സ്വന്തം വീടിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളയാളാണ് കൊച്ചി മരട് സ്വദേശി സോജൻ വർഗീസ്. വേറിട്ട ഡിസൈൻ വേണമെന്നതായിരുന്നു സോജൻ ആർക്കിടെക്ട് സുജിത് കെ. നടേശനോട് ആവശ്യപ്പെട്ടത്. 2017 ൽ ഡിസൈൻ ചെയ്ത വീടിന്റെ പണി പൂർത്തിയാകുന്നത് ഈയടുത്താണ്. ലോണെടുക്കാതെ വീടു പണിയണമെന്ന ആഗ്രഹം കൊണ്ടാണ് കാലതാമസം ഉണ്ടായത്. 2021ൽ. 11 സെന്റിൽ 3000 ചതുരശ്രയടിയിലാണ് വീട്.
ഈ വീട് കാണുമ്പോഴും പുതുമ തോന്നുവെന്നതാണ് ഡിസൈനിന്റെ മേന്മ. കാലങ്ങൾക്കതീതമായ ഡിസൈൻ എന്നാണ് ആർക്കിടെക്ട് ഈ വീടിനെ വിശേഷിപ്പിക്കുന്നത്. അകത്തേക്കു കയറിയാലുടൻ കാണുന്നത് ഡബിൾഹൈറ്റ് ലിവിങ് റൂം ആണ്. ഇത് ആദ്യകാഴ്ചയിൽ തന്നെ വീട് വളരെ വിശാലമായി തോന്നിക്കാൻ സഹായിക്കുന്നു.
ഫോയറിനോടു ചേർന്നു തന്നെ കോർട്യാർഡും അതിനുള്ളിൽ സ്റ്റെയർകെയ്സുമുണ്ട്. ഡബിൾഹൈറ്റ് ഏരിയയിലാണ് സ്റ്റെയർകെയ്സ് വരുന്നത്. കോമൺ ഏരിയയെ വേർതിരിക്കുന്ന പാർട്ടീഷനായി സ്റ്റെയർകെയ്സും കോർട്യാർഡും പ്രവർത്തിക്കുന്നു.ഒതുക്കമുള്ള ഓപൻ കിച്ചനിൽ നിന്നാൽ ഗെയ്റ്റിലെത്തുന്നവരെ കാണാൻ പറ്റും. ബ്രേക്ഫാസ്റ്റ് കൗണ്ടറുമുണ്ട്. വെള്ളനിറത്തിലുള്ള അക്രിലിക് ഷീറ്റും പ്ലൈവുഡും കൊണ്ടാണ് കാബിനറ്റുകൾ നിർമിച്ചത്.
കോർട്യാർഡിനടുത്തായാണ് പ്രെയർ ഏരിയ കം സ്റ്റഡി നൽകിയിട്ടുള്ളത്. ഡബിൾഹൈറ്റ് ആയതിനാൽ ഇവിടേക്ക് നല്ലതുപോലെ വെളിച്ചമെത്തും. പടിഞ്ഞാറു വശത്തുള്ള ചുമരിൽ ഗ്ലാസ് കൊടുത്തിരിക്കുന്നതിനാൽ വൈകുന്നേരമായാലും ഇവിടെ പ്രകാശം ലഭിക്കും.
ലിവിങ് റൂമിന് ട്വിസ്റ്റഡ് ഗ്ലാസ് വിൻഡോ ആണ്. ഇത് ഇന്റീരിയറിൽ മാത്രമല്ല എക്സ്റ്റീരിയർ കാഴ്ചയിലും ഭംഗിയേകുന്നു. ഡൈനിങ്ങിൽ നിന്ന് പുറത്തേക്കിറങ്ങാം. അതിനായി ചുമരു നിറയുന്ന ഫോൾഡിങ് & സ്ലൈഡിങ് വിൻഡോ നൽകിയിട്ടുണ്ട്. പ്രത്യേക രീതിയിലും ആകൃതിയിലുമാണ് ഈ വീട്ടിൽ ജനലുകൾക്കായുള്ള ഓപനിങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. എക്സ്റ്റീരിയറിലെ ദീർഘചതുരാകൃതിയിലുള്ള ട്വിസ്റ്റഡ് ഫോമിന്റെ ഭാഗമായാണ് ഈ ഓപനിങ്ങുകൾ വരുന്നത്. കൃത്യമായി ആലോചിച്ചാണ് ഈ ഓപനിങ്ങുകളെല്ലാം നൽകിയിരിക്കുന്നത്. വീടുപണി തലവേദനയാക്കി മാറ്റാതെ വീടൊരുക്കി നൽകിയ സുജിത്തിനോടാണ് സോജന്റെ നന്ദി മുഴുവനും.
മുകൾ നിലയിലെ ഫാമിലി ലിവിങ് മൾട്ടിപർപ്പസ് റൂമായാണ് ഒരുക്കിയിരിക്കുന്നത്. ഹോം തിയറ്ററായും ഇത് ഉപയോഗിക്കാം. ഹോംതിയറ്ററിന്റെ ശബ്ദ വിന്യസത്തിനായി മൂന്ന് വശങ്ങളിലും മോട്ടോറൈസ്ഡ് കർട്ടൻ ക്രമീകരിച്ചു. സ്റ്റെയർകെയ്സിന്റെ ഹാൻഡ്റെയിലിലും വാഷ് ഏരിയയിലും എംസ് ഷീറ്റിൽ സിഎൻസി കട്ടിങ് ചെയ്ത് ഡിസൈൻ നൽകിയിട്ടുള്ളതൊഴിച്ചാൽ മറ്റു അലങ്കാരങ്ങളൊന്നും വീടിനകത്തില്ല.
ഡിസൈൻ: സുജിത് നടേഷൻ, ആർക്കിടെക്ട്
സൻസ്കൃതി ആർക്കിടെക്ട്സ്, കൊച്ചി
info@sanskritiarchitects.in