Friday 06 November 2020 05:44 PM IST

പണിക്കാർക്ക് പണി കൊടുക്കാൻ ഒരു പുതുക്കൽ; പഴയ നിർമാണസാമഗ്രികൾ ഉപയോഗിച്ച് ലോക്ക്ഡൗൺ സമയത്ത് പുതുക്കിപ്പണിത വീടിന്റെ വിശേഷങ്ങൾ അറിയാം.

Sreedevi

Sr. Subeditor, Vanitha veedu

vinod2

ലോക്ക്ഡൗൺ സമയത്ത്, ഡിസൈനർ ആയ വിനോദ് 45 വർഷം പഴക്കമുള്ള വീടൊന്ന് പുതുക്കിപ്പണിതു. വെറുതെ അങ്ങ് പുതുക്കുകയല്ല, പഴയ നിർമാണസാമഗ്രികൾ പുനരുപയോഗിച്ചാണ് വീട് പുതുക്കിയത്. കോൺക്രീറ്റ്, ഓട്, ഷീറ്റ് ഇങ്ങനെ പല ഭാഗങ്ങളും പലതുകൊണ്ടു പണിത് അവിയൽ പരുവത്തിലായിരുന്നു ചേർത്തലയിലുള്ള വിനോദിന്റെ വീട്. ആവശ്യത്തിനു വലുപ്പമുണ്ടെങ്കിലും സൗകര്യം കുറവ്. പുതിയ സാഹചര്യങ്ങൾക്കനുസരിച്ചുള്ള ഒരു മാറ്റം അത്യാവശ്യമായിരുന്നു. അപ്പോഴാണ് ലോക്ക്ഡൗൺ എത്തിയത്. വിനോദിന്റെ കൂടെ ജോലി ചെയ്തിരുന്ന പണിക്കാരെല്ലാം വെറുതെ ഇരുപ്പായി. അവർക്ക് തൊഴിൽ എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് പണി തുടങ്ങിയത്. നിർമാണ രംഗത്തുള്ള പരിചയം ലോക്ക്ഡൗണിലും നിർമാണവസ്തുക്കൾ സംഘടിപ്പിക്കുന്നത് എളുപ്പമാക്കി.

vinod1

പുറം ഭിത്തികൾ ഉറപ്പുള്ളതാക്കി, മുകളിൽ ഒരു മുറിയെടുത്തു, ചെറിയ മുറികൾക്കിടയിലെ ഭിത്തി എടുത്തുകളഞ്ഞ് ആവശ്യത്തിനു വലുതാക്കി, ഇന്റീരിയർ കുറച്ചുകൂടി ഭംഗിയാക്കി...ഇത്രയും കാര്യങ്ങളാണ് ചെയ്തത് എന്ന് ചുരുക്കിപ്പറയാം. ഏകദേശം നാല് മാസം വേണ്ടിവന്നു പണി പൂർത്തിയാകാൻ. സാധാരണ വീടുപണിപോലെയായിരുന്നില്ല ഈ പുതുക്കിപ്പണിയൽ. പഴയ വീടിന്റെ പുറം ഭിത്തികൾ ഒറ്റനിര ഇഷ്ടികകൊണ്ടാണ് കെട്ടിയിരുന്നത്. കുറച്ചുകൂടി ബലമുള്ള ഭിത്തികൾക്കുവേണ്ടി പഴയ പുറം ഭിത്തിയോടു ചേർത്ത് അടിത്തറ നിർമിച്ച് ഭാരം താങ്ങാൻ ശേഷിയുള്ള പുതിയ പുറം ഭിത്തികൾ നിർമിക്കുകയായിരുന്നു ആദ്യഘട്ടം. അതിനുശേഷം ലോഹചട്ടക്കൂടിൽ മേൽക്കൂര സ്ഥാപിച്ചു. ചുരുക്കത്തിൽ പറഞ്ഞാൽ വീടിന്റെ എക്സ്റ്റീരിയർ തയാറായിക്കഴിഞ്ഞ ശേഷമാണ് പണി അകത്തേക്കു കടന്നത്.

vinod8

മേൽക്കൂര സ്ഥാപിച്ചപ്പോൾ മുൻവശത്തെ ഭാഗം ഡബിൾ ഹൈറ്റിൽ, ഏകദേശം 18.5 അടി പൊക്കത്തിലാണ് നിർമിച്ചത്. മുകളിൽ ഒരു കിടപ്പുമുറിയും ഫാമിലി ലിവിങ്ങും രണ്ട് നിലകളെയും കൂട്ടിയോജിപ്പിക്കുന്ന ഇന്റർമീഡിയേറ്റ് ലെവലിൽ ഒരു കിടപ്പുമുറിയും കിട്ടി. പഴയ വീടിന്റെ തട്ടിട്ട ഭാഗം പ്രയോജനപ്പെടുത്താനുള്ള മാർഗം കൂടിയായിരുന്നു ഇത്. താഴെ ലിവിങ് റൂം ആണ് ഡബിൾ ഹൈറ്റിൽ വരുന്നത്. ഇവിടെ കാണുന്ന ഷാൻലിയർ ക്വാർഡ്സ് കൊണ്ടുള്ളതാണ്. പഴയ മെഴുകുതിരി കത്തിക്കുന്ന രീതിയിലുള്ള ഈ ഷാൻഡ്ലിയർ ശ്രീലങ്കയിൽ നിന്ന് വാങ്ങിയതാണ്. പഴയ വീടിന്റെ സ്വീകരണമുറിക്കും ഊണുമുറിക്കും ഇടയിൽ ഒരു മുറി കൂടി ഉണ്ടായിരുന്നു. അതിന്റെ ഭിത്തികൾ എടുത്തുമാറ്റി ലിവിങ് റൂമിന്റെയും ഡൈനിങ് റൂമിന്റെയും വിസ്താരം കൂട്ടി.

