Saturday 28 March 2020 12:51 PM IST

ചതുരപ്പെട്ടികൾ തൂക്കിയിട്ടതുപോലെ ഡിസൈൻ! റോഡ് സൈഡിലെ 18 സെന്റിലെ വീടിന്റെ പ്രധാന ആകർഷണം എക്സ്റ്റീരിയറിന്റെ പ്രത്യേകതയും ലളിതമായ ഇന്റീരിയറും

Sreedevi

Sr. Subeditor, Vanitha veedu

_MG_2979-1

റോഡ് സൈഡിലുള്ള വീടാണ്, എക്സ്റ്റീരിയർ സുന്ദരമാകണം എന്നറിഞ്ഞപ്പോഴേ ആർക്കിടെക്ടുമാരായ നിബ്രാസ് ഹാക്കും അനസ് ഹസ്സനും തീരുമാനിച്ചു, ‘ഇത് പൊളിക്കണം’ എന്ന്. തൂങ്ങിക്കിടക്കുന്ന രണ്ട് ചതുരപ്പെട്ടികൾ! അതാണ് മലപ്പുറം താനൂരിലുള്ള പി.ടി അഷ്റഫിന്റെ ‘ഹാങ്ങിങ് ബോക്സ്’ എന്ന വീട്. 3000 ചതുരശ്രയടിയുള്ള വീട്ടിൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, അടുക്കള, നാല് കിടപ്പുമുറികൾ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളുമുണ്ട്. 

_MG_2617

വീടിനകത്ത് കാറ്റിനും വെളിച്ചത്തിനും കുറവുണ്ടാകരുത് എന്ന് വീട് പ്ലാൻ ചെയ്യുമ്പോൾ നിർബന്ധമായിരുന്നെന്ന് നിബ്രാസ് പറയുന്നു. വലിയ ജനാലകളും ഭിത്തിയിലെ സൺലിറ്റുകളും ഇതു ശരിവയ്ക്കുന്നു. ഡബിൾ ഹൈറ്റ് ഉള്ള ലിവിങ് റൂം ശരിക്കുമൊരു ‘ലവിങ് റൂം’ ആണ്. സിറ്റ്ഔട്ട് ഒരു കോർട്‌യാർഡിന്റെ ശൈലിയിലാണ് നിർമിച്ചിരിക്കുന്നത്. ഡൈനിങ്ങിൽനിന്നുള്ള പാഷ്യോയും വീട്ടുകാർക്ക് പ്രകൃതിയുമായി സംവദിക്കാൻ സൗകര്യമൊരുക്കുന്നു. വാഷ് ഏരിയയുടെ ഭിത്തിയിലും അതിനെതിർവശത്തുള്ള ഭിത്തിയിലും ടെറാക്കോട്ട ജാളി നൽകിയതും അകത്തളത്തിലെ വായുവിന്റെ ചലനം കൂട്ടുന്നു.

IMG_20190522_102224-02

ലളിതമായ നിറങ്ങളും ഡിസൈനുകളുമാണ് അകത്തളത്തിന്റെ പ്രധാന ആകർഷണം. വെളുപ്പ്, ചാരനിറം, തടിയുടെ നിറം, ക്ലാഡിങ് സ്റ്റോണിന്റെ കറുപ്പ് എന്നിങ്ങനെ വളരെ കുറച്ചു നിറങ്ങളിൽ ഒതുങ്ങി വീടിനകവും പുറവും. മാർബിളും തടിയുമാണ് ഫ്ലോറിങ്ങിന്. ഏറ്റവും ലളിതമായ ഡിസൈനിലുള്ള ഫർണിച്ചറാണ്. മെറ്റൽ കൈവരിയോടു കൂടിയ ഗോവണി ചമയങ്ങളൊന്നുമില്ലാതെത്തന്നെ ഇന്റീരിയറിൽ ശ്രദ്ധ നേടുന്നുണ്ട്. സുന്ദരമായ വീടു നിർമിക്കാൻ ആർഭാടത്തിന്റെ ആവശ്യമില്ലെന്ന് ഈ വീട് വിളിച്ചോതുന്നു. 

_MG_2460

Architects: Nibras haq, Anas Hassan, HAQ & HASSAN Architects, Calicut, iglooarch@gmail.com, Phone: 9995844436

_MG_2608
Tags:
  • Vanitha Veedu
  • Architecture