Friday 13 November 2020 04:32 PM IST

പുതിയതെന്നപോലെ പുതുക്കിപ്പണിയൽ; 15 വർഷം പ്രായമുള്ള വീടിന് കായകല്പചികിത്സ നൽകി ധനിഷയും ദിലീപും

Sreedevi

Sr. Subeditor, Vanitha veedu

calicut new 3

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കടുത്തുള്ള റിട്ടയേർഡ് അദ്ധ്യാപകനായ അഗസ്റ്റിന്റെ വീടിന് 15 വർഷത്തെ പഴക്കമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, മുറികൾ ചെറുതും സൗകര്യങ്ങൾ കുറവും പ്രശ്നം തന്നെയായിരുന്നു. വീട് പുതുക്കൽ ഏറ്റെടുത്ത ആർക്കിടെക്ട് ധനിഷയോടും എൻജിനീയർ ദിലീപിനോടും വീട്ടുകാർക്ക് ഒന്നേ ആവശ്യപ്പെടാൻ ഉണ്ടായിരുന്നുള്ളൂ. പുതുക്കിയ വീടാണെന്നു തോന്നരുത്, പുതിയ വീട് ആണെന്നുതന്നെ തോന്നണം. കന്റെംപ്രറി ശൈലിയിലുള്ള വീടിനെ ഇഷ്ടപ്പെടുന്ന വീട്ടുകാർക്ക് 1000 ചതുരശ്രയടിയിൽ നിന്ന് 2400 ചതുരശ്രയടിയുള്ള വീട് സമ്മാനിച്ചു സ്ഥിതി ആർക്കിടെക്ചർ.

calicut new1

താഴത്തെ കിടപ്പുമുറികളും ബാത്റൂമുകളും വലുപ്പം കൂട്ടി മുഴുവൻ പുതിയതാക്കി, പഴയ ലിവിങ് റൂം കിടപ്പുമുറിയാക്കി, വീടിന്റെ പ്രവേശനകവാടം മാറ്റി എന്നിങ്ങനെ മാറ്റങ്ങൾ പലത്. മുകളിലെ നിലയുടെ ഭാരം താങ്ങാൻ പുറത്ത് രണ്ട് ബീം കൊടുത്തതാണ് മറ്റൊരു ശ്രദ്ധേയ മാറ്റം. സോയിൽ ടെസ്റ്റ് ചെയ്ത് താഴത്തെ നിലയ്ക്ക് താങ്ങാനാവുന്ന ഭാരം പരിശോധിച്ചാണ് ഈ ബീം നൽകിയത്. പുതുതായി പണിത ബീമിൽ ഭാരം നൽകിയതിനാൽ മുകളിലെ കിടപ്പുമുറിക്ക് വലുപ്പം കൂടുതൽ കിട്ടിയെന്ന് ദിലീപ് പറയുന്നു.

calicut new

ആദ്യം താഴത്തെ നിലയിൽ പൊളിക്കേണ്ട ഭിത്തികൾ പൊളിച്ചു മാറ്റി. പിന്നീട് ബീം നിർമിച്ച് മുകളിലെ നില പണിതു. മുകളിലെ നിലയുടെ പണി തീർത്താണ് താഴത്തെ ബാക്കി പണികൾ പൂർത്തിയാക്കിയത്. അതിനു ശേഷം ഇന്റീരിയർ ചെയ്തു. ബാത്റൂമിലെ എല്ലാ ഫിറ്റിങ്ങുകളുംമാറ്റി. താഴത്തെ ഫ്ലോറിങ് ഇന്ത്യൻ മാർബിൾ കൊണ്ടായിരുന്നു. വലിയ കേടുപാടുകൾ ഇല്ലാതിരുന്നതിനാൽ പോളിഷ് ചെയ്ത് നിലനിർത്തി.

calicut new 5

മുകളിലെ നിലയിൽ വിട്രിഫൈഡ് ടൈൽ ഫ്ലോറിങ് ആണ്. വെട്ടുകല്ലാണ് ഭിത്തി നിർമാണത്തിന് ഉപയോഗിച്ചത്. ഗോവണി പൂർണ്ണമായും മാറ്റി. തടിയും സ്റ്റീലും കൊണ്ടുള്ള ഹാൻഡ്റെയിൽ ഇന്റീരിയറിന്റെ അഴകായി മാറി. പഴയ വീടുകൾക്ക് ബലക്കുറവുണ്ട് എന്നതുകൊണ്ട് പൊളിക്കേണ്ടതില്ല എന്നാണ് ആർക്കിടെക്ട് പറയുന്നത്. സ്ട്രക്ചറൽ സ്റ്റെബിലിറ്റി ഉണ്ടെങ്കിൽ വീടിന്റെ ഘടനയെ ബാധിക്കാതെ തന്നെ പുതുക്കിയെടുക്കുകയുമാകാം.

calicut new 4

കടപ്പാട്: ദിലീപ്, എൻജിനീയർ,സ്ഥിതി, കോഴിക്കോട് ഫോൺ: 9895220263, 04952744030

Tags:
  • Vanitha Veedu