Saturday 26 December 2020 03:41 PM IST : By സ്വന്തം ലേഖകൻ

പഴയ വീട് പൊളിച്ചപ്പോൾ കിട്ടിയ വെട്ടുകല്ലും തടിയും ഓടും കൊണ്ടു പണിത പുതിയ വീട്, 2300 ചതുരശ്രയടിയുള്ള വീടിന്റെ അകത്തളം കണേണ്ടത് തന്നെയാണ്.

1608721552721

പ്രകൃതിയിൽ നിന്ന് ആവശ്യത്തിനു മാത്രം എടുക്കുക, ഭൂമിക്ക് ദഹിപ്പിക്കാൻ ആകാത്തതിനെ തിരിച്ചു കൊടുക്കാതിരിക്കുക എന്നീ ലാറി ബേക്കർ ചിന്തകൾ തന്നെയാണ് ശാന്തിലാൽ സ്വന്തം വീട് പണിതപ്പോഴും പ്രാവർത്തികമാക്കിയത്.

shanthilal 1

തറവാട് താമസയോഗ്യമല്ലാതായപ്പോഴാണ് ശാന്തിലാലും ഭാര്യ പ്രജിതയും പുതിയ വീടിനെക്കുറിച്ച് ചിന്തിച്ചത്. കൊടുങ്ങല്ലൂരിലുള്ള തറവാട് പൊളിച്ച് അതേ സ്ഥലത്തു തന്നെ പുതിയ വീട് പണിതു. പുതിയ വീടിന്റെ നിർമാണസാമഗ്രികളിൽ 80 ശതമാനവും പഴയ വീട്ടിൽ നിന്നു കിട്ടി. എന്നാൽ മികച്ച നിർമിതിയായിരുന്നു പഴയ വീട്. ഗുണമേന്മയുള്ള വെട്ടുകല്ലുകൊണ്ട് ഭിത്തികൾ. പടുക്കാൻ ചുണ്ണാമ്പും മണ്ണും ഉപയോഗിച്ചതിനാൽ കട്ടകൾ വേർതിരിക്കാൻ പ്രയാസമുണ്ടായില്ല.

1608721379297

പുതിയ വീടിന്റെ അകഭിത്തികൾക്കെല്ലാം ഇതാണ് ഉപയോഗിച്ചത്. ഉപയോഗയോഗ്യമല്ലാത്ത കല്ലും കുമ്മായം മണ്ണ് മിശ്രിതവും തറ നിറയ്ക്കാൻ ഉപയോഗിച്ചു. പുതിയ വീട്ടിലെ 80 ശതമാനം തടിയും പഴയത് പുനരുപയോഗിച്ചതാണ്. ചെറിയ കഷണങ്ങൾ ഫ്ലോറിങ്ങിന് ഉപയോഗിച്ചു. ഇരുമുള്ളും വേങ്ങയുമായിരുന്നു പഴയ തടിയിൽ കൂടുതൽ. പറമ്പിൽ ഉണ്ടായിരുന്ന രണ്ട് മരങ്ങളും കുറച്ചു പഴയ തടി വാങ്ങിയതും ചേർന്നപ്പോൾ ആവശ്യത്തിനായി. പഴയ വീടിന്റെ ഓട് കൂടാതെ 2000 എണ്ണം വാങ്ങി.

1608721598169

ഭിത്തികൾ കെട്ടിപ്പടുത്തതും അകത്തെ ഭാഗം തേച്ചതും മണ്ണ് ഉപയോഗിച്ചാണ്. വീടിന്റെ പുറം ഭിത്തികൾക്കുള്ള വെട്ടുകല്ല് വരന്തരപ്പിള്ളിയിൽ നിന്നാണ് വാങ്ങിയത്. ഉറപ്പും ഭംഗിയുമുള്ള ഈ കല്ലുകൊണ്ടുള്ള ഭിത്തികൾ തേച്ചില്ല.മേൽക്കൂര ഓടിട്ടതാണെങ്കിലും കുറച്ചു ഭാഗം വാർക്കേണ്ടിവന്നു. ഫില്ലർ സ്ലാബ് ഉപയോഗിച്ചതിനാൽ സിമന്റിന്റെ അളവ് കുറച്ചേ വേണ്ടിവന്നുള്ളൂ.മുകളിലെ നില നിർമിച്ചതിൽ ചില പഴയ നിർമാണരീതികൾ ഉപയോഗിച്ചിട്ടുണ്ട്.

