വിശാലമായ പ്ലോട്ടിന്റെ ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും വിധമാണ് ‘പ്രാർഥന’യുടെ ഡിസൈൻ. വലിയ മുറ്റവും ആവശ്യത്തിനു വിസ്താരമുള്ള മുറികളും കാറ്റും വെളിച്ചവും നിറയുന്ന രീതിയിലുള്ള അകത്തളക്രമീകരണങ്ങളുമെല്ലാം പ്രാർഥനയ്ക്കു പ്രസരിപ്പേകുന്നു. നേർരേഖകൾക്കു പ്രാധാന്യം നൽകുന്ന എക്സ്റ്റീരിയർ വീടിന്റെ പൊലിമ കൂട്ടുമ്പോ ൾ ഓപൻ പ്ലാൻ അകത്തളം സുന്ദരമാക്കുന്നു.

കിഴക്ക് ദർശനമായ വീടിന്റെ മുൻഭാഗത്തുള്ള വിശാലമായ മുറ്റവും ലാൻഡ്സ്കേപ്പും വീടിന്റെ മനോഹാരിത കൂട്ടുന്നതോടൊപ്പം ഉള്ളിൽ ആവശ്യത്തിനു സൂര്യപ്രകാശമെത്തിക്കുകയും ചെയ്യുന്നു. ഗെയിറ്റിൽ നിന്ന് മുൻവാതിൽ വരെ നീളുന്ന നടപ്പാതയും അതിനു നടുവിലെ ഗസീബോയും ആണ് ലാൻഡ്സ്കേപ്പിലെ ഹൈലൈറ്റ്. പ്ലാന്റർ ബോക്സിൽ ചെടി പിടിപ്പിച്ചിട്ടുള്ള വരാന്ത ലാൻഡ്സ്കേപ്പിന്റെ തുടർച്ചയായി അനുഭവപ്പെടും.

ഊഷ്മളഭാവമാണ് ലിവിങ് റൂമിന്. ഓപൻ ശൈലിയിലാണ് ക്രമീകരണങ്ങൾ എന്നതിനാൽ ആവശ്യത്തിനു വലുപ്പം തോന്നിക്കും. ഇളംനിറത്തിലെ ഫ്ലോർ ടൈലും ചുവരിലെയും ഫർണിച്ചറിലെയും തടിയുടെ സാന്നിധ്യവും ഇന്റീരിയറിന്റെ പ്രൗഢി കൂട്ടുന്നു. വലിയ ജനാലയിലൂടെ സൂര്യപ്രകാശം കൂടി ഉള്ളിലെത്തുന്നതോടെ വീട്ടകം ശാന്തസുന്ദരമാകുന്നു.ലിവിങ് റൂമിനോട് ചേർന്ന് കാർപോർച്ചിന് പിന്നിലായാണ് പൂജാമുറിയും ഗെസ്റ്റ് ബെഡ്റൂമും. പോളിഷ് ചെയ്തു മിനുസപ്പെടുത്തിയ ചെങ്കല്ലുകൊണ്ടുള്ള ചുമരും തൊട്ടടുത്തുള്ള ഗാർഡൻ സ്പേസും ഇവിടം ജീവസ്സുറ്റതാക്കുന്നു. ഗ്ലാസ് മേൽക്കൂരയാണ് ഗാർഡൻ സ്പേസിന്. ഇഷ്ടംപോലെ സൂര്യപ്രകാശം പൂജാമുറിയിലെത്തും. ഇവിടത്തെ അന്തരീക്ഷത്തിന് ചേരുംവിധം തടികൊണ്ട് ഒരുക്കിയ പീഠത്തിലാണ് വിഗ്രഹം സൂക്ഷിച്ചിരിക്കുന്നത്.

ലിവിങ്ങിനും അടുക്കളയ്ക്കും ഇടയിലായാണ് ഡൈനിങ് സ്പേസ്. ആറ് പേർക്കിരിക്കാവുന്ന ഊണുമേശയാണിവിടെ. ഡൈനിങ് സ്പേസിന് അടുത്താണ് സ്റ്റെയർകെയ്സ്. വാഷ്ഏരിയ, കിടപ്പുമുറി എന്നിവിടങ്ങളിലേക്കും ഇവിടെനിന്ന് എത്താം.ഡൈനിങ് സ്പേസിനോട് തൊട്ടുചേ ർന്നാണ് അടുക്കള, യൂട്ടിലിറ്റി റൂം എന്നിവ. ഉപയോഗക്ഷമതയ്ക്കു പ്രഥമ പരിഗണന നൽകിയാണ് രണ്ടും ഒരുക്കിയിട്ടുള്ളത്. ഇളംമഞ്ഞ നിറത്തിലുള്ള കാബി നറ്റുകളാണ് അടുക്കളയിലെ ശ്രദ്ധാകേന്ദ്രം. ഗ്ലാസ് പാനൽ ഉപയോഗിച്ചാണ് ഇ തു തയാറാക്കിയത്. ഇതിനു ചേരുന്ന നിറത്തിലുള്ള ബാക്ക്സ്പ്ലാഷ് ടൈലും കോ വ് ലൈറ്റിങ്ങും അടുക്കളയുടെ സൗന്ദര്യം ഇരട്ടിപ്പിക്കുന്നു.

പകൽ ലൈറ്റ് ഇടാതെതന്നെ ആവശ്യത്തിന് വെളി ച്ചമെത്തും വിധം ജനാലകൾ നൽകിയാണ് നാല് കിടപ്പുമുറിയും ഒരുക്കിയിട്ടുള്ളത്. വെളിച്ചം നിയന്ത്രിക്കാൻ എല്ലാ ജനാലകൾക്കും ബ്ലൈൻഡും പിടിപ്പിച്ചു. അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് ഏരിയ, വാഡ്രോബ് എന്നീ സൗകര്യങ്ങൾ എല്ലാ മുറികളിലുമുണ്ട്. വുഡ് ഫിനിഷിനാണ് ബെഡ്റൂം ഇന്റീരിയറിൽ മുൻതൂക്കം. ഫർണിച്ചർ, വാഡ്രോബ് എന്നിവയിൽ കൂടാതെ ചുമരിൽ പലയിടത്തും തടി പാന ലിങ് ചെയ്തിട്ടുമുണ്ട്. ടൈലിന് ഇളനിറം ആയതിനാൽ തടിയുടെ സാന്നിധ്യം പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. വാം, വൈറ്റ് ലൈറ്റുകൾക്ക് തുല്യപ്രാധാന്യം നൽകിയാണ് ഇവിടത്തെ ലൈറ്റിങ്. ആവശ്യാനുസരണം മുറിക്ക് ഇഷ്ടമുള്ള ‘മൂഡ്’ നൽകാം.

ഡിസൈന്: കൊച്ചുതൊമ്മൻ മാത്യു, ആർക്കിടെക്ട്
കൊച്ചുതൊമ്മൻ അസോഷ്യേറ്റ്സ്
കൊച്ചി, ബാംഗ്ളൂരു
office@ktaarchitects.com