Wednesday 16 September 2020 05:12 PM IST

ആക്രി ആപ്പ് എത്തി. ഇനി പാഴ്‌വസ്തുക്കൾ തലവേദനയേയല്ല...

Sunitha Nair

Sr. Subeditor, Vanitha veedu

app1

ഉപയോഗശൂന്യമായ വസ്തുക്കൾ കളയുന്നതോർത്ത് ഇനി ടെൻഷടിക്കേണ്ട. ആക്രി ആപ്പുണ്ടല്ലോ. മൂന്നു മാസത്തോളമായി ആക്രി ആപ്പ് പ്രവർത്തനം ആരംഭിച്ചിട്ട്. കൊച്ചിക്കാർക്ക് നിലവിൽ ആപ്പ് സൗകര്യം പ്രയോജനപ്പെടുത്താം. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്കും സേവനം ഭാവിയിൽ വ്യാപിപ്പിക്കുന്നതാണ്.
പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. അല്ലെങ്കിൽ www.aakri.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം. നമ്മൾ മുൻകൂട്ടി ബുക്ക് ചെയ്യുന്ന സമയത്ത് വീട്ടിൽ വന്ന് ആക്രി ശേഖരിക്കുന്നതാണ്. ഇ വേസ്റ്റ്, പേപ്പർ, ഇരുമ്പ് തുടങ്ങി ഓരോന്നിന്റെയും ഇനം തിരിച്ചുള്ള വില വിവരപട്ടിക നൽകിയിട്ടുണ്ട്. യൂനിഫോം, ഗ്ലൗസ്, മാസ്ക് എന്നിവയെല്ലാം ധരിച്ച് സുരക്ഷാ മുൻകരുതലുകൾ പാലിച്ചാണ് ആക്രി ശേഖരിക്കാനെത്തുന്നത്. നമ്മുടെ മുന്നിൽ വച്ചു തന്നെ പാഴ്വസ്തുക്കൾ ഇനം തിരിച്ചതിനു ശേഷം പണം നൽകുന്നതാണ്.  അക്കൗണ്ട് ട്രാൻസ്ഫർ സൗകര്യവുമുണ്ട്.
നമ്മുടെ സമയത്തിനനുസരിച്ച് ബുക്ക് ചെയ്യാമെന്നതാണ് ഒരു ഗുണം. ഇ വേസ്റ്റ്, ഇരുമ്പ്, പേപ്പർ, ചെമ്പ് തുടങ്ങി എല്ലാത്തരം മാലിന്യങ്ങളും ശേഖരിക്കും.
കൊച്ചിയിലെ രണ്ടു സുഹൃത്തുക്കളായ പ്രിൻസ് തോമസും ജി. ചന്ദ്രശേഖറും ചേർന്നാണ് ആപ്പ് തുടങ്ങുന്നത്. പ്ലാസ്റ്റിക്കിൽ നിന്നും പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇത് ആരംഭിച്ചതെന്ന് അവർ പറയുന്നു. ശേഖരിക്കുന്ന പാഴ്വസ്തുക്കൾ പുനരുപയോഗിക്കുകയാണ് ചെയ്യുന്നത്.