Friday 04 September 2020 04:36 PM IST : By സ്വന്തം ലേഖകൻ

പട്ടാളക്കാരനായിരുന്ന അച്ഛൻ പണിത വീട് പൊളിച്ചില്ല, മകൻ ആഗ്രഹിച്ചതു പോലെയുള്ള സൗകര്യങ്ങളെല്ലാം കൂട്ടിച്ചേർക്കുകയും ചെയ്തു... വേറിട്ട വീടുപുതുക്കൽ കഥ ഇങ്ങനെ...

1New

ചോര നീരാക്കി പണിത വീട്... അത് പൊളിച്ചു കളയുന്നതു കാണുമ്പോൾ ഏത് അച്ഛന്റെയും ചങ്ക് പിടയും... ഈ നൊമ്പരം മനസ്സിലാക്കിയതുകൊണ്ടാണ് പഴയ വീട് പൊളിക്കാതെ നിലനിർത്തി പുതിയ വീട് പണിയാം എന്ന് മകൻ  തീരുമാനിച്ചത്. എൻജിനീയറായ സന്തോഷ് കോശിയുടെ കരുനാഗപ്പള്ളി കൊല്ലകയിലുള്ള വീടിന് 35 വർഷമായിരുന്നു പഴക്കം. അച്ഛൻ കോശി ജോസഫ് പട്ടാളത്തിലായിരുന്ന സമയത്ത് പണിത വീടാണിത്.

2

രണ്ട് കിടപ്പുമുറിയേ ഉണ്ടായിരുന്നുളളു. അറ്റാച്ഡ് ബാത്റൂം  ഇല്ലായിരുന്നു. കൂടുതൽ സൗകര്യങ്ങൾ ആവശ്യമായതോടെയാണ് പുതിയ വീട്  എന്ന ചിന്ത ഉയർന്നത്.കാര്യങ്ങൾ വിശദദമായി കേട്ട ഡിസൈനർ അശോക് ചുരുളിക്കലാണ് പഴയ വീടിനെക്കൂടി ഉൾപ്പെടുത്തി പുതിയ വീട് പണിയാം എന്ന ആശയം മുന്നോട്ടുവച്ചത്. അതു കേട്ടതോടെ അച്ഛനും മകനും ഹാപ്പിയായി.660 ചതുരശ്രയടി ആയിരുന്നു പഴയ വീടിന്റെ വിസ്തീർണം. ഇതിനെ അപ്പാടെ മൂന്ന് കിടപ്പുമുറികളായി മാറ്റുകയാണ് ആദ്യം ചെയ്തത്. രണ്ടെണ്ണത്തിന് അറ്റാച്ച്‌ഡ് ബാത്റൂമും നൽകി. ഭിത്തി പുനഃക്രമീകരിച്ചാണ് ഇതു സാധിച്ചത്. പഴയ വീടിന് മൊസേയ്ക് തറ ആയിരുന്നു. ഇതു മാറ്റി ടൈൽ ഒട്ടിച്ചു. മേൽക്കൂര കോൺക്രീറ്റ്  ആയിരുന്നതിനാൽ മാറ്റം വരുത്തേണ്ടി വന്നില്ല.

3

പഴയ വീടിന് മുന്നിലായാണ് പുതിയ കെട്ടിടം പണിതത്. രണ്ടിനും ഇടയിലുള്ള സ്ഥലത്ത് മനോഹരമായ കോർട് യാർഡും ഒരുക്കി. കണ്ടാൽ പഴയ കെട്ടിടത്തിനോട് കൂട്ടിച്ചേർത്തു പണിതത് ആണെന്നു തോന്നുകയേ ഇല്ല.കാർപോർച്ച്, സിറ്റ് ഔട്ട്, ലിവിങ്, ഡൈനിങ്, അടുക്കള, വർക് ഏരിയ എന്നിവയാണ് പുതിയതായി കൂട്ടിച്ചേർത്ത ഭാഗത്ത് താഴത്തെ നിലയിലുള്ളത്. ഡൈനിങ് സ്പേസിലാണ് സ്റ്റെയർകെയ്സ്. രണ്ട് കിടപ്പുമുറിയും ഫാമിലി ലിവിങ്ങ് സ്പേസും മുകളിലെ നിലയിൽ വരുന്നു. 2170 ചതുരശ്രയടിയാണ് പുതിയതായി കൂട്ടിച്ചേർത്തത്. ഇതോടെ വീടിന്റെ വിസ്തീർണം  2830 ചതുരശ്രയടിയായി. മുൻപ് രണ്ടെണ്ണം ഉണ്ടായിരുന്നിടത്ത് കിടപ്പുമുറിയുടെ എണ്ണം ആറായി. മുറ്റത്തുണ്ടായിരുന്ന കൂവളം അടക്കം മരങ്ങളൊന്നും മുറിക്കാതെയാണ് പുതിയ കെട്ടിടത്തിന് സ്ഥാനം കണ്ടത്. ഷിംഗിൾസ് വിരിച്ച ചരിഞ്ഞ മേൽക്കൂര ഉൾപ്പെടെ എലിവേഷനിലെ ഘടകങ്ങൾക്കെല്ലാം വിക്ടോറിയൻ ഛായയാണ്.  പുതുക്കിപ്പണിതതോടെ സൗകര്യങ്ങൾ മാത്രമല്ല, വീടിന്റെ ഭംഗിയും തലയെടുപ്പും ഇരട്ടിച്ചു.

4-New

ഡിസൈൻ: അശോക് ചുരുളിക്കൽ, അശോക് അസോഷ്യേറ്റ്സ്, പന്തളം. Phone: 8547420526 e-mail: ashokchurulickal@gmail.com