ഇനാമൽ പെയിന്റ് കൊണ്ടും ടെക്സ്ചർ പെയിന്റ് കൊണ്ടുമൊക്കെ ഇഷ്ട ചിത്രങ്ങൾ വരച്ച് ചുമരിന് ഭംഗിയേകുന്നത് ഇപ്പോൾ ട്രെൻഡ് ആണ്. ടെക്സ്ചർ പെയിന്റിൽ സിമന്റ് ടെക്സ്ചറിന് ആരാധകരേറെയാണ്. ടെക്സ്ചർ പെയിന്റിങ്ങിലെ ഒരു പുതിയ പരീക്ഷണമാണ് ഇവിടെ കാണുന്നത്.

ടെക്സ്ചർ ചെയ്ത ചുമരിൽ ഇലയുടെ മോട്ടിഫ് നൽകിയിരിക്കുകയാണ്. ഫോം ബോർഡ് മുറിച്ച് ഇലയുടെ ആകൃതിയിൽ സ്റ്റെൻസിൽ ഉണ്ടാക്കുകയാണ് ആദ്യം ചെയ്തത്. ഇലയുടെ ആകൃതിയിലുള്ള ഫ്രെയിമാണ് ബോർഡ് കൊണ്ട് ഉണ്ടാക്കുന്നത്.

മോട്ടിഫ് വരുന്ന ഇടങ്ങളിലെല്ലാം ഈ ബോർഡ് വച്ചു മറച്ചതിനു ശേഷം ഭിത്തി മുഴുവൻ മുക്കാൽ ഇഞ്ച് കനത്തിൽ ടെക്സ്ചർ പെയിന്റ് ചെയ്തു. സ്റ്റോൺ ടെക്സ്ചർ ഉപയോഗിച്ച് ചുമരിന്റെ പ്രതലം ഉയർത്തിയതിനു ശേഷമാണ് ടെക്സ്ചർ പെയിന്റ് ചെയ്തത്. പൊങ്ങി നിൽക്കുന്ന പ്രതലമാണെങ്കിലേ ഇലയുടെ മോട്ടിഫ് പതിക്കുമ്പോൾ കുഴിഞ്ഞിരിക്കുകയുള്ളൂ. പെയിന്റ് ചെയ്തതിനു ശേഷം സ്റ്റെ ൻസിൽ മാറ്റിക്കഴിയുമ്പോൾ ഭിത്തിയിൽ ഇലയുടെ ആകൃതി ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടാവും. അതിനുള്ളിൽ കളർവാഷ് ടെക്സ്ചർ ചെയ്ത് ഇലയുടെ ഞരമ്പുകൾ വരച്ചു ചേർക്കുകയാണ് അടുത്ത പടി. കൈകൊണ്ട് വരയ്ക്കാം. ഇവിടെ പെയിന്റ് നിറച്ച കോൺ കൊണ്ടാണ് കനം കുറഞ്ഞ ഞരമ്പുകൾ വരച്ചെടുത്തത്. ഇന്റീരിയർ ഡിസൈനർ സോണിയ ലിജേഷ് കൊടകരയിലെ ക്രിയേറ്റിവ് ഇന്റീരിയോ എന്ന സ്വന്തം സ്ഥാപനത്തിൽ ചെയ്ത പെയിന്റിങ്ങാണിത്.