Thursday 01 June 2023 01:26 PM IST

ആദ്യം തന്നെ വലിയ വീട് വയ്ക്കണോ? വേണ്ട, കുടുംബത്തോടൊപ്പം വീടും വളരട്ടെ എന്ന് ജലീലും ഷംസിയയും

Sreedevi

Sr. Subeditor, Vanitha veedu

sab1

കുടുംബത്തോടൊപ്പം വികസിക്കുന്ന വീട് എന്ന സങ്കൽപം പല രാജ്യങ്ങളിലുമുണ്ട്. വിവാഹം കഴിക്കുമ്പോൾ, കുട്ടികൾ ഉണ്ടാകുമ്പോൾ, കുട്ടികൾ വലുതാകുമ്പോൾ... അതനുസരിച്ച് പുതിയ മുറികൾ കൂട്ടിച്ചേർക്കുകയോ സൗകര്യങ്ങൾ കൂട്ടുകയോ ചെയ്യുന്നു. നിലമ്പൂർ അകമ്പാടം സ്വദേശിയായ അബ്ദുൾ ജലീലും ഷംസിയയും കുടുംബത്തോടൊപ്പമാണ് വീടിനെയും വളർത്തിയത്. 1998 ൽ മൂന്ന് കിടപ്പുമുറികളോടു കൂടി പണിത വീടാണ് ഇന്ന് അഞ്ച് കിടപ്പുമുറികളുള്ള ലക്ഷ്വറി വീടായി വികസിച്ചത്.

പത്ത് വർഷം കഴിഞ്ഞ് 2000 ൽ, കുടുംബം വലുതായപ്പോൾ മുകളിൽ രണ്ട് കിടപ്പുമുറികൾ കൂട്ടിച്ചേർത്തതാണ് വീടിന്റെ ആദ്യത്തെ പുതുക്കിപ്പണിയൽ. മകളുടെ വിവാഹമായപ്പോൾ വീടിന്റെ അടുത്ത രൂപമാറ്റത്തിന് സമയമായെന്ന് അബ്ദുൾ ജലീൽ– ഷംസിയ ദമ്പതികൾക്കു തോന്നി. മാത്രമല്ല, 90 കളിലേതിൽ നിന്ന് ഒട്ടേറെ മാറ്റങ്ങൾ വീടുകളുടെ സൗകര്യങ്ങളിലും വീട്ടുകാരുടെ ജീവിതശൈലിയിലുമൊക്കെ വന്നു. അപ്പോൾ തീർച്ചയായും ആ മാറ്റങ്ങൾ വീടിലും പ്രതിഫലിക്കേണ്ടതുണ്ട്.

sab2 Living Room

കോഴിക്കോട്ടെ ആർക്കിടെക്ട് സബീല ഹാരിസിനെയാണ് വീട് പുതുക്കിപ്പണിയാൻ ഏൽപ്പിച്ചത്. എക്സ്റ്റീരിയറും ഇന്റീരിയറും പുതുക്കണം എന്നാണ് വീട്ടുകാർ ആഗ്രഹിച്ചത്. അകത്തെ മുറികൾ ‘ഓപ്പൻ’ ആക്കുകയും ചില മുറികൾ വലുതാക്കുകയും വേണം.

90 കളിൽ നിർമിച്ച മിക്ക വീടുകളിലേയും പോലെ ഇവിടെയും വാതിലുകൾ വച്ച് തിരിച്ച, വെന്റിലേഷൻ കുറഞ്ഞ മുറികളായിരുന്നു. അതിലും പ്രധാന പ്രശ്നം മുറികളുടെ ‘സർക്കുലേഷ’നെ സംബന്ധിച്ചുള്ളതായിരുന്നു. ഓരോ മുറിയും പൂർണമായി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ വാതിലുകളുടെയും മറ്റു മുറികളുടെയും സ്ഥാനം ക്രമീകരിക്കുന്നതിനെയാണ് സർക്കുലേഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് ഈ വീട്ടിൽ 10 മീറ്ററോളം നീളമുള്ള ഒരു ഹാൾ ഉണ്ടായിരുന്നു. ഹാളിന്റെ നാലു വശത്തു കൂടി നാലു മുറികളിലേക്കു പോകുന്ന വിധത്തിലായിരുന്നു ക്രമീകരണം. കൂടാതെ, ഹാളിന്റെ നടുവിൽ ഡൈനിങ് ടേബിൾ കൂടി വന്നതോടെ കുറേ സ്ഥലം മറ്റ് ഉപയോഗങ്ങളൊന്നുമില്ലാതെ കിടന്നു. ഈ പ്രശ്നം പരിഹരിക്കണമായിരുന്നു.

sab3 Dining Room

താഴെയും മുകളിലും രണ്ട് വീതം കിടപ്പുമുറികളായിരുന്നു. ഈ കിടപ്പുമുറികളുടെ വലുപ്പം കൂട്ടുകയും ഡ്രസ്സിങ് ഏരിയ പോലുള്ള സൗകര്യങ്ങൾ കൂട്ടിച്ചേർക്കുകയും വേണമെന്നും വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു.

