ഏതൊക്കെ ശൈലികൾ മാറിവന്നാലും കേരളീയ വീടിന്റെ തലയെടുപ്പൊന്നു വേറെതന്നെ. കാലത്തിനും മായ്ക്കാനാവാത്ത പ്രൗഢിയാണ് ഇത്തരം വീടുകളുടെ മുഖമുദ്ര. പുതിയതായി ട്രെഡീഷനൽ വീടു പണിയുന്നവരും നിലവിലെ വീട് പരമ്പരാഗത ശൈലിയിലേക്ക് മാറ്റാൻ ഉദ്ദേശിക്കുന്നവരും ശ്രദ്ധിക്കുക. ഈ ആശയങ്ങൾ പിന്തുടർന്നാൽ കേരളീയ ഭംഗിയുള്ള വീട് നിങ്ങൾക്കും സ്വന്തമാക്കാം.

1.നാൽപത് വർഷമൊക്കെ പഴക്കം വരുന്ന കോൺക്രീറ്റ് വീടുകൾ ട്രെഡീഷനൽ ശൈലിയിലേക്ക് മാറ്റുമ്പോൾ അവയുടെ സ്ട്രക്ചർ ശ്രദ്ധിക്കുക. സൺഷേഡ്, ലിന്റൽ ബീം, സ്ലാബ് തുടങ്ങിയവയിൽ കേടുപാടുകളും ചോർച്ചയുമൊക്കെ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. അവയെല്ലാം എടുത്തുകളഞ്ഞ്, കെട്ടിടത്തിന്റെ ഭാരം കുറച്ച്, പുതിയ മച്ച് നൽകാം. തടി കൊണ്ടോ തടിയിൽ ഹുരുഡീസ് വിരിച്ചതോ ബൈസൺ പാനൽ പോലെ പുതിയ നിർമാണസാമഗ്രികൾ കൊണ്ടുള്ളതോ ആകാം മച്ച്. അതിനു മുകളിൽ തടിയോ സ്റ്റീലോ കൊണ്ട് ട്രസ്സിട്ട് ഓടു വിരിച്ചാൽ കേരളീയ ശൈലിയിലുള്ള മേൽക്കൂരയായി.
2.തൂവാനം മെറ്റൽ, പിവിസി, മൾട്ടിവുഡ് എന്നിവയിലൊക്കെ ചെയ്യാമെങ്കിലും തടിയിൽ നിർമിക്കുന്നതാണ് അഭികാമ്യം. അപ്പോഴേ കൃത്യമായ ട്രെഡീഷനൽ ഫീൽ കിട്ടൂ. ഭംഗി മാത്രമല്ല, ഓടിൽ നിന്നു വീഴുന്ന വെള്ളം കാറ്റടിച്ച് അകത്തേക്ക് വരാതിരിക്കാനുള്ള സംരക്ഷണം കൂടി നൽകുന്നു ഇത്. തൂവാനം 90 ഡിഗ്രിയിൽ നിൽക്കണമെങ്കിൽ കഴുക്കോലുകളുടെ അറ്റം മലർന്നിരിക്കണമെന്നത് ശ്രദ്ധിക്കണം.
3.വീടിന് മുഖപ്പുകൾ നൽകാം. അത് ഭംഗിക്കൊപ്പം വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്യുന്നു. വായു അകത്തെത്താനും പുറത്തേക്കു പോകാനും രണ്ടറ്റങ്ങളിലും നൽകണം. അപ്പോൾ വീടിനുള്ളിൽ ചൂടുണ്ടാവില്ല.

