Thursday 15 June 2023 03:50 PM IST

ഇത്രയും ഭംഗിയുള്ള വീട് എന്തേ റേഡരികിൽ ആയില്ല? മാടപ്പള്ളിമറ്റം എന്ന പച്ചപ്പിനുള്ളിലെ വീടു കാണാം

Sona Thampi

Senior Editorial Coordinator

mmj1

നഗരത്തിരക്കിൽ നിന്നൊഴിഞ്ഞ് സ്വച്ഛമായ ഇടവഴിയോരത്ത് ഒരേക്കറിൽ നിറഞ്ഞുനിൽക്കുകയാണ് ‘മാടപ്പള്ളിമറ്റം’ എന്ന വീട്. ഒറ്റ നിലയിൽ 5500 ചതുരശ്രയടി വിസ്താരത്തിൽ ചുറ്റുമുള്ള റബർ തോട്ടങ്ങളിലേക്ക് അഭിമുഖമായാണീ സൗധം. സുന്ദരമായ ഈ വീടിന്റെ അഴക് പതിവിലും മടങ്ങ് കൂട്ടുന്നതാണ് ഇതിന്റെ പച്ചപ്പു നിറഞ്ഞ ചുറ്റുപാട്. അതുകൊണ്ടുതന്നെ ഇത്തരം സുന്ദരമായ വീടുകൾക്ക് അനുയോജ്യം ഗ്രാമാന്തരീക്ഷം തന്നെയാണ്.

മുൻഭാഗത്തിന് നാല് മുഖപ്പുകൾ നൽകുന്ന തലയെടുപ്പ്. ചുറ്റും പച്ചപ്പുല്ലിന്റെ പരവതാനി. തട്ടുതട്ടായുള്ള സ്ഥലത്ത് മണ്ണെടുത്ത് നിരപ്പാക്കിയ ശേഷമാണ് വീട് പണിതിരിക്കുന്നത്.

mmj2 Sitout

കാർപോർച്ചിൽ നിന്ന് തുറന്ന ഇടനാഴിയാണ് വീട്ടിലേക്ക് ആനയിക്കുന്നത്. തുറന്ന സിറ്റ്ഔട്ടും അതിനോടു ചേർന്ന് ‘എൽ’ ആകൃതിയിലുള്ള ജലാശയവും സ്വപ്നതുല്യമായ ‘എൻട്രി’യാണ് വീട്ടിലേക്കു നൽകുന്നത്.

വീടിനകത്തും വീട്ടുകാർ ആഗ്രഹിച്ച പോലെ ഒാപ്പൻ നയമാണ് പിൻതുടർന്നിരിക്കുന്നത്. ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, പാൻട്രി എന്നിവ പരസ്പരം തുറന്നിരിക്കുന്ന രീതിയിലാണ്. ലിവിങ്ങിലും ഡൈനിങ്ങിലും ഇരുന്നാൽ ഭിത്തി നിറയുന്ന ഗ്ലാസ്സ് ജാലകങ്ങളിലൂടെ പുറത്തെ ജലാശയവും പച്ചപ്പും ഒരു റിസോർട്ടിന്റെ പ്രതീതിയോടെ ആസ്വദിക്കാം.

mmj3 Living Area

പ്രാർത്ഥനാ മുറിയുടെ ചുറ്റുമായാണ് നാലു കിടപ്പുമുറികൾ. വിശാലമായ ഇൗ കിടപ്പുമുറികൾ എല്ലാം വീടിന്റെ ഒരു ഭാഗത്തായി ഒതുക്കിയിരിക്കുന്നു എന്നതാണ് ഇൗ വീട്ടിൽ കണ്ട പ്രത്യേകത. ജോലിക്കാരെ ഏൽപ്പിച്ചു പോകേണ്ടിവന്നാലും കിടപ്പുമുറികൾ ഒറ്റ യൂണിറ്റായി അടച്ചിടാം. ഡ്രസ്സിങ് റൂമും ബാത്റൂമും ഇൻബിൽറ്റ് ഇരിപ്പിടങ്ങളുമായി എല്ലാ കിടപ്പുമുറികളും ഒരേ അച്ചിലാണ് തീർത്തിരിക്കുന്നത്.

ഒറ്റനിലയിലെ വീടിന് പുറമേ നാല് പ്രത്യേക കൂരകളും വീടിനെ വിശാലമായി തോന്നിപ്പിക്കുന്നു. ഒരു ഗസീബോ, ഗരാജ്, ഒൗട്ട്ഹൗസ്, ജിം എന്നിവയാണ് ഇൗ കൂരകൾക്കകത്ത്.

കടുംനിറങ്ങളില്ല, നേർത്ത ന്യൂട്രൽ നിറങ്ങളാണ് വീടിനകത്തും പുറത്തും. ഗ്രൂവ് ഡിസൈനിന്റെ സ്പർശം ഏൽക്കാത്ത ഒരു ഭാഗം പോലും ഇല്ല എന്നു പറയാം. എക്സ്റ്റീരിയർ ഭിത്തിയിൽ അഞ്ച് നിറങ്ങളിൽ കാണുന്ന ഗ്രൂവ് ഡിസൈൻ ഇന്റീരിയറിന്റെ എല്ലാ ഭാഗത്തും കാണാം.

mmj4 corridor

ഇറ്റാലിയൻ മാർബിൾ തറകളെ മാത്രമല്ല, ലിവിങ്ങിലെയും ഡൈനിങ്ങിലെയും ഒാരോ ഭിത്തികളെ വരെ രാജകീയമാക്കുന്നു. ക്വാർട്സ് മെറ്റീരിയലിൽ തീർത്ത 10 സീറ്റുള്ള ഡൈനിങ് ടേബിൾ ഭക്ഷണവേളകളെ ആഘോഷമാക്കുന്നു. വാഷ് ഏരിയയ്ക്കു സമീപത്തായി പുറത്ത് ഒരു കോർട്‌യാർഡും ഒരുക്കിയിട്ടുണ്ട്.

mmj5 Dining Area

കസ്റ്റംമെയ്ഡ് ആയ ഡിസൈനുകൾ ഒന്നിനൊന്നു കേമം. ലിവിങ്ങിലെ ഫർണിച്ചറും സെന്റർടേബിളും കാർപെറ്റും വരെ പ്രത്യേക ആകൃതിയിലാണ്. ബെഡ്റൂമുകളിൽ ഹെഡ്ബോർഡും ചുമരിലെ പെയിന്റിങ്ങുകളും കാർപെറ്റും ഒരേ നിറത്തിലാണ്. പ്രത്യേകം പറഞ്ഞുചെയ്യിച്ച കാർപെറ്റുകൾ ഭിത്തിയിലെ പെയിന്റിങ്ങുകൾക്കിണങ്ങുന്ന രീതിയിലാണ്. അത്രത്തോളം വിശദാംശങ്ങൾ നോക്കിയാണ് ഇവിടത്തെ ഒാരോ കാര്യവും. ഒരു സ്വപ്നം പോലെ ഇൗ വീട് ആരുടെയും മനസ്സിൽ കയറിപ്പറ്റും.

ചിത്രങ്ങൾ: മനു ജോസ് െഫാട്ടോഗ്രഫി

mmj6 Bed room

PROJECT FACTS

Area: 5550 sqft Owner: ടോണി ടോമി & അഞ്ജു Location: മൂഴൂർ, കോട്ടയം

Design: മൈൻഡ്സ്കേപ് ആർക്കിടെക്ചർ, പാലാ mmjarch@gmail.com