പഴയ വീടിന്റെ സിറ്റ്ഔട്ട് രണ്ട് മുറികൾക്കിടയിലുള്ള രീതിയിൽ ആയിരുന്നു. ഈ സിറ്റ്ഔട്ടിനെ ഇരുവശത്തുമുള്ള മുറികളിലേക്ക് കൂട്ടിച്ചേർത്ത്, പുതിയൊരു സിറ്റ്ഔട്ടും കാർപോർച്ചും നിർമിക്കുക എന്നതായിരുന്നു ആർക്കിടെക്ടിന്റെ പ്ലാൻ. വീടിന്റെ എക്സ്റ്റീരിയർ കാഴ്ചയിൽ മാറ്റം വരുത്താൻ ഈ നീട്ടിയെടുക്കൽ കൊണ്ടു സാധിക്കുകയും ചെയ്തു.

പഴയ പ്ലാൻ അനുസരിച്ച് താഴത്തെ രണ്ട് കിടപ്പുമുറികൾക്കു പൊതുവായുള്ള ബാത്റൂം ആയിരുന്നു. ആ കോമൺ ബാത്റൂമിനെ ഒരു കിടപ്പുമുറിയിലേക്കു കൂട്ടിയെടുത്തു. ഈ ബാത്റൂമിനോടു ചേർന്ന് ഡ്രസ്സിങ് ഏരിയ നിർമിക്കാൻ പുറത്തേക്ക് സ്ഥലം കുറച്ച് നീട്ടിയെടുക്കേണ്ടിവന്നു.

sab4 Master Bedroom

മുറികൾ ചിലതെല്ലാം കൂട്ടിച്ചേർക്കുകയും മറ്റു ചിലത് മുറിച്ച് പലതാക്കുകയും ചെയ്തു. ബാത്റൂം ഇല്ലാത്ത ഒരു ബെഡ്റൂം ഉണ്ടായിരുന്നു. അത് പ്രാർഥനാ മുറി, കോമൺ ബാത്റൂം, വാഷ്ഏരിയ എന്നിങ്ങനെ വേർതിരിച്ചു.

മുകളിലെ നിലയിൽ രണ്ട് കിടപ്പുമുറികൾ നേരത്തേ ഉണ്ടായിരുന്നു. മകളുടെ വിവാഹത്തോടനുബന്ധിച്ചാണ് ഈ പുതുക്കൽ നടത്തിയത് എന്നതിനാൽ മുകളിൽ ഒരു മുറി കൂടിയെടുത്ത് മണിയറയാക്കി ക്രമീകരിച്ചു.

അടുക്കളയിൽ നിന്നാൽ ലിവിങ് റൂം കാണണം എന്നത് വീട്ടുകാരിയുടെ ആഗ്രഹമായിരുന്നു. ലിവിങ് റൂമിനെയും ഡൈനിങ്ങിനെയും വേർതിരിക്കുന്ന ചുവർ പകുതിയാക്കി ഗ്ലാസ്സ് പാർട്ടീഷൻ കൊടുത്തു. ലിവിങ്–ഡൈനിങ്–പാൻട്രി–കിച്ചൻ ഇതെല്ലാം ഒറ്റ ലൈനിൽ വരുന്ന വിധത്തിലാണ് ക്രമീകരിച്ചത്.

മറൈൻ എൻജിനീയറാണ് വീട്ടുകാരൻ. അദ്ദേഹത്തിന്റെ ജോലിയുമായി ബന്ധപ്പെട്ട ചില സൂചനകൾ ഇന്റീരിയറിൽ കൊണ്ടുവരാനാണ് ലിവിങ്– ഡൈനിങ് പാർട്ടീഷനിലെ ഗ്ലാസ്സിൽ വേൾഡ് മാപ്പ് എച്ചിങ് ചെയ്തത്.

sab5 Open Kitchen, Wash Area

പഴയ വീടിന്റെ അടുക്കള ഏകദേശം 10 മീറ്റർ നീളമുണ്ടായിരുന്നു. അത് രണ്ടാക്കിയാണ് പാൻട്രി ക്രമീകരിച്ചത്. സർക്കുലേഷൻ പ്രശ്നം പരിഹരിച്ച് മുറി പൂർണമായി ഉപയോഗിക്കാൻ അവസരമൊരുക്കുക എന്നതാണ് ഇങ്ങനെ മുറിച്ചതുകൊണ്ട് അർഥമാക്കിയത്.

