Wednesday 09 June 2021 12:59 PM IST : By സ്വന്തം ലേഖകൻ

കൗണ്ടർടോപ്; ജനപ്രീതിയിൽ ഒന്നാമത് നാനോവൈറ്റ്, അറിയാം, കൗണ്ടർടോപ്പിലെ ട്രെൻഡുകൾ

kitchen new 2

അടുക്കളയിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന ഇടമാണ് കൗണ്ടർടോപ്. കറ പിടിക്കാനും പോറൽ വീഴാനും ഏറ്റവുമധികം സാധ്യതയുള്ള ഇടവും. അതിനാൽ ഇവിടേക്കുള്ള മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. ഗ്രാനൈറ്റ്, മാർബിൾ എന്നിവയായിരുന്നു കൗണ്ടർടോപ്പിലെ താരങ്ങൾ. കറപിടിക്കുന്നതു കാരണം മാർബിൾ ‘ഔട്ട്’ ആയി. പുതിയ ചില മെറ്റീരിയലുകൾ കുറച്ചു നാളുകളായി അടുക്കള വാഴാൻ തുടങ്ങിയിട്ടുണ്ട്.

നാനോവൈറ്റ്: തൂവെള്ള നിറത്തിലുള്ള, നാനോവൈറ്റ് എന്നറിയപ്പെടുന്ന ആർട്ടിഫിഷ്യൽ മാർബിൾ കൊണ്ടുള്ള കൗണ്ടർടോപ് ആണ് ഇപ്പോൾ ജനപ്രീതിയിൽ മുന്നിൽ. സോളിഡിഫൈഡ് പോളിഷ്ഡ് മാർബിൾ ആണ് ഇത്. ജി3, ജി4, ജി 5 എന്നിങ്ങനെ മൂന്ന് ഗ്രേഡിൽ ലഭ്യമാണ്. ഇതിൽ ജി5 ആണ് ഏറ്റവും ഗുണമേന്മയുള്ളത്. കാഴ്ചയിൽ ഇവ തിരിച്ചറിയാൻ സാധിക്കില്ല. മുറിക്കുമ്പോൾ പൊടിഞ്ഞു പോകുന്നതാണ് ഗുണനിലവാരമുള്ളത്. പൊടിയാതെ കട്ടിയായി ഇരിക്കുന്നതിന് നിലവാരം കുറവാണ്. ജി5 കറ പിടിക്കാൻ സാധ്യത കുറവാണ്. 500 രൂപയാണ് ചതുരശ്രയടിക്ക് വില.

kitchen new 1

കൊറിയൻ സ്റ്റോൺ: അലുമിനിയം ട്രൈ ഹൈഡ്രേറ്റും അക്രിലിക് പോളിമറും കൊണ്ടാണ് കൊറിയൻ ടോപ് നിർമിക്കുന്നത്. ഇതും പല നിലവാരത്തിലുള്ളവ വിപണിയിലുണ്ട്. പോറൽ വീഴാനുള്ള സാധ്യതയുണ്ട്. പോറലുകൾ ബഫ് ചെയ്ത് മറയ്ക്കാൻ സാധിക്കും. അരികുകളൊക്കെ വളച്ചെടുക്കാൻ സാധ്യതയുള്ളതിനാൽ വൃത്തിയാക്കാൻ എളുപ്പമാണ്. വിദേശ രാജ്യങ്ങളിൽ ഇവ കൂടുതലായി ഉപയോഗിച്ചു വരുന്നു. നിലവാരമുള്ളതിന് ചതുരശ്രയടിക്ക് 1,200 രൂപ വില വരും. 600 രൂപ മുതൽ ലഭ്യമാണ്.

സീസർ സ്റ്റോൺ: എൻജിനിയേർഡ് ക്വാർട്സ് കൊണ്ടാണ് ഇത് നിർമിക്കുന്നത്. കറ പിടിക്കില്ല എന്നതാണ് ഗുണം. ചതുരശ്രയടിക്ക് 1,400 രൂപ മുതലാണ് വില.

Tags:
  • Vanitha Veedu