vinod4

ഊണുമുറിയിലെ കാഴ്ച ഒരു പല്ലക്ക് ആണ്. ഒരു കൊട്ടാരത്തിൽ നിന്ന് സ്വന്തമാക്കിയതാണ് ഇത്. അലങ്കാരം മാത്രമല്ല, അത്യാവശ്യം സാധനങ്ങൾ സൂക്ഷിക്കാനുള്ള ഇടം കൂടിയാണീ പല്ലക്ക്. പല്ലക്ക് മാത്രമല്ല, ഒരു മഞ്ചൽ കൂടിയുണ്ട് ഈ വീട്ടിൽ. ഗരുഡവിഗ്രഹമിരിക്കുന്നത് ഈ മഞ്ചലിലാണ്. ഫർണിച്ചർ എല്ലാം പഴയ വീട്ടിൽ ഉപയോഗിച്ചിരുന്നതുതന്നെയാണ്. പോളിഷ് ചെയ്തും കേടുപാടുകൾ മാറ്റിയും പുനരുപയോഗിച്ചു. പുതിയതായി ഒരു പൂജാമുറിയും എടുത്തിട്ടുണ്ട്. ഇവിടെ ഒരു വാതിലിന്റെ പാളിയിൽ ക്ഷേത്രാചാരങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു വാൾ സ്ഥാപിച്ചിട്ടുണ്ട്. പഴയ വീട്ടിലെ ചെറിയ ചില മുറികൾ കൂട്ടിച്ചേർത്താണ് ഗോവണിമുറി സജ്ജീകരിച്ചത്. വൈൻഡേഴ്സ് ഇനത്തിൽപ്പെട്ട ചതുരഗോവണി ഒറ്റപീസ് ആയി വാങ്ങിയതാണ്.

vinod3

മനോഹരമായി കടഞ്ഞെടുത്ത കാലുകളും കൈവരിയുമുള്ള ഒരു കലാശില്പം തന്നെയാണിത്. നാല് കിടപ്പുമുറികളാണ്. രണ്ടെണ്ണം മുകളിലും രണ്ടെണ്ണം താഴെയും. അടുക്കള പുതിയ ജീവിതരീതിയോടു ചേരുന്ന വിധത്തിലാണ് ക്രമീകരിച്ചത്. എസിപി പാനൽ കൊണ്ടുള്ള കബോർഡുകളും മറ്റ് നൂതന ഉപകരണങ്ങളും ഇവിടെ കാണാം. കിടപ്പുമുറികളിലെ ഫർണിച്ചർ എല്ലാം പഴയതാണ്, ആന്റിക് മൂല്യം ഉള്ളവയും. മുറികളിലെല്ലാം വൈൻഡിങ് ക്ലോക്കുകളും സ്ഥാപിച്ചു. പുതുതായി ഒരു ബാത്റൂം മാത്രമേ നിർമിക്കേണ്ടിവന്നുള്ളൂ. ബാക്കിയെല്ലാം പഴയ ബാത്റൂമുകൾ ഫിറ്റിങ്ങ്സും ടൈലും മാറ്റി സൗകര്യപ്രദമാക്കിയവയാണ്. മുകളിലെ ഫാമിലി ലിവിങ് റൂമാണ് വീട്ടുകാരുടെ പ്രിയപ്പെട്ട ഇടം.

vinod5

ഇരുവശത്തും കളർഗ്ലാസ് പതിച്ച ജനാലകളോടു കൂടിയ ഇവിടം ജീവിതത്തെ നിറപ്പകിട്ടുള്ളതാക്കുന്നു. ഫാമിലി ലിവിങ്ങിനോടു ചേർന്ന തിയേറ്റർ റൂമിലാണ് ടിവി സജ്ജീകരിച്ചിട്ടുള്ളത്. ഏകദേശം 130 പാളികൾ ഉണ്ട് ഈ വീട്ടിലെ ജനലുകൾ മാത്രം. ജനലുകൾ എല്ലാം കുറഞ്ഞത് രണ്ടുപാളിയെങ്കിലുമുണ്ട്. രണ്ട് ബംഗ്ലാവുകൾ പൊളിച്ചു കിട്ടിയ ജനലുകളാണ് ഇവിടെ ഉപയോഗിച്ചത്. വാതിലുകളും പഴയതുതന്നെ. ജനലുകളും വാതിലുകളും നേരത്തേ വാങ്ങിവച്ചിരുന്നത് കാര്യങ്ങൾ എളുപ്പമാക്കി. അകത്തള അലങ്കാരത്തിന് ആൻറിക് ഒരുപാട് ഉപയോഗിച്ചിട്ടുണ്ട്. കേരളീയ കെട്ടിട നിർമാണ ശൈലിയുടെ പ്രസക്തി വരുന്ന തലമുറയിലേക്ക് എത്തിക്കാൻ ഇത്തരം വീടുകൾ വലിയൊരു പങ്കുവഹിക്കുമെന്നതിൽ തർക്കമില്ല. ഈ വീടും വരും തലമുറകൾക്ക് ഒരു പാഠപുസ്തകമായിരിക്കും.

vinod6
Tags:
  • Vanitha Veedu