Friday 01 October 2021 03:21 PM IST

ചെലവ് കുറയ്ക്കാൻ ഫില്ലർ സ്ലാബ് ടെക്നിക്

Sreedevi

Sr. Subeditor, Vanitha veedu

2376

മിനിമലിസ്റ്റിക് ശൈലിയിലുൾപ്പെടെ എല്ലാതരം ആർക്കിടെക്ചറിലും യോജിക്കുന്ന മേൽക്കൂര നിർമാണ രീതിയാണ് ഫില്ലർ സ്ലാബ്. ചെലവു കുറഞ്ഞ വീടുകൾക്കും ഭിത്തികൾ തേക്കാത്ത വീടുകൾക്കും മാത്രമുള്ളതാണ് ഫില്ലർ സ്ലാബ് എന്ന തെറ്റിധാരണയിലാണ് ബഹുഭൂരിപക്ഷവും. ലാറി ബേക്കർ പ്രചാരം നൽകിയതിനാലാകാം അത്തരമൊരു ചിന്തയുണ്ടായത്. എന്നാൽ വീട് നിർമാണം പ്രകൃതിയോടു ചേരുന്ന രീതിയിലും ചെലവു നിയന്ത്രിച്ചും ആകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഫില്ലർ സ്ലാബിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് എന്നതാണ് സത്യം.

324656

ഫില്ലർ സ്ലാബിന്റെ ഗുണങ്ങൾ

1. വീടിനകത്തെ ചൂടു കുറയ്ക്കും.

2. ഉപയോഗിക്കുന്ന കോൺക്രീറ്റിന്റെ അളവ് കുറയ്ക്കാം, അതുവഴി പരിസ്ഥിതി മലിനീകരണം കുറയ്ക്കാം, ചെലവും കുറയ്ക്കാം.

3. പഴയ ഓട് പുനരുപയോഗിക്കാം. പഴയ വീടുകളിലെ ഓട് വെറുതേ കളയുന്ന അവസ്ഥയുണ്ട്, അതിന് അറുതിവരുത്താം. ചുട്ടെടുക്കുന്നതിനാൽ ഓട് ദീർഘനാൾ നിലനിൽക്കും.

ഫില്ലർ സ്ലാബ് എങ്ങനെ?

18734

മേൽക്കൂര വാർക്കുമ്പോൾ പ്രത്യേക രീതിയിൽ കമ്പി കെട്ടി അതിനുള്ളിൽ ഓട് അല്ലെങ്കിൽ ടെറാക്കോട്ട ഫില്ലർ സ്ലാബ് ഇവയിലേതെങ്കിലും വച്ച് വാർക്കുകയാണ് ചെയ്യുന്നത്. ബീം സാധാരണ രീതിയിൽ തന്നെയാണ് വാർക്കുന്നത്.

കെട്ടിടങ്ങളുടെ വാർപ്പ് ഏകദേശം നാല് ഇഞ്ച് കനത്തിലാണ്. ഓടിന്റെ അല്ലെങ്കിൽ ഫില്ലർ സ്ലാബിന്റെ നീളവും വീതിയും അനുസരിച്ചാണ് ഇത്തരം വാർപ്പിൽ കമ്പി കെട്ടുന്നത്. ടെറാക്കോട്ട ഫില്ലർ സ്ലാബ് അല്ലെങ്കിൽ രണ്ട് ഓടുകൾ ( ഒരു ഓട് മലർത്തിയും അതിനു മുകളിൽ മറ്റൊന്ന് കമഴ്ത്തിയും വയ്ക്കണം) വച്ച് അതിനു മുകളിൽ കോൺക്രീറ്റ് നിറയ്ക്കുന്നു. ഓടുകൾക്കിടയിലെ വായു അറ മുറികളിലേക്ക് ചൂട് എത്തുന്നതിനെ തടയും. ഓട്/ടെറാക്കോട്ട സ്ലാബ് നിരത്തിയ ശേഷം ഒരറ്റത്തു നിന്ന് കോൺക്രീറ്റിങ് തുടങ്ങാം. ഓടിന്റെ എല്ലാ വശങ്ങളിലും കോൺക്രീറ്റ് നിറയ്ക്കണം. ഓട് കാണുന്ന രീതിയിലാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ താഴെ കോൺക്രീറ്റ് വേണ്ട. വൈബ്രേറ്റർ ഉപയോഗിച്ചാൽ ഓട് പൊട്ടാനിടയുണ്ട്, കരണ്ടി കൊണ്ട് കോൺക്രീറ്റ് കുത്തിയിളക്കിക്കൊടുക്കണം. ഈ രീതിയിൽ കോൺക്രീറ്റ് ചെയ്യുമ്പോൾ ഏകദേശം രണ്ടര ഇഞ്ചോളം സ്ലാബ് ആയിരിക്കും. അപ്പോൾ ഒന്നര ഇഞ്ച് കനത്തിലേ കോൺക്രീറ്റ് വേണ്ടിവരുന്നുള്ളൂ.

ഓട് പ്രയോജനപ്പെടുത്താം

ഫില്ലർ സ്ലാബിനുള്ള പ്രത്യേകം ടെറാക്കോട്ട സ്ലാബുകൾ വിപണിയിലുണ്ട്. 25 രൂപയാണ് ഇത്തരം സ്ലാബുകളുടെ ഏകദേശവില. ഫാക്ടറിയിൽ നിന്നുള്ള ദൂരമനുസരിച്ച് വിലയിൽ വ്യത്യാസം വരും. എന്നാൽ ഏറ്റവും ചെലവു കുറവും പ്രകൃതി സൗഹൃദപരവും പഴയ ഓടുകളുടെ ഉപയോഗമാണ്. പഴയ കെട്ടിടങ്ങൾ പൊളിക്കുമ്പോൾ ബാക്കിയാകുന്ന ഓട് രണ്ടോ മൂന്നോ രൂപയ്ക്കു ലഭിക്കും. ഈ ഓട് കഴുകിയെടുക്കുമ്പോൾ പരമാവധി അഞ്ച് രൂപയാകും. ഓട്ടു കമ്പനികളിൽ നിന്ന് ലഭിക്കുന്ന മൂന്നോ നാലോ ഗ്രേഡിലുള്ള, ഗുണമേന്മ കുറഞ്ഞ ഓടുകളും ഈ ആവശ്യത്തിന് ഉപയോഗിക്കാം. 10 രൂപയിൽ താഴെ വിലയേ ഇവയ്ക്കു വരൂ. ഇതെല്ലാം കൂടാതെ, ചട്ടികൾ കമഴ്ത്തി മുകളിൽ വാർക്കുന്നതും പതിവാണ്. എന്നാൽ ചട്ടി കനം കുറവായതിനാൽ പൊട്ടാൻ സാധ്യത കൂടുതലാണ്.

കടപ്പാട്: ടി. കെ. ശാന്തിലാൽ, എൻജിനീയർ, കോസ്റ്റ്ഫോർഡ്, തൃശൂർ

Tags:
  • Vanitha Veedu
  • Architecture