അണുകുടുംബത്തിനുള്ള വീടാണ് എല്ലാവർക്കും ആവശ്യം. എന്നാൽ പാലക്കാട് ചിറ്റൂരുള്ള ഈ വീട് കൂട്ടുകുടുംബത്തിനുള്ളതാണ്. ജ്യേഷ്ഠാനുജന്മാരായ മധുസൂദനനും മനുപ്രസാദും കുടുംബത്തോടൊപ്പം താമസിക്കാൻ ഒറ്റ വീട് മതി എന്ന തീരുമാനമെടുത്തത് യാദൃച്ഛികമായല്ല. സഹോദരങ്ങൾ തമ്മിലുള്ള അടുപ്പം അത്തരത്തിൽ തീവ്രമാണ്.

തറവാടിനോടു ചേർന്ന സ്ഥലത്താണ് പുതിയ വീട് പണിയാൻ തീരുമാനിച്ചത്. പലവട്ടം പുതുക്കിപ്പണിയലുകൾ നടത്തിയിട്ടുണ്ടെങ്കിലും തറവാട് അമ്മയ്ക്ക് പ്രിയപ്പെട്ടതാണ്. അമ്മയുടെ മുറിയും കേടുപാടുകൾ കുറഞ്ഞഭാഗങ്ങളും അതേപടി നിലനിർത്തി. അമ്മയുടെ ഇഷ്ടം പോലെ എവിടെ വേണമെങ്കിലും താമസിക്കാനാണ് പുതിയ വീട് തൊട്ടടുത്തുതന്നെ നിർമിക്കാമെന്നു കരുതിയത്. ബന്ധു കൂടിയായ ഡിസൈനർ കിരണിനെ വീടുപണി ഏൽപ്പിച്ചു.
കേരളത്തിലെ ഏറ്റവും ചൂടുള്ള സ്ഥലങ്ങളിലൊന്നാണ് ചിറ്റൂർ. ചൂട് കുറയ്ക്കുന്ന ഡിസൈൻ ആകണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. നിർമാണത്തിന് വെട്ടുകല്ല് തിരഞ്ഞെടുക്കാൻ ഇതാണ് പ്രധാനകാരണം. പല ജില്ലകളിലായി ഏകദേശം അൻപത് വെട്ടുകൽ ക്വാറികൾ സന്ദർശിച്ചശേഷം കണ്ണൂർ ജില്ലയിലെ വളപട്ടണത്തുനിന്നാണ് ചെങ്കല്ല് വാങ്ങിയത്. കല്ലിന്റെ ഭംഗി കാണുന്ന വിധത്തിൽ പുറംഭിത്തികൾ തേക്കാതെ ക്ലിയർകോട്ട് അടിച്ചു. അകത്ത് കോർട്യാർഡിന്റെ ഭിത്തിയും തേച്ചില്ല.

കൂട്ടുകുടുംബമാണെന്നുമാത്രമല്ല, എല്ലാവരും എപ്പോഴും ഒപ്പംതന്നെയുണ്ടാകണം എന്നാണ് വീട്ടുകാരുടെ ആഗ്രഹം. നാല് കിടപ്പുമുറികൾ ഉൾപ്പെടെ മുറികളെല്ലാം താഴത്തെ നിലയിൽ ക്രമീകരിക്കാൻ ഇതാണ് കാരണം. 12.75 അടിയാണ് ഭിത്തികളുടെ ഉയരം. ലംബമായുള്ള സ്പേസ് പ്രയോജനപ്പെടുത്താൻ മെസനൈൻ ഫ്ലോർ പോലെ ‘ഫ്ലോട്ട്’ ചെയ്ത് നിൽക്കുന്ന ബാൽക്കണിയും ചെറിയൊരു സ്റ്റഡി ഏരിയയും നിർമിച്ചു. പുറത്തു നിന്നു നോക്കുമ്പോൾ ഇരുനില വീടാണെങ്കിലും ഫലത്തിൽ ഇതൊരു ഒറ്റനില വീടാണ്.
അകത്തളത്തിന്റെ പ്രധാനഭംഗി കോർട്യാർഡ് ആണ്. കോർട്യാർഡിനു മുകളിൽ ഗ്രിൽ ഇട്ട് ഒരു ടവറും നിർമിച്ചു. വീടിനു ചുറ്റുമുള്ള വയൽക്കാഴ്ചകൾ ഈ ടവറിൽ, ഗ്രില്ലിനു മുകളിൽ നിന്ന് ആസ്വദിക്കാം. അകത്തെ ചൂട് വായു പുറത്തേക്കു കളയുകയാണ് ടവറിന്റെ പ്രധാന നിർമാണഉദ്ദേശ്യം.

