Tuesday 03 August 2021 04:47 PM IST : By സ്വന്തം ലേഖകൻ

ട്രോപ്പിക്കൽ‌ മോഡേൺ‌ ശൈലിയിൽ ഒരുക്കിയ ആർ‌ക്കിടെക്ട് അനൂപ് ശിവനന്ദന്റെ വീട്

anoop 1

‘‘എന്റെ സ്വന്തം വീടാണ്. എന്നുകരുതി ആർക്കിടെക്ടിന്റെ മാത്രം ഇഷ്ടങ്ങൾക്കു മുൻഗണന നൽകി നിർമിച്ച വീടല്ല. ഏഴ് വയസ്സുകാരി മകളുടെ, ടെക്കിയായ ഭാര്യയുടെ, പ്രായമായ അച്ഛന്റെ എല്ലാം ഇഷ്ടങ്ങൾക്ക് ഇടം നൽകിയാണ് ‘ഇഹ’ ഒരുക്കിയത്. അപ്പോഴല്ലേ കല്ലിലും കട്ടയിലുമൊക്കെ ജീവന്റെ തുടിപ്പുകളുണ്ടാകുക? ഇഹയുടെ രൂപകൽപനയിൽ വീട്ടുകാർക്കെന്നപോലെത്തന്നെ പരിഗണന നൽകിയ മറ്റൊന്നുണ്ട്, പ്രകൃതി. ചുറ്റുപാടുകളുടെ പ്രത്യേകതകൾ കണക്കിലെടുത്തും നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് യോജിക്കുന്ന രീതിയിലുമാണ് ഡിസൈൻ തയാറാക്കിയത്. ‘ട്രോപ്പിക്കൽ മോഡേൺ’ പ്രകൃതമാണ് ഇഹയ്ക്ക് എന്നു പറയാം.

anoop 6

സ്ഥലപരിമിതിയും ബജറ്റും ആയിരുന്നു രൂപകൽപനാവേളയിലെ പ്രധാന വെല്ലുവിളി. അഞ്ച് സെന്റേ ഉണ്ടായിരുന്നുള്ളൂ പ്ലോട്ട്. സ്ഥലത്തിന് നല്ല വില നൽകേണ്ടിവന്നതിനാൽ ബജറ്റിന്റെ കാര്യത്തിലും പരിമിതികളുണ്ടായിരുന്നു. സ്ഥലം പരമാവധി പ്രയോജനപ്പെടുത്തുന്നതും പ്രകൃതിയോട് കഴിവതും ചേർന്നു നിൽക്കുന്നതുമായ ഡിസൈൻ വേണം എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രൂപകൽപന. അച്ഛന് പ്രായമായതിനാൽ താഴത്തെ നിലയിൽ രണ്ട് കിടപ്പുമുറികൾ ഉൾക്കൊള്ളിക്കണമായിരുന്നു. ഞങ്ങൾ രണ്ടുപേരും ജോലിക്കു പോകുന്നവരായതിനാൽ ജോലിക്കാരിക്കുള്ള മുറിയും താഴത്തെ നിലയിൽ തന്നെ വേണമായിരുന്നു. ഇത്രയും സൗകര്യങ്ങൾ താഴത്തെ നിലയിൽ ഉൾപ്പെടുത്തുക അൽപം ശ്രമകരമായിരുന്നു.

anoop 2

പോർച്ച്, സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, കോർട്‌‌യാർഡ്, അടുക്കള, വർക് ഏരിയ, സെർവന്റ്സ് റൂം, രണ്ട് കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിലുള്ളത്. ഓപൻ പ്ലാൻ ആണെങ്കിലും ലിവിങ് സ്പേസിൽ ഇരുന്നാൽ ഡൈനിങ് - അടുക്കള എന്നിവിടങ്ങളിലെ കാഴ്ചകൾ കാണാനാകാത്ത വിധം ഏറെ ശ്രദ്ധയോടെ പബ്ലിക് – പ്രൈവറ്റ് വേർതിരിവ് നടപ്പാക്കി. വീടിന്റെ മധ്യരേഖയിലുള്ള കോർട്‌യാർഡ് ആണ് താഴത്തെ നിലയുടെ ശ്രദ്ധാകേന്ദ്രം. ഇവിടേക്കു തുറക്കുന്ന രീതിയിലാണ് ഡൈനിങ്ങും ഓപൻ കിച്ചനും. അതുകാരണം ഒട്ടും ഇടുക്കം തോന്നില്ല എന്നുമാത്രമല്ല, വീട്ടകം വിശാലമായി തോന്നുകയും ചെയ്യും.

