Wednesday 23 September 2020 10:19 AM IST : By Sreedevi

2500 ചതുരശ്രയടിയുണ്ട്, എന്നിട്ടും ഒറ്റനിലയില്‍ വീടൊരുക്കി; ആ സന്തോഷത്തിനു പിന്നിലെ കാരണം ഇതാണ്‌

sree1

കൊട്ടാരക്കരയുള്ള സുനിലിന്റെയും വിധുബാലയുടെയും വീട് അത്ര ചെറുതല്ല, 2400 ചതുരശ്രയടിയുണ്ട്. എന്നിട്ടും ഒറ്റ നിലയായി വീടു പണിതതിനു കാരണമുണ്ട്. ഒറ്റനില വീടാണ് കൂടുതൽ ഫങ്ഷണൽ എന്നാണ് സുനിലിന്റെ അഭിപ്രായം. ഇരുനില വീടുകൾ വീട്ടുകാരെ ചെറിയ തുരുത്തുകളിലേക്കു നയിക്കുമ്പോൾ ഒറ്റനില വീട് എല്ലാവർക്കും എപ്പോഴും പരസ്പരം കാണാനും ഇടപഴകാനും സാധ്യത നൽകുന്നു. പല വീടുകളിലും മുകളിലെ നില സ്ഥിരമായി ഉപയോഗിക്കാതെ പൊടിപിടിച്ചു കിടക്കുകയും ചെയ്യാറുണ്ട്. പ്രായമാകുമ്പോൾ മുട്ടുവേദന പോലുള്ള പ്രശ്നങ്ങൾ ഗോവണി കയറുന്നതിൽ നിന്ന് വിലക്കുകയും ചെയ്യും. നഗരപ്രദേശത്തിൽ നിന്നു മാറിയുള്ള, പ്ലോട്ട് അൽപം വലുതായിരുന്നതിനാലാണ് ഇത്തരത്തിൽ ഒറ്റനില വീട് നിർമിക്കാൻ സാധിച്ചതെന്ന് സുനിൽ പറയുന്നു. കരുനാഗപ്പള്ളിയിലുള്ള എൻജിനീയറായ ജോർജ് വർഗീസിനായിരുന്നു വീടിന്റെ നിർമാണച്ചുമതല.

sree2

ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ് അടുക്കള, വർക്ക് ഏരിയ, ബാത്റൂം അറ്റാച്ഡ് ആയ നാല് കിടപ്പുമുറികൾ എന്നിങ്ങനെ വീടിന്റെ ഘടന വളരെ ലളിതമാണ്. ഡൈനിങ്ങും ഫാമിലി ലിവിങ്ങും വരുന്ന, വീടിന്റെ നടുവിലെ ഭാഗം മാത്രം ഡബിൾ ഹൈറ്റിലാണ് നിർമിച്ചത്. ഭിത്തിയുടെ മുകൾ വശത്ത് മുഴുവൻ ജനലുകൾ നൽകി വീടിനുള്ളിലേക്കാവശ്യമായ വെളിച്ചം മുഴുവൻ എത്തിക്കുന്നു. എംഡിഎഫ് കൊണ്ടാണ് കബോർഡുകൾ എല്ലാം നിർമിച്ചിരിക്കുന്നത്. 

sree3

വീടിനു പുറത്തെ പൂന്തോട്ടവും കൂജയുമാണ് എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. വീട് പണിയുന്ന സമയത്ത് കൂജയിൽ നട്ട മാവ് ഇപ്പോൾ വളർന്നു വലുതായി. പൂന്തോട്ടം അതിന്റെ മുഴുസൗന്ദര്യത്തിലേക്കെത്തി. മക്കളായ ശബരിനാഥിനും സായിനാഥിനുമൊപ്പം സുനിലും വിധുബാലയും വീട്ടിൽ സന്തോഷത്തോടെയിരിക്കുന്നു.