Saturday 01 January 2022 03:55 PM IST

പെട്ടെന്നുള്ള തീരുമാനങ്ങള്‍ പലപ്പോഴും മികച്ചതായിരിക്കും. സംവിധായകൻ ജിസ് ജോയിയുടെ വെണ്ണലയിലെ അപാർട്മെന്റ് തെളിവ്

Sunitha Nair

Sr. Subeditor, Vanitha veedu

Jiss3

എല്ലാം പെട്ടെന്നായിരുന്നു. കൊച്ചി വെണ്ണലയിലെ ഈ അപാർട്മെന്റ് സിനിമയുടെ എഴുത്താവശ്യങ്ങൾക്കു വേണ്ടിയാണ് ജിസ് വാടകയ്ക്കെടുത്തത്. പെട്ടെന്നൊരു ദിവസം ഇത് വിൽക്കാൻ പോവുകയാണെന്ന് ഉടമസ്ഥൻ പറഞ്ഞപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ ജിസ് അത് വാങ്ങാൻ തീരുമാനിച്ചു.

Jiss2

ഈ ഫ്ലാറ്റിനോട് പ്രിയം തോന്നാനുള്ള കാരണങ്ങൾ ജിസ് പറയുന്നു– ‘‘ഇഷ്ടിക കൊണ്ട് കെട്ടിയ ചുമരുകളാണെന്ന് അറിഞ്ഞപ്പോഴേ ഇഷ്ടം തോന്നി. മുറികൾക്ക് 13 അടി ഉയരമുണ്ട്. ഇവിടെ തന്നെയുള്ള വലിയ കുളത്തിൽ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. ബാൽക്കണിയിൽ നിന്നാൽ ഗെയ്റ്റിലെത്തുന്നവരെ കാണാൻ സാധിക്കുെമന്നതും വലിയ ഗുണമാണ്. പ്രധാന വാതിൽ പടിഞ്ഞാറോട്ടും ബാൽക്കണികൾ കിഴക്കോട്ടും അഭിമുഖമായാണുള്ളത്. ക്രോസ് വെന്റിലേഷന്‍ ഉറപ്പാക്കിയിട്ടുള്ളതിനാൽ കാറ്റ് കയറിയിറങ്ങും.’’ വീടിന്റെ വിശാലതയിൽ നിന്ന് ഫ്ലാറ്റിലേക്ക് ജിസ് എത്തിയത് ആശങ്കകളോടെയാണ്. എന്നാൽ ഫ്ലാറ്റ് ജീവിതത്തിന്റെ സൗകര്യങ്ങള്‍ കാര്യങ്ങൾ മാറ്റിമറിച്ചു. ഷൂട്ടിനു പോകുമ്പോള്‍ ഭാര്യ നൈജിയും മക്കളായ യൊഹാനും നിതാരയും സുരക്ഷിതരാണെന്ന സമാധാനവുമുണ്ട്.

Jiss4

ജിസ്സിന്റെ സുഹൃത്ത് ‘ലൈവ് സ്പേസ് മീഡിയ’യിലെ നവീൻ ചന്ദ്രബാബുവാണ് ഇന്റീരിയർ ഒരുക്കിയത്. വാക് ത്രൂ വിഡിയോസ് ചെയ്യുന്നതിൽ വിദഗ്ധനായ നവീൻ ആദ്യമായി ഇന്റീരിയർ ചെയ്ത ഫ്ലാറ്റാണിത്. 1100 ചതുരശ്രയടിയുള്ള ഫ്ലാറ്റിൽ ലിവിങ്, ഡൈനിങ്, രണ്ട് കിടപ്പുമുറികൾ, അടുക്കള, ബാൽക്കണി എന്നിവയാണുള്ളത്. ഒരു കിടപ്പുമുറിയെ ഹോംതിയറ്റർ/എഴുത്തുമുറി ആക്കി മാറ്റി. ലൈറ്റിങ്ങിന്റെ മായാജാലം ഇന്റീരിയറിനെ മിഴിവുറ്റതാക്കുന്നു.

Jiss5

വാതിൽ തുറന്നു കയറുമ്പോൾ തന്നെ ചെടികൾ നിറഞ്ഞ ബാൽക്കണിയുടെ പച്ചപ്പ് കണ്ണിലേക്കോടിയെത്തും. ഹാങ്ങിങ് ലൈറ്റുകളും കൂടിയാകുമ്പോൾ ബാൽക്കണി അതിമനോഹരം. ക്രിസ്റ്റൽ പെയിന്റിങ്ങും വോൾപേപ്പറുമെല്ലാം ലിവിങ്ങിന് ഭംഗിയേകുന്നു. ലിവിങ്ങിനെയും ഡൈനിങ്ങിനെയും വേർതിരിക്കുന്ന അക്വേറിയത്തിൽ കടുത്ത മൃഗസ്നേഹിയായ യൊഹാന്റെ മത്സ്യക്കുഞ്ഞുങ്ങൾ നീന്തിക്കളിക്കുന്നു. ഡൈനിങ്ങിന്റെ ചുമരിലെ ഫ്രെയിം ചെയ്ത ചിത്രങ്ങൾ ജിസ്സിന്റെ സിനിമയിലെ ഫ്രെയിം പോലെ തന്നെ മനസ്സില്‍ നിറയും. വെള്ള ഓപൻ അടുക്കളയും കിടപ്പുമുറിയുമെല്ലാം ഹൃദ്യം.

Jiss5

ഫീൽ ഗുഡ് സിനിമകളുടെ ഉസ്താദായ ജിസ്സിന്റെ വീടും അങ്ങനെതന്നെ. ഒരു വീട് പണിയണമെന്ന് ജിസ്സിന് ആഗ്രഹമുണ്ട്. കന്റെംപ്രറി ശൈലിയിൽ, ഉപയോഗത്തിന് പ്രാധാന്യം നൽകുന്ന വീട്. സിനിമയിൽ ജിസ് മാറ്റത്തിനു മുതിരുകയാണെങ്കിലും വീടിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല.

Jiss1

ചിത്രങ്ങൾ: ബേസിൽ പൗലോ

Tags:
  • Celebrity Homes