Wednesday 02 June 2021 10:57 AM IST : By സ്വന്തം ലേഖകൻ

കണ്ണിലുടക്കുന്ന പുറം കാഴ്ച, കാറ്റും കുളിരും നിറച്ച് അകത്തളം, നാല് സെന്റിൽ 1700 സ്‌ക്വയർഫീറ്റ് വീട്

jony 1

 ജോണിയും മായയും 1700 ചതുരശ്രയടി വിസ്തീർണമുള്ള വീട് പണിതത് കോഴിക്കോട് നഗരത്തിന്റെ ഭാഗമായ ചേവായൂരാണ്. വീട് ഡിസൈൻ ചെയ്തതും പണിയുടെ മേൽനോട്ടം വഹിച്ചതും കോഴിക്കോട് സത്ക്രിയയിലെ ആർക്കിടെക്ടുമാരായ സതീഷും കീർത്തിയുമാണ്.

jony 7

കണ്ണൂരിൽനിന്നു കൊണ്ടുവന്ന ചെങ്കല്ലാണ് വീടിന്റെ മുൻഭാഗം കെട്ടാൻ ഉപയോഗിച്ചത്. കല്ലുകൾക്കിടയിൽ പോയിന്റ് ചെയ്ത് തനിമ നിലനിർത്തി. പ്രധാനവാതിൽ തുറന്നാൽ ആദ്യം കാണുന്ന വിധത്തിലാണ് പ്രാർഥനായിടം ക്രമീകരിച്ചത്. ഇവിടത്തെ ഒരു ഭിത്തിയിൽ ടെറാക്കോട്ട ടൈൽ ക്ലാഡ് ചെയ്തു. ബാത് അറ്റാച്ഡ് ആയ രണ്ട് കിടപ്പുമുറികളും സ്വീകരണമുറിയുമാണ് ഗ്രൗണ്ട് ഫ്ലോറിൽ. സ്വീകരണമുറിയിൽ പുറംലോകത്തെ കാഴ്ചകൾക്കും സൂര്യപ്രകാശത്തിനും പഞ്ഞമുണ്ടാകരുത് എന്നുണ്ടായിരുന്നു. അഴികളില്ലാത്ത രണ്ട് വലിയ ഗ്ലാസ് ജാലകങ്ങൾ സ്വീകരണമുറിയെ സമ്പന്നമാക്കുന്നു.

jony 4

‘‘ജോലി സ്ഥലത്തുനിന്നു പെട്ടെന്ന് എത്താൻ പറ്റുമെന്നതിനാലാണ് നഗരത്തിൽ സ്ഥലം വാങ്ങിയത്. സൗകര്യങ്ങളെല്ലാം അടുത്തുണ്ടെങ്കിലും ചെടികളെയും മരങ്ങളെയും സ്നേഹിക്കുന്നവർ നിരാശരാകും. ഇവിടെ ഓരോ ഇഞ്ച് സ്ഥലത്തിനും പൊന്നിൻ വിലയാണ്. പൂന്തോട്ടവും മുറ്റവുമെല്ലാം സ്വപ്നത്തിൽ ഒതുക്കേണ്ടിവരും, കുന്നിൻ ചരിവിലുള്ള നാല് സെന്റാണ് വാങ്ങിയത്. പ്ലോട്ടിന്റെ ചരിവ് ഫലപ്രദമായി ഉപയോഗിക്കാമെന്ന ആശയം കിട്ടിയത് ആർക്കിടെക്ടുമാരെ സമീപിച്ചതുകൊണ്ടുമാത്രമാണ്. വീടിന്റെ പ്രധാനഭാഗങ്ങളായ അടുക്കളയും ഊണിടവും ഫാമിലി ലിവിങ്ങും അണ്ടർഗ്രൗണ്ട് ഫ്ലോറിൽ ആണെന്നതാണ് ഇവിടത്തെ പ്രത്യേകത. താഴത്തെ നിലയുടെ സംരക്ഷണഭിത്തി ചെലവു കൂട്ടി എന്നത് ഇതിന്റെ മറുവശം.

jony 6

താഴത്തെ നിലയിലെ ഡൈനിങ്ങും ഫാമിലി ലിവിങ്ങും അടുക്കളയും പരസ്പരം തുറന്നിരിക്കുന്നു. കുടുംബാംഗങ്ങളും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് ഇവിടേക്കിറങ്ങുകയെന്നതിനാൽ ഇത് ഞങ്ങളുടെ എന്റർടെയിൻമെന്റ് ഏരിയ കൂടിയാണ്. ഇതോടു ചേർന്ന കിടപ്പുമുറിയാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. അടുക്കളയോടു ചേർന്ന് വർക്ഏരിയയുമുണ്ട്. മറൈൻ പ്ലൈവുഡ് കൊണ്ടുള്ള കബോർഡുകളാണ് അടുക്കളയിൽ. ഇരൂൾ, വീട്ടി, തേക്ക് എന്നീ തടികളാണ് ജനലുകളുടെയും വാതിലുകളുടെയും നിർമാണത്തിന് ഉപയോഗിച്ചത്. വെളിച്ചം തടയാത്ത കർട്ടനിട്ടു. നിലത്ത് വിട്രിഫൈഡ് ടൈലാണ്.

jony 2

ഞങ്ങൾ ഏറ്റവും ആസ്വദിക്കുന്ന സ്ഥലം ടെറസ് ഗാർഡനാണ്. കുറച്ചു ഭാഗം ചരിച്ചു വാർത്ത് ഓടിടുകയാണ് ചെയ്തത്. ബാക്കി ടെറസിന് ട്രസ്സിട്ട് പോളികാർബണേറ്റ് മേൽക്കൂര നിർമിച്ചു. പോളികാർബണേറ്റ് ഷീറ്റിൽ കയറിനിന്നാൽ പൊട്ടുമെന്നതിനാൽ വൃത്തിയാക്കാൻ പ്രയാസമാണെന്നത് താമസിച്ചു തുടങ്ങിയശേഷമാണ് മനസ്സിലായത്. പെട്ടെന്ന് പായൽ പിടിക്കും. ഗ്ലാസായിരുന്നു കുറച്ചുകൂടി ഉചിതം. ഒരു വീടുപണിയുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇനിയൊന്നു പണിതാൽ പ്രശ്നങ്ങൾ കുറയ്ക്കാമെന്ന് ഞങ്ങൾ പരസ്പരം പറയാറുണ്ട്.’’

jony 5

പരിഹരിക്കാൻ ഇനിയും കുറവുകളുണ്ടെന്നു വേവലാതിപ്പെടുമ്പോഴും വീടിന്റെ ലഹരി ജോണിയുടെയും മായയുടെയും മനസ്സിൽനിന്നിറങ്ങിയിട്ടില്ല. 

jony 3
Tags:
  • Vanitha Veedu