1608721590763

കുറച്ചിടത്ത് തട്ട് ഇടുകയായിരുന്നു. ഇതിനു മുകളിൽ കരിവേലകത്തിന്റെ ഇല വിരിച്ച് മുകളിൽ മണ്ണും കുമ്മായവും നിരത്തി അതിനു മുകളിൽ അരിച്ച മണ്ണ് തേച്ചു. വിള്ളലുകൾ ഇല്ലാതെ ആകുന്നതുവരെ ഇത്തരത്തിൽ മണ്ണ് തേച്ച് മുകളിൽ കനം കുറച്ച് സിമന്റ് ഇട്ട് അതിൽ തടി പാളികൾ പതിപ്പിച്ചാണ് ഫ്ലോറിങ് ചെയ്തത്.പുതുതായി ഉപയോഗിച്ച നിർമാണസാമഗ്രികളിൽ ഏറ്റവും കൂടുതലുള്ളത് മുളയാണ്.

1608721571527

കേരള ബാംബൂ കോർപ്പറേഷൻ നിർമിക്കുന്ന ബാംബൂ ഷീറ്റുകൾ ആണ് ഓടിനു താഴെ ഫോൾസ് സീലിങ് ചെയ്യാനും കബോർഡ് വാതിലുകൾ നിർമിക്കാനും ഉപയോഗിച്ചിരിക്കുന്നത്. ഗോവണിയും മുകളിലുള്ള ബാൽക്കണിയുടെ കൂടുമെല്ലാം മുളകൊണ്ടാണ്. മുളയും തടിയുമെല്ലാം വീട്ടിൽ തന്നെ ട്രീറ്റ് ചെയ്ത് ബലപ്പെടുത്തി. വടക്കൻ പറവൂരിനടുത്ത് മൂത്തകുന്നത്തുനിന്നാണ് മുള വാങ്ങിയത്. ഏറ്റവും സുസ്ഥിരവും പ്രകൃതിസൗഹൃദവും ബലവത്തായതുമായ നിർമാണസാമഗ്രിയാണ് മുള.

1608721613285

വീടിന് ഏറ്റവും അഭിനന്ദനങ്ങൾ ലഭിച്ചത് ആത്തംകുടി ടൈൽ കൊണ്ടുള്ള ഫ്ലോറിങ്ങിനാണ്. ചെട്ടിനാട് നിന്ന് കൊണ്ടുവന്ന ടൈൽ പ്രത്യേക പരിശീലനം ലഭിച്ച പണിക്കാരാണ് വിരിച്ചത്. പൂമുഖത്തിനും കാർപോർച്ചിനുമെല്ലാം തെങ്ങിൻ തടി കൊണ്ടുള്ള തൂൺ ആണ്.കോർട്‌യാർഡിനോടു ചേർന്ന ഇരിപ്പിടവും ആട്ടുകട്ടിലുമാണ് പ്രധാന ഇരിപ്പിടങ്ങൾ. ഡൈനിങ്ങിലേക്കു തുറക്കുന്ന അടുക്കളയാണ്.

1608721560008

കിടപ്പുമുറികൾ മൂന്നെണ്ണം. രണ്ടെണ്ണം ബാത്റൂം അറ്റാച്ഡ്. ഒന്നിന് കോമൺ ബാത്റൂം ഉപയോഗിക്കാം. വീടിന്റെ എല്ലാ ഭാഗങ്ങളും തമ്മിൽ ബന്ധം വേണമെന്ന് കുടുംബാംഗങ്ങൾക്ക് ഒരുപോലെ ആഗ്രഹമുണ്ടായിരുന്നു. ഗോവണി കയറിയെത്തുന്ന മുകളിലെ മുറിയിലെ സ്റ്റഡി ഏരിയയിൽ ഇരിക്കുന്ന കുട്ടികൾ ഒരു വിളിയുടെ മാത്രം അകലത്തിലാണ്. ഇതിനാണ് ലിവിങ് ഏരിയകൾ ഡബിൾ ഹൈറ്റ് ആക്കിയത്.

1608721691322

മുള, കയർ, പഴയ തടി, പഴയ ഓട്...ഇങ്ങനെ അസാധാരണ നിർമാണവസ്തുക്കൾ, പതിവില്ലാത്ത നിർമാണരീതികൾ.. വീട്ടുകാരും നാട്ടുകാരും സംശയത്തോടെ നോക്കുന്നുണ്ടോ എന്നു ചോദിച്ചാൽ ശാന്തിലാൽ ചിരിക്കും. കുറച്ചു കാലമായി ഇതിനു പിറകെ നടക്കുന്നതുകൊണ്ട് എല്ലാവർക്കും തന്നെ അറിയാം എന്നാണ് ആ ചിരിയുടെ അർഥം. n

കോസ്റ്റ്ഫോർഡ്,

തൃശൂർ.

slal20kdr@gmail.com

Tags:
  • Vanitha Veedu