Wednesday 24 August 2022 12:35 PM IST : By സ്വന്തം ലേഖകൻ

പേസ്റ്റൽ നിറക്കൂട്ട്, അഴകളവൊത്ത ഫർണിച്ചർ; ആരുടെയും മനംകവരും ഈ ‘ബോഹോ സ്റ്റൈൽ’

shelna 2

പുതിയ ഫ്ലാറ്റിന് മനസ്സിനിണങ്ങിയ ഇന്റീരിയർ വേണം. ഈ ആവശ്യവുമായാണ് വീട്ടുകാർ ആർക്കിടെക്ട് ഷെൽന നിഷാദിനെയും കൂട്ടരെയും സമീപിക്കുന്നത്. വീട്ടുകാരുടെ ഇഷ്ടങ്ങളും താൽപര്യങ്ങളുമെല്ലാം ചോദിച്ചറിഞ്ഞപ്പോൾ ‘ മിനിമലിസ്റ്റിക് – ബൊഹീമിയൻ’ സ്റ്റൈലിനോടാണ് ചായ്‍വ് കൂടുതൽ. എന്നാൽപ്പിന്നെ കൊച്ചിയിലും ഒരു ‘ബോഹോ സ്റ്റൈൽ ഇന്റീരിയർ’ ഇരിക്കട്ടെയെന്ന് ആർക്കിടെക്ട് ടീമും തീരുമാനിച്ചു. അപ്പോൾ ദാ ഒരു പ്രശ്നം. പുതിയ ഫ്ലാറ്റിലേക്കാവശ്യമായ ഒട്ടുമിക്ക ഫർണിച്ചറും വീട്ടുകാർ നേരത്തെതന്നെ വാങ്ങിയിരുന്നു. അതിനും ആർക്കിടെക്ട് ടീം പരിഹാരം കണ്ടു. കട്ടിൽ അടക്കം കഴിയുന്നത്ര ഫർണിച്ചർ പുതിയ തീമിലേക്ക് റീഫർബിഷ് ചെയ്തു. പലരും മെലിഞ്ഞ് കൂടുതൽ സുന്ദരന്മാരും സുന്ദരികളുമായി.

shelna 1 ഫോയർ ഏരിയയും ലിവിങ് സ്പേസും

ആർച്ചുകളും ‘ഗ്രൂവ്’ ഡിസൈനുമാണ് ബൊഹീമിയൽ സ്റ്റൈലിൽ വീട്ടുകാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഘടകങ്ങൾ. ഇതു രണ്ടും ചാന്തംചാർത്തും രീതിയിലാണ് വാഴക്കാലയിലെ ഗോൾഡ് ടവർ അപ്പാർട്മെന്റിലെ ഫ്ലാറ്റ് നമ്പർ 17 സിയുടെ ഇന്റീരിയർ.

shelna 5 കിടപ്പുമുറികളിലെ ഗ്രൂവ് ഡിസൈൻ. ആകെ മൂന്ന് കിടപ്പുമുറികളാണുള്ളത്.

സ്ട്രക്ചർ നേരത്തെതന്നെ പൂർത്തിയായിരുന്നതിനാൽ ആർച്ച് ഡിസൈൻ നൽകുക അത്ര എളുപ്പമായിരുന്നില്ല. ഫോയറിൽ നിന്ന് ലിവിങ്ങിലേക്ക് പ്രവേശിക്കുന്നിടത്തു മാത്രം ചുമര് പൊട്ടിച്ച് ആർച്ച് നൽകി. ബാക്കിയിടങ്ങളിലെല്ലാം നിറങ്ങളുടെ സമർഥമായ ഉപയോഗത്തിലൂടെ ആർച്ച് സൃഷ്ടിച്ചു. ഡ്രസിങ് ഏരിയയിലെ കണ്ണാടികളുടെ കാര്യത്തിൽ പോലും ഈ സൂക്ഷ്മത കാണാം.

shelna 3 ലിവിങ് സ്പേസും ബാൽക്കണിയും

ലിവിങ് റൂം, അടുക്കള, കട്ടിലിന്റെ ഹെഡ്ബോർഡ് എന്നിവിടങ്ങളിലാണ് ഗ്രൂവ് ഡിസൈൻ സാന്നിധ്യമറിയിക്കുന്നത്. ചുമരിൽ രണ്ട് പാളി എച്ച്ഡിഎഫ് ഷീറ്റ് പിടിപ്പിച്ച് മുകളിലെ പാളിയിൽ കൈകൊണ്ട് ഡിസൈൻ നൽകിയാണ് ഇതു സാധിച്ചെടുത്തത്.

shelna 5

ചുമരിൽ ബൊഹീമിയൽ സ്റ്റൈലിലെ അത്ര പ്രിന്റുകൾ വേണ്ട എന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്നാൽ ഇളം പേസ്റ്റൽ നിറങ്ങൾ അതേപോലെ വേണമെന്നും. ഇതു രണ്ടും പാലിക്കുന്ന രീതിയിലാണ് ഇന്റീരിയറിന്റെ കളർ കോംബിനേഷൻ.

shelna 6 അടുക്കള

വീട്ടുകാർ ആഗ്രഹിച്ചതുപോലെയുള്ള പെയിന്റിങ്ങുകൾ ആർക്കിടെക്ട് ടീമിലെ ചിത്രകാരി ഖദീജ അൻസബ വരച്ചു നൽകുകയും ചെയ്തു.

shelna 7 തമീം ആഷിഖും കുടുംബവും

ആശിച്ച ഇന്റീരിയർ സ്വന്തമായതിന്റെ മാത്രമല്ല, അതിന്റെ കൗതുകം ഒത്തിരിപ്പേർക്ക് ഇഷ്ടമായതിന്റെയും സന്തോഷത്തിലാണ് വീട്ടകാരായ തമീം ആഷിഖും ലുബാബയും.

shelna 4 ആർക്കിടെക്ട് ടീം

ഡിസൈൻ: ഷെൽന നിഷാദ് ആർക്കിടെക്ട്സ്, ആലുവ, കൊച്ചി, snassociatesofficial@gmail.com, ഉടമ: തമീം ആഷിഖ്, സ്ഥലം: വാഴക്കാല, കൊച്ചി, വിസ്തീർണം: 2084 ചതുരശ്രയടി

Tags:
  • Architecture