വന്നും പോയും തിരിച്ചുവന്നും പോയും വീണ്ടും വന്നും കൊണ്ടിരിക്കുന്നതാണ് ഫാഷൻ. വസ്ത്രത്തിന്റെ മാത്രമല്ല, ഇന്റീരിയറിന്റെ ഫാഷനും അങ്ങനെതന്നെ. ക്രോഷ്യോ വർക്, കട്ട്വർക് ഇതെല്ലാം ഇത്തരത്തിൽ കാലചക്രത്തിന്റെ ചലനത്തിൽ ചതഞ്ഞരഞ്ഞതും ഉയിർത്തെണീറ്റതുമാണ്.
യൂറോപ്യൻ അകത്തളങ്ങളിൽ പ്രിയങ്കരമായ ക്രോഷ്യോവർക്കിനിപ്പോൾ നമ്മുടെ നാട്ടിൽ നല്ല കാലമാണ്. ക്രോഷ്യോവർക്, കട്ട്വർക്, ക്രോസ് സ്റ്റിച്ച് ഇവയെല്ലാം സോഫ്ട് ഫർണിഷിങ്ങിൽ വീണ്ടും ആധിപത്യം പുലർത്തി തുടങ്ങി. ട്രെഡീഷനൽ, ക്ലാസിക്കൽ, മിനിമലിസ്റ്റിക്, മോഡേൺ ഇന്റീരിയറുകളിലേക്കെല്ലാം ഒരുപോലെ യോജിക്കുന്ന രീതിയിലാണ് ഈ ഹാൻഡ് വർക്കുകൾ രംഗപ്രവേശം ചെയ്തത്.

കുഷനുകളിലെ ക്രോഷ്യോലേസ്വർക്കുകൾ അകത്തളത്തിന്റെ ആഢ്യത്വം എടുത്തുകാണിക്കും. ബെഡ്ഷീറ്റിലും റണ്ണറിലും ഡൈനിങ് ക്ലോത്തിലുമൊക്കെ ക്രോസ്സ്റ്റിച്ച് കൊടുക്കുന്നതാണ് മറ്റൊരു ശൈലി.
ബെഡ് ഷീറ്റിനു കുറുകെയും ഡൈനിങ് ടേബിളിലും കട്ട്വർക്ക് ചെയ്ത റണ്ണറുകൾ വീണ്ടും ട്രെൻഡ് ആയിത്തുടങ്ങി. കർട്ടൻ നിർമിച്ച അതേ മെറ്റീരിയൽ കൊണ്ടുള്ള റണ്ണർ, ബെഡിനു കുറുകെയോ നടുവിൽ മാത്രമോ വിരിച്ച് അലങ്കരിച്ചിടാം.
ഷിയർ കർട്ടൻ അകത്തും കട്ടിയുള്ള പ്രധാന കർട്ടൻ പുറത്തുമായിരുന്നു ഇത്ര നാളുമെങ്കിൽ ഇപ്പോൾ കാര്യങ്ങൾ നേരെ തിരിഞ്ഞു. ഷിയർ കർട്ടന്റെ സ്ഥാനം, കട്ടിയുള്ള കർട്ടനു മുകളിലാണ്. കർട്ടൻ നോബിന് അലങ്കാരങ്ങളുടെ അകമ്പടി ലഭിച്ചതും ഇക്കാലത്തെ പ്രത്യേകതയാണ്.
കട്ടികൂടിയ തുണി വോൾ ആർട് ആക്കി ഉപയോഗിക്കുന്നതാണ് മറ്റൊരു ട്രെൻഡ്. പാറ്റേണുകൾ ഉള്ള തുണി തടികൊണ്ടുള്ള ഫ്രെയിം വർക്കിൽ സ്ഥാപിക്കാം.
കടപ്പാട്: സോണിയ ലിജേഷ്, ഡിസൈനർ, തൃശൂർ. ഫോൺ: 99953 22215