എറണാകുളം ജില്ലയിൽ മഞ്ഞപ്രയിലുള്ള അനൂപിന്റെ വീടാണ് കഥാനായകൻ. ചക്ക അനൂപ് എന്നു പറഞ്ഞാലേ അനൂപിനെ ആളുകൾ അറിയൂ. അടുത്ത സുഹൃത്തുക്കൾക്കാണെങ്കിൽ 'ചക്ക' യും. 12 വയസ്സിൽ പിതാവിനൊപ്പം തുടങ്ങിയ ചക്ക എക്സ്പോർട്ട് ആണ് കക്ഷിയുടെ ബിസിനസ്സ് എന്നതാണ് ഇതിനു പിറകിൽ. പിതാവ് പണിത വീടിന് 32 വർഷത്തെ പഴക്കമുണ്ട്. കുറച്ച് കാലം മുമ്പ് ഇന്റീരിയറിൽ പണിയൊക്കെ നടത്തി സൗകര്യങ്ങൾ കൂട്ടിയെടുത്തു. വീടിനോടുള്ള സെന്റിമെന്റ്സ് കാരണം പൊളിച്ചുപണിയാൻ താൽപര്യമില്ല. എക്സ്റ്റീരിയറിന്റെ ലുക്ക് മാറ്റിയെടുക്കുകയും വേണം. എന്നാൽ പൈസ അധികം ചെലവാകുകയുമരുത്.

ഡിസൈനറും കളിക്കൂട്ടുകാരനുമായ ഷിന്റോയുമായി ഇക്കാര്യം ചർച്ച ചെയ്തു. അങ്ങനെ പ്ലാനിങ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് എല്ലാ ആസൂത്രണങ്ങളെയും തകിടം മറിച്ച കൊറോണയുടെ വരവും ലോക്ഡൗൺ കാലവും. ലണ്ടനിൽ ഉന്നത പഠനത്തിനായി പോയ ഭാര്യ ലിമ്മിക്ക് നാട്ടിലെത്താൻ കഴിഞ്ഞത് ജൂൺ 19 ന്. വീട്ടിൽ പ്രായമായ അമ്മയും ചെറിയ കുഞ്ഞുമുള്ളതിനാൽ പെയ്ഡ് ക്വാറന്റീനിൽ ആയിരുന്നു ലിമ്മി. അപ്പോഴാണ്, "മാസങ്ങൾക്കു ശേഷം വീട്ടിലേക്ക് തിരിച്ചു വരുന്നതല്ലേ.. രണ്ടാം വരവിൽ ഒരു ചേഞ്ച് ആയിക്കോട്ടെ, " എന്ന് അനൂപിന് തോന്നിയത്. ലിമ്മിക്ക് മറക്കാനാവാത്ത ഒരു സർപ്രൈസ് ആയി ദിവസങ്ങൾക്കുള്ളിൽ വീട് പുത്തൻ ലുക്കിലേക്ക് മാറി. അത് ഷിന്റോയുടെ മിടുക്ക്.

പഴയ പാരപ്പറ്റ് തട്ടിക്കളഞ്ഞ് ട്രസ്സ് കൊടുത്തു. ഒറിജിനൽ ലാറ്ററ്റൈറ്റ് കൊണ്ട് മുൻവശത്ത് ക്ലാഡിങ് നടത്തി. പഴയ ഓടും മുഖപ്പും വാങ്ങി കഴുകി മേൽക്കൂരയിൽ കൊടുത്തു. ചാരുപടി പെയിന്റടിച്ച് സ്റ്റൈൽ ആക്കി. രണ്ടു ലക്ഷം രൂപയ്ക്ക് ആരും കണ്ടാൽ അതിശയപ്പെടുന്ന കിടിലൻ ലുക്ക് ആയി വീടിന്. " ഓടിന് ഒരു ഗുണമുണ്ട്. വീടിന് വിചാരിക്കാത്ത ഒരു ഭംഗികൊടുക്കാൻ നാടൻ ഓടിന് സാധിക്കും. ഏതെങ്കിലും ഒരു ഭാഗത്ത് കൊടുത്താലും ടോട്ടൽ ചേഞ്ച് തോന്നും, '' ഷിന്റോ പറയുന്നു.

ഒന്നാം ക്ലാസ്സ് മുതലുള്ള സുഹൃത്തിന്റെ കഴിവ് നന്നായി ബോധ്യമുള്ളതിനാൽ ഷിന്റോ പറഞ്ഞതിൽ നിന്ന് അനൂപ് അണുവിട മാറിയില്ല. " ഓടിന് പെയിന്റടിക്കണമെന്ന് പലരും പറഞ്ഞെങ്കിലും ചെയ്തില്ല. ഷിന്റോയ്ക്ക് എന്തെങ്കിലും ഉദ്ദേശ്യം ഉണ്ടാവുമെന്ന് ഉറപ്പായിരുന്നു, " അനൂപ് പറയുന്നു. അങ്ങനെ 3D യിൽ കണ്ടതിനേക്കാൾ ഉഗ്രൻ മേക്കോവറിലായി വീടിപ്പോൾ. എവിടെപ്പോയാലും ചെടി വാങ്ങുന്ന അനൂപ്, ലിമ്മിക്കൊപ്പം വെർട്ടിക്കൽ ഗാർഡനും മുൻവശത്ത് ഒരുക്കിക്കഴിഞ്ഞു.