Thursday 18 March 2021 05:06 PM IST

റോഡരികിൽ വീട് വയ്ക്കുമ്പോൾ ചിലതെല്ലാം ശ്രദ്ധിക്കണം; എംസി റോഡരികിലുള്ള ബെഥേൽ ശ്രദ്ധിക്കപ്പെടാൻ കാരണം ഇവയാണ്...

Sreedevi

Sr. Subeditor, Vanitha veedu

ankamali 1

അങ്കമാലിക്കും കാലടിക്കുമിടയിൽ എംസി റോഡരികിലുള്ള നാൽപത് സെന്റിലെ വീടാണ് ബെഥേൽ. റോഡിൽ നിന്ന് ഏകദേശം എട്ട് അടിയോളം ഉയർന്ന പ്ലോട്ട് ആണ്. ട്രോപ്പിക്കൽ കാലാവസ്ഥയോടു  ചേരുന്ന വീടാണ് കാക്കനാടുള്ള മാക്ടെറാ ആർക്കിടെക്ട്സ് ആൻഡ് ഡിസൈനേഴ്സ് ഈ പ്ലോട്ടിലേക്ക്  അനുയോജ്യമെന്ന് കണ്ടെത്തിയത്.

ankamali 3

ലളിതമായ, എന്നാൽ കാഴ്ചയിൽ പ്രൗഢി തോന്നിക്കുന്ന ഒറ്റനില വീട് വേണമെന്നായിരുന്നു വീട്ടുകാരി ടെസ്സി ജോസിന്റെ ആഗ്രഹം. പ്ലോട്ടിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയ, കാലാവസ്ഥയ്ക്കിണങ്ങുന്ന, ലളിതമായ ഡിസൈൻ ബെഥേലിനു നൽകി ആർക്കിടെക്ടുമാരായ ജോസു ബി. സെബാസ്റ്റ്യനും കൊളീൻ ജോസ് തോമസും.

ankamali 4

2200 സ്ക്വയർഫീറ്റ് ആണ് വീടിന്റെ വിസ്തീർണം. സാധാരണ ദിവസങ്ങളിൽ താമസക്കാരുടെ എണ്ണം കുറവാണെങ്കിലും വിദേശത്തുള്ള മക്കൾ എത്തുമ്പോൾ എല്ലാവരെയും സൗകര്യപ്രദമായി ഉൾക്കൊള്ളാൻ കഴിയുന്ന, മെയിന്റനൻസ് കുറഞ്ഞ വീടാകണം എന്നുണ്ടായിരുന്നു. 

ankamali 9

വീട്ടുകാരുടെ സ്വകാര്യതയിൽ വീട്ടുവീഴ്ച ചെയ്യേണ്ടതില്ല എന്ന ചിന്തയുള്ളതിനാൽ പ്ലാനിൽ തന്നെ വീടിനെ വ്യത്യസ്ത സോണികളാക്കി തിരിച്ചു. അതിഥികളും പുറമേ നിന്നുള്ളവരും എത്തുന്ന പബ്ലിക് സോണിൽ സിറ്റ്‌ഔട്ടും ഡ്രോയിങ് റൂമും വരും. അതിനപ്പുറം വീട്ടുകാരുടെ മാത്രം ഏരിയയാണ്. ബെഡ്റൂമുകളിൽ വീട്ടുകാർക്ക് വീട്ടുകാർക്ക് പൂർണസ്വാതന്ത്ര്യം ഉണ്ടാകണം എന്ന ലക്ഷ്യത്തോടെ സെമി പ്രൈവറ്റ് സോൺ തിരിച്ചു. ഡൈനിങ്, കിച്ചൻ, ഹോംതിയറ്റർ കൂടാതെ ഒരു പാരന്റ് റൂമും ഈ ഏരിയയുടെ ഭാഗമാണ്.

ankamali 6

മൂന്ന് ബെഡ്റൂമുകളും ഫാമിലി ലിവിങ്ങും പ്രാർഥാനാ ഏരിയയുമൊക്കെ പൂർണമായും പ്രൈവറ്റ് ഏരിയയിൽ വരുന്നു. മുറികളെയെല്ലാം പരസ്പരം ബന്ധിപ്പിക്കാൻ ഓപൻ കോർട്‌യാർഡുകളും ഇടനാഴികളുമൊക്കെ പ്രയോജനപ്പെടുത്തി. കോർട്‌യാർഡും ഡൈനിങ്ങിൽ നിന്നുള്ള പാഷ്യോയുമൊക്കെ വീടിനെ ചുറ്റുപാടുകളുമായി ഇഴുകിച്ചേരാനും അനുവദിക്കുകയും ചെയ്യുന്നു. 

ankamali 5

പ്രാദേശികമായി ലഭിക്കുന്ന നിർമാണസാമഗ്രികൾ പരമാവധി ഉപയോഗിച്ചു. നാച്വറൽ സ്റ്റോണും വെട്ടുകല്ലുമാണ് ക്ലാഡിങ്ങിന്. ഫ്ലോറിങ്ങിന് വിട്രിഫൈഡ് ടൈലും തടിയും. തടിപ്പണികൾ എല്ലാം തേക്കുകൊണ്ടാണ്.

ankamali 8

പ്ലോട്ടിന്റെ ഉയർച്ച താഴ്ചകൾ മുതലെടുത്താണ് ലാൻഡ്സ്കേപ്പിങ് ചെയ്തത്. റോഡിൽ നിന്ന് വീടിന് ശ്രദ്ധകിട്ടാൻ പുൽത്തകിടി വളരെയധികം സഹായിച്ചു. പുൽത്തകിടി കൂടാതെ, മതിലിനോടു ചേർന്ന് ധാരാളം മരങ്ങളും നട്ടു പിടിപ്പിച്ചിട്ടുണ്ട്. ഈ മരങ്ങൾ വളർന്നാൽ റോഡിൽ നിന്നുള്ള പൊടിയും ശബ്ദവും കാഴ്ചയും അരിച്ച് വീടിന് കുറേക്കൂടി സ്വകാര്യത ലഭിക്കും. സൂര്യപ്രകാശത്തിന്റെ കാഠിന്യം കുറയ്ക്കാനും ശുദ്ധവായു ലഭിക്കാനും ഈ മരങ്ങൾ സഹായിക്കും.

ankamali 7

വിവരങ്ങൾക്കു കടപ്പാട്: 

ജോസു ബി. സെബാസ്റ്റ്യൻ, കൊളീൻ ജോസ് തോമസ്, ആർക്കിടെക്ട്സ്,

മാക്ടെറാ ആർക്കിടെക്ട്സ് ആൻഡ് ഡിസൈനേഴ്സ്, കാക്കനാട്, കൊച്ചി

ഫോൺ: +91- 7356995456, +91- 9488147452, +91- 9446368082

Tags:
  • Vanitha Veedu