anoop 4

ഫാമിലി ലിവിങ് സ്പേസ്, കിടപ്പുമുറി എന്നിവയാണ് ഇപ്പോൾ മുകളിലെ നിലയിലുള്ളത്. വേണമെങ്കിൽ ഭാവിയിൽ ഇവിടെ രണ്ട് കിടപ്പുമുറികൾ കൂടി ഉൾപ്പെടുത്താം. ഓഫിസ് മുറി പ്രത്യേകമായി വേണ്ട എന്ന് തീരുമാനിച്ചിരുന്നതിനാൽ ഫാമിലി ലിവിങ്ങിലും കിടപ്പുമുറിയിലും വർക് സ്പേസ് ഒരുക്കിയിരുന്നു. ഏതായാലും ലോക്ഡൗൺ കാലത്ത് ഇത് വളരെയധികം ഉപകാരപ്പെട്ടു. കാക്കനാടിന്റെ കാഴ്ചകളാസ്വദിച്ചും കാറ്റുകൊണ്ടും ഇരിക്കാൻ പാകത്തിന് വലിയ ജനാലകൾ നൽകിയതും ലോക്ഡൗണിന്റെ വിരസതയിൽ വലിയ ആശ്വാസമായി.

anoop 5

ചെറിയൊരു കുന്നിൻ ചരിവിലാണ് വീട്. ഇടറോഡും വീടും തമ്മിൽ കഷ്ടിച്ച് മൂന്ന് മീറ്റർ അകലമേയുള്ളൂ. അതിനാൽ വളരെ വലുപ്പം തോന്നിക്കാത്ത രീതിയിലുള്ള എക്സ്റ്റീരിയർ ഡിസൈൻ ആണ് വീടിന് നൽകിയത്. ‘Form follows function’ എന്ന നിയമമാണ് ഇവിടെ പിന്തുടർന്നത്. വീടിനു മുന്നിൽ നിന്നു നോക്കിയാൽ ഒറ്റനില വീടാണെന്നേ തോന്നൂ. ആ രീതിയിലാണ് മേൽക്കൂരയുടെ ഘടന. മൂന്ന് തട്ടുകളായാണ് മേൽക്കൂര എന്നേ കാഴ്ചയിൽ തോന്നൂ. സത്യത്തിൽ പാരപ്പെറ്റിന്റെ ഉയരക്രമീകരണം വഴിയാണ് ഇതു സാധ്യമാക്കിയത്. കാർപോർച്ച്, മുകളിലെ ഫാമിലി ലിവിങ് എന്നിവയ്ക്ക് സ്റ്റീൽ ട്രസ്സ് റൂഫ് നൽകിയതും നിർണായകമായി.

anoop 3

നാല് മാസത്തെ താമസം കൊണ്ട് ഒരു കാര്യം ബോധ്യമായി. ഞങ്ങളുടെ കൊച്ചു കുടുംബത്തിനാവശ്യമായ സൗകര്യങ്ങളല്ലാം ‘ഇഹ’യിലെ 1600 ചതുരശ്രയടിയിൽ ഉണ്ട്. ഇനി കൂടുതൽ സൗകര്യങ്ങൾ ആവശ്യമുള്ളപ്പോൾ വളരാനും തയാറാണ് ഞങ്ങളുടെ ‘ഇഹ’.’’ അനൂപ് പറ‌യുന്നു

anoop 7

കടപ്പാട്: അനൂപ് ശിവനന്ദൻ

അസ്‌റ്റൈലർ ആർ‌ക്കിടെക്ട്സ്, കൊച്ചി

astylararchitects@gmail.com

Tags:
  • Vanitha Veedu