ഹൈബി ഈഡന്റെ ‘ഈഡൻസി’നെ വീടാക്കുന്നത് അന്നയുടെ ഇടപെടലുകളാണ്. ഹൈബിയുടെ ഭാര്യയായി അന്ന ഈ വീട്ടിലെത്തിയിട്ട് ഒൻപതു വർഷമായി. വിവാഹനിശ്ചയം കഴിഞ്ഞപ്പോഴേ അന്ന ഇവിടെയെത്തി മരങ്ങൾ നട്ടു പിടിപ്പിച്ചു. മാവ്, കശുമാവ്, പ്ലാവ്, പാരിജാതം, നെല്ലി, പുളി, ചാമ്പ തുടങ്ങി നിറയെ മരങ്ങളാണ് ഇന്നിപ്പോളീ അഞ്ച് സെന്റിൽ. ഹൈബിയുടെ ചെറുപ്പത്തിലേ അമ്മ മരിച്ചു; 2003ൽ അച്ഛനും. അന്നയുടെ വരവോടെയാണ് വീട് ഉണർന്നത്.

ഇരുപത്തിമൂന്ന് വർഷം പഴക്കമുള്ള വീട് ഇടയ്ക്ക് ചില കൂട്ടിച്ചേർക്കലുകൾക്കും ചെറിയ ചില പുതുക്കലുകൾക്കുമൊക്കെ വിധേയമായതൊഴിച്ചാൽ സ്ട്രക്ചറിന് മാറ്റങ്ങളൊന്നുമില്ല. അന്നയുടെ ഇഷ്ട നിറമാണ് മഞ്ഞ. മതിൽ മുതലേ മഞ്ഞയുടെ സ്പർശം കാണാം. വീടൊരുക്കുന്നതിൽ തത്പരയായ അന്നയുടെ കലാവിരുതുകളാണ് ഇവിടം നിറയെ. ഹോം ഡിപാർട്മെന്റ് അന്നയെ ഏൽപിച്ചിരിക്കുകയാണ് എറണാകുളംകാരുടെ സ്വന്തം എംപി.

‘‘ഇവിടെയുള്ളതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒന്നായിരുന്നു പഴയ ഫാൻ. അതിന് നീലയും മഞ്ഞയും നിറങ്ങൾ കൊടുത്ത് മേക്ക് ഓവർ ചെയ്തെടുത്തു,’’ അന്ന പറയുന്നു. ഈഡൻസ് എന്ന നെയിംബോർഡ് പഴയ തടിയിൽ ചെയ്യിച്ചെടുത്തതാണ്. ഡൽഹിയിലെ എംപിയുടെ വസതിയിലും ഇതേ നെയിംബോർഡ് കാണാം. എന്നു മാത്രമല്ല, ചെസ് ബോർഡ് പാറ്റേണിലുള്ള ഫ്ലോറിങ് ഉൾപ്പെടെ അതിന്റെ ഇന്റീരിയറിന്റെ സൂക്ഷ്മാംശങ്ങളിൽ വരെ അന്നയുടെ മേല്‍നോട്ടമെത്തിയിട്ടുണ്ട്.
കയ്യിൽ കിട്ടുന്ന പഴയ തടിയും ചുള്ളിക്കമ്പുമെല്ലാം അന്ന ഇന്റീരിയർ അലങ്കാരമാക്കി മാറ്റും. ലോക്ഡൗൺ കാലത്താണ് അന്നയ്ക്ക് പുതിയ െഎഡിയ ഉദിച്ചത്. ഹൈബിക്ക് കിട്ടിയ പൊന്നാടകൾ അലമാരയിൽ വെറുതെയിരിക്കുന്നു. അവ തയ്ച്ച് കർട്ടനാക്കി മാറ്റി. ഭാരം കുറവായതിനാൽ പറക്കാതിരിക്കാൻ അന്നയുടെ പഴയ ചിലങ്ക മണികൾ പിടിപ്പിച്ചു. അതോടെ കർട്ടൻ അടിപൊളി!

ഇവിടെ പച്ചക്കറി കൃഷി ഉണ്ടായിരുന്നു അന്നയ്ക്ക്. വിൽക്കാൻ പാകത്തിൽ നല്ല വിളവു ലഭിച്ചിരുന്നു. പക്ഷേ, വെള്ളം കയറി ചെടി നശിച്ചതോടെ അന്ന കൃഷി നിർത്തി. എല്ലാ മഴക്കാലത്തും വെള്ളം കയറുമെന്നതിനാൽ പുതിയ വീട് പണിയാനുള്ള ആലോചനയിലാണ് ഹൈബിയും അന്നയും. ആ വീട് അന്നയുടെ മനസ്സിൽ രൂപമെടുത്തു കഴിഞ്ഞു. പരമ്പരാഗത ശൈലിയിലുള്ള ഒരുനില വീട്!! ചിത്രങ്ങള്‍: ബേസില്‍ പൗലോ