികൾ കൂട്ടിച്ചേർക്കാൻ മുകളിലെ നിലയിൽ ഫാമിലി ലിവിങ്ങുംബാത്റൂമും ക്രമീകരിച്ചു.

എല്ലാ മുറികളിൽ നിന്നും കോർട്‌യാർഡിലേക്കോ ഒരു ഗ്രീൻ സ്പേസിലേക്കോ കാഴ്ചയുണ്ട് എന്നതാണ് ഈ വീടിന്റെ പ്രത്യേകത. വീട്ടുകാർ നാട്ടിലില്ലാത്തതിനാൽ മെയിന്റനൻസ് കഴിവതും കുറഞ്ഞ രീതിയിലുള്ള കോർട്‌യാർഡ് ആകാൻ ശ്രദ്ധിച്ചു. നേരിട്ടടിക്കാത്ത സൂര്യവെളിച്ചത്തിലൂടെയാണ് എല്ലാ മുറികളും പ്രകാശിപ്പിക്കുന്നത്. ഇന്റീരിയറിലെ ന്യൂട്രൽ നിറങ്ങളായ വെള്ള, ചാരനിറങ്ങളും അകത്തളത്തിനു കുളിർമ പകരുന്നു.

PROJECT FACTS

Area- 4000 Sqft

House Owner – Jino Paul & Noble

Location- Perambra, Chalakkudy

Design- Ar. Jayadev. K, Stirvi Architects, Kochi

E-mail – jayadev.architect@gmail.com