Tuesday 02 July 2019 05:32 PM IST : By Sreedevi

ശ്ശെടാ...ഈ വീടെന്താ പഴകിയിരിക്കുന്നത്?; അതിഥികളെ കൺഫ്യൂഷനാക്കിയ ചോദ്യത്തിനുള്ള ഉത്തരം ഇതാ

faizal-home

സുന്ദരമായ സ്വപ്നങ്ങൾ കാണുന്ന വീട്ടുകാരാണ് ഭംഗിയുള്ള വീടിന്റെ ആത്മാവ്. തൃശൂർ – കുന്ദംകുളം റൂട്ടിലെ പുഴയ്ക്കലിൽ എലൈറ്റ് ഗാർഡനിയ ഹിൽസിലെ ‘വടക്കേടത്ത്’ എന്ന വീടിന്റെ കാര്യവും വ്യത്യസ്തമല്ല. കൊളോണിയൽ ശൈലിയിലുള്ള പുറം കാഴ്ച മാത്രമല്ല ഇംഗ്ലിഷ് രീതിയിൽ ഒരുക്കിയ ഇന്റീരിയറും കാഴ്ചക്കാരനെ മറ്റൊരു ലോകത്തെത്തിക്കും.

കുന്നിൻ ചെരിവാണ് പ്ലോട്ട്. കൊളോണിയൽ ശൈലിയുടെ പൂർണത ലഭിക്കാൻ അകത്തും പുറത്തും ചില ഭിത്തികൾ സിമന്റ് തേക്കാതെ നിർമിച്ചിരിക്കുന്നു. പ്ലോട്ട് രണ്ട് തട്ടാക്കി, ഗ്രൗണ്ട്, അണ്ടർ ഗ്രൗണ്ട് എന്നിങ്ങനെയാണ് വീട് നിർമിച്ചത്.

f2

ഭിത്തിയിലാണ് ബ്യൂട്ടി

ഇംഗ്ലിഷ് ശൈലിയുടെ കടുത്ത ആരാധകരായ വീട്ടുകാരൻ ഫൈസലും ഭാര്യ ഷീബയുമാണ് ഇന്റീരിയർ ഒരുക്കിയത്. ഭിത്തിയിലെ സ്ഥലമൊട്ടും പാഴാക്കാതെ, അലങ്കാരവസ്തുക്കളോ വോൾപേപ്പറോ വച്ച് ഭംഗിയാക്കിയിരിക്കുന്നു.

f1

മങ്ങിയ വെള്ളനിറമാണ് ഭിത്തികൾക്കും ഫർണിച്ചറിനുമെല്ലാം. ഉപയോഗിച്ചു പഴകിയതെന്നു തോന്നിക്കാനുള്ള ശ്രമമാണിത്.ഫർണിച്ചറിൽ അവസാന കോട്ട് പെയിന്റിങ്ങിനു മുൻപ് തേക്കിൻപൊടി വിതറി വാർണിഷ് ചെയ്ത് ‘ഡിസ്ട്രസ്ഡ് ലുക്കും’ ഉണ്ടാക്കി. ‘വീടെന്താ മങ്ങിയിരിക്കുന്നത്’ എന്ന അതിഥികളുടെ ചോദ്യം പുഞ്ചിരിയോടെയാണ് നേരിടാറുള്ളതെന്ന് ഷീബ.

f8
f3

അകത്തളം പൂമയം

സോഫ്ട് ഫർണിഷിങ്ങിൽ പൂർണമായും ഫോറൽ ഡിസൈനാണ് പരീക്ഷിച്ചത്. ഫർണിച്ചറിന്റെ വെള്ളയും ഫർണിഷിങ്ങിലെ പൂക്കളും നല്ല കോംബിനേഷനാണ്. സോഫയ്ക്ക് വിദേശത്തുനിന്നു വാങ്ങിയ വെൽവെറ്റ് തുണിയാണ്. ഫോയറിൽനിന്ന് ഡൈനിങ്– ഫാമിലി ലിവിങ്ങിലേക്കും ഫോർമൽ ലിവിങ്ങിലേക്കും കയറാവുന്ന വിധത്തിലാണ് പ്ലാൻ. ഡൈനിങ്ങിലേക്കു തുറന്ന അടുക്കള ആവശ്യാനുസരണം അടയ്ക്കാനുമാകും. എന്നാൽ ഈ വീട്ടിലെ ഏറ്റവും സുന്ദരമായയിടം ഡൈനിങ്ങിൽനിന്നുള്ള ഡെക്കാണ്. എപ്പോഴും കാറ്റാണിവിടെ.

f7
f4

ഫാമിലി ലിവിങ്ങിനരികിലൂടെയാണ് താഴത്തെനിലയിലെത്താം. പടികളിൽ ഹാൻഡ്മെയ്ഡ് ടൈലും തടിയും ഒട്ടിച്ചു. മുകളിൽ ഒന്നും താഴെ മൂന്നും വീതമാണ് കിടപ്പുമുറികൾ. കുട്ടികളുടെ പ്രിയപ്പെട്ട നിറങ്ങളാണ് വാതിലുകൾക്കുപോലും കൊടുത്തത്. വീടിനു വേണ്ടി എപ്പോഴും എന്തെങ്കിലും പുതുതായി ഉണ്ടാക്കിക്കൊണ്ടിരിക്കലാണ് ഷീബയുടെ ഹോബി. വീട്ടുകാരുടെ സ്നേഹത്തണലിൽ ഫൈസലിന്റെയും ഷീബയുടെയും വീട് ഓരോ ദിവസവും വളരുന്നു.

f6
f5