4.ഭിത്തി തേച്ചു വൃത്തിയാക്കി ട്രെഡീഷനൽ ശൈലിക്കിണങ്ങിയ ‘എർത്തി’ നിറങ്ങൾ കൊടുക്കാം. നിലവിലുള്ള വീട് ചെങ്കല്ല് കൊണ്ടു നിർമിച്ചതാണെങ്കിൽ പ്ലാസ്റ്ററിങ് മാറ്റിയാൽ എക്സ്പോസ്ഡ് ചുമരുകൾ ലഭിക്കും. ലാറ്ററൈറ്റ് ക്ലാഡിങ് നൽകി ചുമരുകൾക്ക് ചെങ്കല്ലിന്റെ ഭംഗിയേകുന്നതും പരമ്പരാഗത ശൈലിയിലേക്കുള്ള കാൽവയ്പാണ്.
5.പഴയ ജനലുകൾ കൂടുതലും ഗ്രിൽ രീതിയിലുള്ളവയാണ്. അതുമാറ്റി സ്ക്വയർ, റെക്ടാംഗുലർ കമ്പികളോ ഗേജ് കൂടിയ സ്ക്വയർ/റെക്ടാംഗുലർ ട്യൂബുകളോ നൽകാം. തടി കൊണ്ടുള്ള ജനലഴികളും നൽകാം. തിരശ്ചീനമായ അഴികൾക്കാണ് ലംബമായവയേക്കാൾ ഉറപ്പ്.
6.തറയിൽ ടെറാക്കോട്ട ടൈൽ ഇടാം. ഇംപോർട്ട് ചെയ്യുന്ന ടെറാക്കോട്ട ടൈലുകളുമുണ്ട്. തടി കൊണ്ട് ഫ്ലോറിങ് ചെയ്യാം. ലാമിനേറ്റഡ് വുഡൻ ഫ്ലോറിങ് ആണ് കൂടുതലും പ്രചാരത്തിലുള്ളത്. തേക്കു പോലെ നല്ലയിനം മരങ്ങളുപയോഗിച്ചും ചെയ്യാം. സീസൺഡ് തടിയായിരിക്കണം. പഴയ തടിയും വീടു പണിയുമ്പോൾ ബാക്കി വരുന്ന തടിയും ഉപയോഗിക്കാവുന്നതാണ്. ആത്തംകുടി ടൈൽ വിരിക്കുമ്പോൾ അവ മുഴുവനായി നൽകാതെ കുറച്ചിടത്ത് വിരിച്ച് ബാക്കി നല്ല വീതിയിൽ ബോർഡർ നൽകുന്നതാണ് ഭംഗി. വുഡ് ഫിനിഷ് ടൈലുകൾ, തറയോടിന്റെ ഫിനിഷുള്ള ടൈലുകൾ എന്നിവ നൽകുന്നത് അത്ര അഭികാമ്യമല്ല. കാരണം, ട്രെഡീഷനലിന് എപ്പോഴും ഫിനിഷുകൾ അൽപം മങ്ങിയിരിക്കുന്നതാണ് നല്ലത്. ഗ്ലോസി ഫിനിഷുകൾ അനുയോജ്യമല്ല. ഓക്സൈഡ് ഫ്ലോറിങ്, എപ്പോക്സി ഫ്ലോറിങ് എന്നിവ ചെയ്യാം. ഗ്ലോസി ഫിനിഷ് നൽകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

7.മച്ചുകൾ ഉൾപ്പെടെ എല്ലായിടത്തും പോളിഷ് ചെയ്ത് അമിത തിളക്കം നൽകരുത്.ചുമരിൽ തടി കൊണ്ടുള്ള പാനലിങ് നൽകുമ്പോൾ ഒരിക്കലും യഥാർഥ ഭംഗി ഉണ്ടാവില്ല. പണച്ചെലവുമാണ്. പഴയ നിരപ്പലകകൾ കൊണ്ടുള്ള ചുമരുകൾ ഭംഗിയാണ്. അവ കൃത്രിമമായി സൃഷ്ടിക്കുമ്പോൾ ആ ഫീൽ നഷ്ടമാകും.
8.സ്ഥലവും സൗകര്യവുമുണ്ടെങ്കിൽ നടുമുറ്റം ആകാം. ചെറിയ വീടുകളിലും ശാസ്ത്രീയമായി നടുമുറ്റം നിർമിക്കാം. നടുമുറ്റത്തിന് കൃത്യമായ കണക്കുകളുണ്ട്. തെക്കിനിക്കും പടിഞ്ഞാറ്റിനിക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ദിക്ഗൃഹങ്ങൾ ചേർത്തു വയ്ക്കുകയാണ് വേണ്ടത്. അങ്ങനെ വരുമ്പോഴാണ് തെക്കുപടിഞ്ഞാറൻ കാറ്റ് വീടിനുള്ളിലെത്തുന്നത്.
9. കരിങ്കൽ തൂൺ, തടിത്തൂൺ, പഴയ തൂണുകൾ എന്നിവ നൽകാം. കോൺക്രീറ്റ് തൂണുകൾക്ക് തടി പൊതിഞ്ഞോ പെയിന്റ് ചെയ്തോ ടെക്സ്ചർ നൽകിയോ ട്രെഡീഷനൽ ആക്കാം. ഏതാണെങ്കിലും ഇത്തരം കാര്യങ്ങൾ ആദ്യം തന്നെ തീരുമാനിക്കുന്നത് നന്നായിരിക്കും.
10.മരം കൊണ്ടുള്ള ഗോവണി ചെറിയ സ്ഥലത്തിന് അനുയോജ്യമാണ്. കാഴ്ചയ്ക്ക് പ്രൗഢവുമാണ്; പണിയാനുമെളുപ്പമാണ്. പഴയ തടി ഉപയോഗിക്കാം. കൊത്തുപണി ചെയ്ത് രാജകീയമാക്കാം. കോൺക്രീറ്റ് ഗോവണിയിൽ തടി പൊതിയാം. പക്ഷേ, ഇരട്ടിപ്പണിയാണ്; യഥാർഥ ഫീൽ കിട്ടുകയുമില്ല. പടിപ്പുര നൽകുന്നതും വീടിന് പരമ്പരാഗത ഛായ നൽകും. വിവരങ്ങൾക്കു കടപ്പാട്: മിത്രൻ ആചാരി, സ്ഥപതി അസോഷ്യേറ്റ്സ്, കൊടുങ്ങല്ലൂർ