കോവിഡ് ഭീതിമൂലം ആളുകള്‍ റസ്റ്ററന്റില്‍ കയറുന്നത്തു കുറഞ്ഞു. പാഴ്‌സലുകളും കുറവ്. ജോലിക്കാര്‍ക്ക് ശമ്പളവും വാടകയും വൈദ്യുതബില്ലുമെല്ലാം കഴിയുമ്പോള്‍ ഉടമസ്ഥന്റെ നിരാശമാത്രം ബാക്കി. ജനജീവിതം പഴയ രീതിയിലാവാന്‍ എത്രനാളെടുക്കുമെന്ന് ഒരുപിടിയുമില്ല താനും...

ഇതിനൊരുപരിഹാരമാണ് ക്ലൗഡ് കിച്ചൻ എന്ന ആശയമെന്ന് പറയുന്നു ഫൂഡ്‌സ്‌റ്റൈലിസ്റ്റ് ആയ സന്ധ്യ എസ്.കുമാര്‍. വിദേശത്ത് രണ്ടു വര്‍ഷത്തോളമായി ഈ രീതി പ്രചാരത്തിലുണ്ട്. അതിനു കാരണവും സന്ധ്യ പറയുന്നു, 'ഒരു റസ്റ്ററന്റ് തുടങ്ങാനുള്ള ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് വളരെ കൂടുതലാണ്. വാടക, ഇന്റീരിയര്‍, ശമ്പളം തുടങ്ങിയവയ്ക്കു പുറമേ ആദ്യമൊക്കെ വരവിനേക്കാള്‍ കൂടുതലായിരിക്കും ചെലവ്. റിസ്‌ക് ഫാക്ടറും കൂടുതലാണ്.' ആവേശവും ഭക്ഷണം തയാറാക്കാനുള്ള അഭിനിവേശവും മാത്രം ചിന്തിച്ചുകൊണ്ട് ഇറങ്ങുന്നവര്‍ പലരും അഞ്ചാറ് മാസത്തിനള്ളില്‍ പൂട്ടിക്കെട്ടുന്നത് സ്ഥിരം കാഴ്ചയാണല്ലോ. ' ശരിയായ പ്ലാനിങ്, മാര്‍ക്കറ്റ് സ്റ്റഡി, കോസ്റ്റിങ്, ബജറ്റിങ് തുടങ്ങിയ കാര്യങ്ങളൊക്കെ മനസ്സിലാക്കിവേണം ഈ ബിസിനസ്സിലേക്കിറങ്ങാന്‍,' സന്ധ്യ പറയുന്നു.
കോവളത്ത് IIHM ല്‍നിന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയ സന്ധ്യ എട്ടുവര്‍ഷം മുംബൈയില്‍ ജോലിനോക്കി. ഫോട്ടോ ഷൂട്ടുകള്‍ക്ക് ഫൂഡ്‌സ്‌റ്റൈലിസ്റ്റ് ആയി സ്വന്തം അഭിനിവേശത്തെ വളര്‍ത്തിയെടുത്തു. സെയ്ഫ് അലിഖാന്റെ സൂപ്പര്‍ഹിറ്റായ ഷെഫ് എന്ന ബോളിവുഡ് സിനിമയില്‍ ഫൂഡ്‌സ്‌റ്റൈലിസ്റ്റ് ആയി വര്‍ക് ചെയ്യാന്‍ സാധിച്ചപ്പോള്‍ ആവേശം ഇരട്ടിയായി. ഇന്ന് കേരളത്തില്‍ റസ്റ്ററന്റ് സെറ്റിങ് രംഗത്ത് ഒരു മെന്റര്‍ ആയി വര്‍ക് ചെയ്യുകയാണ് സന്ധ്യ. കേരളത്തിന്റെ പലഭാഗത്തായി റസ്റ്ററന്റുകള്‍ സെറ്റ് ചെയ്ത് കൊടുത്തിട്ടുണ്ട് സന്ധ്യ. സ്ഥലം എടുക്കുന്നതു മുതല്‍ ഇന്റീരിയര്‍ ആംബിയന്‍സ്, മെനു പ്ലാനിങ്, കോസ്റ്റിങ്, മാര്‍ക്കറ്റിങ് എന്നിങ്ങനെ പല കാര്യങ്ങളില്‍ സന്ധ്യയുടെ കണ്ണെത്തും. പരസ്യചിത്രങ്ങള്‍ക്കു വേണ്ടിയും ഫൂഡ് സ്‌റ്റൈലിങ് നടത്തി. കളമശ്ശേരിയിലെ മിനികൂപ്പര്‍ ഷോറൂമിലെ കഫേ, കോഴിക്കോട്ടെ ഫോര്‍ പ്രോപ്പര്‍ട്ടീസ്, തിരുവല്ലയിലെ സാറാസ് തുടങ്ങി സുഹൃത്തുക്കള്‍ക്കുവേണ്ടിയും അല്ലാതെയും നിരവധി റസ്റ്ററന്റ് സെറ്റിങ്ങുകള്‍...

എന്നാല്‍ അടുത്ത കാലത്തേക്ക് റസ്റ്ററന്റുകളുടെ ഭാവിയെക്കുറിച്ച് അവർക്ക് ആശങ്കയുണ്ട്. അതുകൊണ്ടാണ് വിദേശങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച ക്ലൗഡ്കിച്ചനില്‍ പരീക്ഷണങ്ങളുമായി അവര്‍ രംഗത്തു വന്നിരിക്കുന്നത്. ഇത്തരം റസ്റ്ററന്റുകളില്‍ സീറ്റിങ്ങ് കാണുകയേ ഇല്ല. ആറ്–ഏഴ് രീതിയിലുള്ള ക്ലൗഡ് കിച്ചനുകളുണ്ട്. ബ്രാന്‍ഡഡ്, ഒറ്റ ഐറ്റം, ടൈഅപ്പ് എന്നിങ്ങനെ പലതും. തുടക്കത്തില്‍ വേണ്ടിവരുന്ന നിക്ഷേപം കുറവാണ് എന്നതാണ് ഇതിന്റെ മെച്ചം. വാടകയും സ്റ്റാഫും കുറച്ചു മതി. ഓവര്‍ഹെഡ്‌കോസ്റ്റ് ഏറ്റവും കുറവുമതി. വിര്‍ച്വല്‍ മീഡിയ വഴി മാര്‍ക്കറ്റിങ് നടത്താം. കൊച്ചി കാക്കനാട് അത്തരമൊരു റസ്റ്ററന്റ് സെറ്റിങ്ങിന്റെ തിരക്കിലാണ് സന്ധ്യയിപ്പോള്‍.