തറവാട്ടിൽ ഉപയോഗിച്ചിരുന്ന എസി കിടപ്പുമുറികളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് ഉപയോഗിക്കാറില്ല എന്നു പറയുന്നു മനുപ്രസാദ്. ഊർജഉപയോഗവും കാർബൺ ബഹിർഗമനവും കുറയ്ക്കുക എന്നതുതന്നെ ലക്ഷ്യം. വായുസഞ്ചാരം വർധിപ്പിക്കാൻ നാല് കിടപ്പുമുറികളിലും വെന്റിലേറ്റർ സ്ഥാപിച്ചിട്ടുണ്ട്. ബാത്റൂമുകളിൽ ഉപയോഗിക്കുന്നതിന്റെ എതിർദിശയിലാണ് ഈ വെന്റിലേറ്ററുകൾ സ്ഥാപിച്ചിരിക്കുന്നത്. അകത്തെ വായു പുറത്തേക്കു കളയുന്നതിനു പകരം പുറത്തുനിന്നുള്ള ശുദ്ധവായുവിനെ അകത്തേക്കു കയറ്റിവിടുകയാണ് ഇത്തരത്തിൽ വെന്റിലേറ്റർ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമാക്കിയത്.

തടിയുടെ ഉപയോഗത്തിന് കരിമ്പനയാണ് ഉപയോഗിച്ചിരിക്കുന്നത്. മരങ്ങൾ പരമാവധി വെട്ടാതെ നോക്കണം എന്ന തത്വം ജീവിതത്തിൽ പാലിക്കുന്നതിനാൽ മറ്റൊരു പ്ലോട്ടിൽ നിന്ന കരിമ്പന വെട്ടേണ്ടിവന്നപ്പോൾ അത് പ്രയോജനപ്പെടുത്തണം എന്ന് സഹോദരൻമാർ തീരുമാനിക്കുകയായിരുന്നു. പൊതുവേ ചീർക്കലും വളയലും കുറഞ്ഞ തടിയാണ് കരിമ്പനയുടേത്. എങ്കിലും മഴയും വെയിലും കൊള്ളിച്ച് സീസണിങ് ചെയ്തശേഷമാണ് നിർമാണത്തിന് ഉപയോഗിച്ചത്.
കൂടാതെ, വിപണിയിൽ ലഭിക്കുന്ന പ്രത്യേകതരം ബീഡിങ് സ്ഥാപിച്ച് തടിയും ഭിത്തിയും തമ്മിലുള്ള സംസർഗം കുറച്ചു. തടിയുടെ വ്യതിയാനങ്ങൾ മാത്രമല്ല, ചിതലിനെ തടുക്കാനും ഇത് പ്രയോജനപ്പെടും. ഗോവണിയുടെ പലകയ്ക്കു മാത്രമാണ് തേക്ക് ഉപയോഗിച്ചത്. കബോർഡ്Ð വാർഡ്രോബ് എന്നിവ പ്ലൈവുഡ് കൊണ്ടു നിർമിച്ചതാണ്.

ഡൈനിങ് ടേബിളിന്റെ നിർമാണത്തിൽ അല്പം കുസൃതി കാണിച്ചിട്ടുണ്ട് ഇവർ. താഴെ കാലുകൾ കൊടുക്കുന്നതിനു പകരം മുകളിൽ നിന്ന് തൂങ്ങിനിൽക്കുന്ന രീതിയിലാണ് ടേബിളിന്റെ നിൽപ്. തറ വൃത്തിയാക്കാൻ എളുപ്പമാണ്, ഇരിക്കുമ്പോൾ കാലുകൾക്ക് തടസ്സമാകില്ല എന്നതെല്ലാം ഈ ടേബിളിന്റെ ഗുണങ്ങളാണ്. എന്നാൽ ഊണുമേശയുടെ സ്ഥാനം മാറ്റിയിടണം എന്ന് ആഗ്രഹിക്കാനാവില്ല എന്നുമാത്രം.
പുതിയ വീടിന് അടുക്കള മാത്രമേയുള്ളൂ. തറവാടിനോടു ചേർന്നാണ് വർക്ഏരിയയുടെ നിർമാണം. രണ്ടു വീടിനും വേണ്ടിയുള്ള പാചകം ഈ വർക്ഏരിയയിലാണ് എന്നതാണ് കാരണം. പതിവ് പ്ലാനുകൾ പിൻതുടരാത്ത ഇതിനെ കസ്റ്റംമെയ്ഡ് വീട് എന്ന് എല്ലാ അർഥത്തിലും വിശേഷിപ്പിക്കാം.
Area: 2551 sqft
Owner: സൗദാമിനി, മധുസൂദനൻ & മനുപ്രസാദ്
Location: ചിറ്റൂർ, പാലക്കാട്
Design: കിരൺ, ചിറ്റൂർ, പാലക്കാട്
kirantycoonsinternational@gmail.com