Monday 24 May 2021 03:56 PM IST : By സ്വന്തം ലേഖകൻ

വാർക്കുന്നതിനു പകരം മേൽക്കൂരയ്ക്ക് ഹോളോ റൂഫിങ് ബ്ലോക്കുകൾ, ചൂടും ചെലവും കുറയ്ക്കാൻ ടെറാക്കോട്ട

teracotta

 വാർക്കുന്നതിനു പകരം ഹോളോ റൂഫിങ് ബ്ലോക്കുകൾ ഉപയോഗിക്കാം. 36x25x15 സെമീ, 36x25x10സെമീ എന്നീ രണ്ട് വലുപ്പത്തിലുള്ള ഹോളോബ്ലോക്കുകളും ക്ലേ ചാനലുകളും ഉപയോഗിച്ചാണ് ഇത്തരത്തിൽ മേൽക്കൂര നിർമിക്കുന്നത്. ചാനലുകൾക്കിടയിലൂടെ കമ്പി ഇറക്കി ബലപ്പെടുത്തി, ചാനലുകളിൽ കട്ടകൾ ലോക്ക് ചെയ്താണ് ഇത്തരത്തിൽ മേൽക്കൂര നിർമിക്കുന്നത്. ഇതിനു മുകളിൽ ടൈൽ വിരിച്ച് മുകളിലെ നിലയുടെ ഫ്ലോറിങ് ചെയ്യാം. വിദഗ്ധനായ എൻജിനീയറുടെ മേൽനോട്ടം ആവശ്യമാണ്. ചെലവും ചൂടും കുറയുമെന്നതാണ് ഹോളോ റൂഫിങ് ബ്ലോക്കുകൾ ഉപയോഗിച്ച് വാർക്കുന്നതിന്റെ മേന്മ. ബലത്തിന് യാതൊരു കുറവുമില്ല.

ഫില്ലർ സ്ലാബ് അല്ലെങ്കിൽ ഹോളോ റൂഫിങ് ബ്രിക്ക് ആണ് റൂഫിങ്ങിനുള്ള മറ്റൊരു ഉപാധി. കോൺക്രീറ്റിന്റെ കനത്തിന്റെ പകുതി ഫില്ലർ സ്ലാബ് നികത്തുമെന്നതാണ് നേട്ടം. കോൺക്രീറ്റിന്റെ ഉപയോഗം കുറയ്ക്കാമെന്നതും ചെലവു കുറയുമെന്നതും നേട്ടമാണ്. പാചകത്തിനുപയോഗിക്കുന്ന ചട്ടികൾ ഫില്ലർ സ്ലാബ് ആക്കി മാറ്റുന്ന പതിവുണ്ട്. കോൺക്രീറ്റിന്റെ അളവു കുറയ്ക്കുന്നതോടെ കെട്ടിടത്തിന്റെ ഭാരവും നിർമാണച്ചെലവും കുറയ്ക്കാൻ സാധിക്കും. അകത്തളത്തിലെ ചൂട് കുറയ്ക്കാനും ഇതു സഹായിക്കും. സുലഭമായതിനാൽ കേരളത്തിലെ എല്ലാ പ്രദേശത്തും ഫില്ലർ സ്ലാബ് ആയി ചട്ടി ഉപയോഗിക്കാനുമാകും. ടെറാക്കോട്ട ഹോളോബ്രിക്കോ ഓടോ എന്തുമാകട്ടെ, ഒരു ശ്രേണിയിൽ എല്ലാം ഒരേ നിറമാകുമെന്ന് ഉറപ്പു പറയാനാകില്ല. നിർമാണശേഷം ഈർപ്പം വലിച്ചെടുത്ത് ചെറിയ നിറവ്യത്യാസം സംഭവിക്കുകയും ചെയ്യാം. മാറ്റ് ഫിനിഷുള്ള പ്രതലവും പ്രകൃതിയോടു ചേർന്നു നിൽക്കുന്ന ഉൽപന്നങ്ങളിൽ കാണുന്ന പ്രത്യേകതകളും ടെറാക്കോട്ടയിൽനിന്നും പ്രതീക്ഷിക്കാം.

Tags:
  • Vanitha Veedu