Friday 13 August 2021 04:26 PM IST

മുളയാണ് കളയരുത്; പാഴ്മുളയും ലോഹക്കഷണങ്ങളും രാജീവിനു നൽകിയത് പുതുജീവിതം

Sunitha Nair

Sr. Subeditor, Vanitha veedu

hby2

സോഷ്യൽ മീഡിയയിൽ സജീവമായവർക്കെല്ലാം വിൻഡ്ക്രാഫ്ടിനെക്കുറിച്ചറിയാം. വിൻഡ് ക്രാഫിടിന്റെ വിശദാംശങ്ങൾ അറിയാൻ വിളിക്കുമ്പോള്‍ ആൻഡമാൻ നിക്കോബാറിലാണ് വിൻഡ് ക്രാഫ്ടിന്റെ ‘വിങ്സ്’ ആയ രാജീവ്. അവിടെ ഒരു റിസോർട്ടിലേക്ക് ആർട് വർക്കുകൾ ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു രാജീവും സംഘവും. ‘രാജീവ് വിൻഡ്’ എന്ന പേരിലാണ് വി. കെ. രാജീവ് അറിയപ്പെടുന്നത്. അതിനു കാരണം വിൻഡ് ക്രാഫ്റ്റ് എന്ന രാജീവിന്റെ സംരംഭം തന്നെ.

hby3

ഫ്രീലാൻസ് ഡിസൈനറും ആർട്ടിസ്റ്റുമായ രാജീവ്, മുള, മെറ്റൽ എന്നിവയിലാണ് അദ്ഭുതങ്ങൾ വിരിയിക്കുന്നത്. ലൈഫ്സ്റ്റൈൽ, ഡെക്കർ ഉൽപന്നങ്ങളും ആർട് വർക്കുമാണ് ഇങ്ങനെ ഉടലെടുക്കുന്നത്. ഏകദേശം 18 വർഷങ്ങൾക്കു മുന്നേ മുള കൊണ്ട് വിൻഡ് ചൈമുകളുണ്ടാക്കിയാണ് രാജീവ് ഈ രംഗത്തേക്കിറങ്ങുന്നത്. ആദ്യകാലം മുതൽക്കു തന്നെ രാജീവ് ഫെയ്സ്ബുക്കിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയിരുന്നു. രാജീവിന്റെ ഉൽപന്നങ്ങൾ ഫെയ്സ്ബുക്കിലൂടെയാണ് ലോകം അറിഞ്ഞതും ആവശ്യക്കാർ സമീപിക്കാൻ തുടങ്ങിയതും. ഇപ്പോൾ ഇൻസ്റ്റഗ്രാമിലും സജീവമാണ്.

hby4

ആവശ്യക്കാർക്ക് അവരുടെ ഇഷ്ടാനുസരണം ഉൽപന്നങ്ങൾ നിർ‍മിച്ചു നൽകും. ആർക്കിടെക്ടുമാർക്കൊപ്പമാണ് കൂടുതൽ വർക്കുകളും ചെയ്യുന്നത്. അവർ കൃത്യമായി തീം പറയും, അതനുസരിച്ച് രാജീവിന്റെ ഭാവന വിരിയും. ട്രീറ്റ് ചെയ്ത് ഈടു കൂട്ടിയ ബാംബൂ ആണ് ഉപയോഗിക്കുന്നത്. മുള മറ്റു സാമഗ്രികൾക്കൊപ്പം ചേർത്തുപയോഗിക്കുമ്പോൾ ഡെക്കർ ഉൽപന്നങ്ങൾ വേറെ ലെവൽ ആയി മാറുമെന്നാണ് രാജീവിന്റെ പക്ഷം. മുളയുടെ പരിമിതികൾ ഇപ്രകാരം മറികടക്കാൻ സാധിക്കും.

hby1

മുള കൊണ്ടുള്ള പേപ്പർ ക്ലിപ് വരെ രാജീവിന്റെ ഉൽപന്നങ്ങളിൽപ്പെടുന്നു. പ്രകൃതിയോടുള്ള പ്രതിബദ്ധത കൂടി ഇതിനു പിന്നിലുണ്ട്. 50 രൂപ മുതൽ 50,000 രൂപ വരെയാണ് ഉൽപന്നങ്ങളുടെ വില. ഇടുക്കിക്കാരനായ രാജീവ് വയനാടാണ് തന്റെ കർമരംഗമായി തിരഞ്ഞെടുത്തത്. ബെംഗളൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ വർക്‌ഷോപ്പുകളിൽ സ്ഥിരമായി പങ്കെടുക്കാറുണ്ട്. എൻ‌െഎഡിയിലെ ബാംബൂ ഡിസൈൻ ഹെഡ് സുശാന്ത് സത്യേന്ദ്രന്റെ പ്രോത്സാഹനമാണ് തന്റെ സൃഷ്ടികളുടെ പൂർണതയ്ക്കു കാരണമെന്ന് രാജീവ് വിശ്വസിക്കുന്നു.