സാധാരണ ഗോവണിക്ക് കുറഞ്ഞത് നാലടിയെങ്കിലും വീതി വേണം. ഇവിടെ മൂന്ന് അടിയേ ഉണ്ടായിരുന്നുള്ളൂ. നിലവിലുള്ള ഗോവണി പൊളിക്കാതെത്തന്നെ വീതി കൂട്ടി. സ്റ്റെപ്പിന്റെ മുകളിൽ ഉണ്ടായിരുന്ന ഹാൻഡ്റെയിലുകൾ വശങ്ങളിലേക്കാക്കി പുനരുപയോഗിച്ചു. സ്ഥാനം മാറ്റിയപ്പോൾ ഉണ്ടായ ഉയരക്കുറവ് പരിഹരിക്കാൻ തടിയുടെ കഷണം കൂട്ടിച്ചേർത്തു.

ഏറ്റവും കുറച്ച് പൊളിക്കലുകളിലൂടെയാണ് പരമ്പരാഗത ശൈലിയിലുള്ള എക്സ്റ്റീരിയറിനെ ബോക്സ് ഡിസൈനിലേക്ക് മാറ്റിയത്. മേൽക്കൂര പൊളിച്ചില്ല. പകരം സിംഗിൾ സൺഷേഡുകൾ മാറ്റി, റണ്ണിങ് സൺഷേഡുകൾ ആക്കി. ലിന്റലുമായി ചേർത്ത് ബോക്സ് ആകൃതിയാക്കി.

പ്രധാന റോഡിന്റെ അരികിൽ തന്നെയുള്ള പ്ലോട്ട് 37 സെന്റ് ആണ്. താഴേക്ക് ചരിഞ്ഞിറങ്ങുന്നതുപോലെയാണ് വീട്ടിലേക്കുള്ള വഴി. വീട് പ്ലോട്ടിന്റെ ഏറ്റവും പിറകിലാണ് നിർമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പ്ലോട്ടിന്റെ മിക്കവാറും ഭാഗം വീടിന്റെ മുൻവശത്താണ്. മാവ് പോലുള്ള മരങ്ങളെല്ലാം ഇവിടെയുണ്ട്. അതെല്ലാം കളഞ്ഞ് പുല്ല് പിടിപ്പിക്കൽ ഉൾപ്പെടെയുള്ള ലാൻഡ്സ്കേപ്പിങ് ചെയ്യാനാകില്ല. വീടിന്റെ ഇടതുവശത്തു സ്ഥലം കുറവും വലതു വശത്ത് കൂടുതലുമാണ്. അതുകൊണ്ട് ഇടതു വശത്ത് ബോക്സുകൾ ക്രമീകരിച്ച് ലോണും കുറച്ചു ചെടികളും നട്ടു. വലതു വശത്ത് വലിയ മരങ്ങളും ക്രമീകരിച്ചു. രണ്ട് കാർപോർച്ച് ഉണ്ട് ഇവിടെ. സിറ്റ്ഔട്ടിനു മുന്നിലുള്ളതു കൂടാതെ ഷട്ടർ ഉള്ള ഒരു പോർച്ച് കൂടി വീട്ടിൽ നിന്നു മാറി നിർമിച്ചു.

ഈ വീടിന്റെ പുതുക്കൽ ഇവിടെ അവസാനിച്ചു എന്നു കരുതാനാവില്ല. മുകളിലെ നിലയിലെ രണ്ട് കിടപ്പുമുറികൾ രണ്ട് ആൺമക്കളുടേതാണ്. അവർ വളരുമ്പോഴും വിവാഹസമയത്തുമൊക്കെ പുതുക്കിയെടുക്കാം എന്നാണ് വീട്ടുകാരുടെ പ്ലാൻ. അങ്ങനെ ഈ വീട് വീണ്ടും വീണ്ടും വളരും, പൂർണതയിലേക്കു നീങ്ങും

ചിത്രങ്ങൾ: അഖിൽ കൊമാച്ചി

Area: 4485 sqft Owner: അബ്ദുൾ ജലീൽ കോട്ട & ഷംസിയ

Location: അകമ്പാടം, നിലമ്പൂർ

Design: സബീല ഹാരിസ്, കോഴിക്കോട് sabeelas@gmail.com