Saturday 12 June 2021 11:53 AM IST

വിജയ് ദേവരകൊണ്ടയും രജനീകാന്തും ടൊവിനോയും പ്ലാവിലയിൽ... ഈ രോഗം ചിലപ്പോൾ നിങ്ങൾക്കും പകരാം...

Sreedevi

Sr. Subeditor, Vanitha veedu

jack 1

രോഗം പരക്കട്ടെ എന്ന് ഈ കോവിഡ് കാലത്ത് ഒരാൾ പറഞ്ഞാൽ അയാൾക്ക് എന്തോ മാനസിക രോഗമുണ്ടെന്ന് എല്ലാവരും ഉറപ്പിക്കും. എന്നാൽ ഈ രോഗം വേറെയാണ്. ചിത്രകല തലയ്ക്കു പിടിച്ച്, ചിത്രകല എന്ന രോഗം നാട്ടിൽ പരക്കണമെന്ന് ആഗ്രഹിക്കുന്ന രോഗിയുടെ പേര് രാഹുൽ ശിവൻ. രാഹുലിന്റെ ഇൻസ്റ്റഗ്രാം പേജ് ആണ് I Am Roghi, അതായത് ഞാൻ രോഗിയാണ് എന്ന്. ചിത്രം വരയ്ക്കുക എന്ന രോഗം എല്ലാവരിലേക്കും പടരണമെന്നാണ് രാഹുലിന്റെ ആഗ്രഹം.തിരുവല്ലക്കാരനായ രാഹുൽ പോട്ടറേറ്റ് വരയ്ക്കുന്നത് കാൻവാസിലോ പേപ്പറിലോ അല്ല എന്നതാണ് മറ്റൊരു കൗതുകം. വീടിന്റെ പരിസരത്ത് തന്നെ കിട്ടുന്ന ഇലകളിലും പഴങ്ങളിലുമൊക്കെയാണ്.

jack 4

പ്രകൃതിയെ നോവിക്കാതെ തന്നെ ചിത്രങ്ങൾ വരയ്ക്കാമെന്നു മാത്രമല്ല, ചിത്രം വരയ്ക്കാനുള്ള മാധ്യമം സംഘടിപ്പിക്കാൻ ഈ ലോക്ക്ഡൗൺ കാലത്ത് നെട്ടോട്ടമോടുകയും വേണ്ട. കാൻവാസിനുള്ള പണം സംഘടിപ്പിക്കുന്ന ടെൻഷനും ഒഴിവാക്കാം. പഴുത്ത് താഴെ വീഴുന്ന ഇലകൾ മാത്രമാണ് രാഹുൽ പ്രയോജനപ്പെടുത്തുന്നത്. ഏകദേശം രണ്ടര വർഷമായി രാഹുൽ ഇത്തരത്തിൽ ചിത്രരചന തുടങ്ങിയിട്ട്. അക്രിലിക്ക് കൊണ്ടാണ് വരയ്ക്കുന്നത്. ആദ്യകാലത്ത് ഇലകളിലിൽ വരയ്ക്കുന്നത് എല്ലാവരും കളിയാക്കിയെങ്കിലും ഇപ്പോൾ ഈ ശൈലിയ്ക്ക് ആരാധകർ ഏറെയുണ്ട്.പ്ലാവില ദീർഘകാലം കേടാകാതിരിക്കാനുള്ള സംവിധാനവും ചെയ്യുന്നുണ്ട്. പ്ലാവില കൂടാതെ ചെമ്പരത്തി ഇലയിലും മാങ്ങ, ചക്ക, പുളി തുടങ്ങിയ നാടൻ പഴങ്ങളിലും രാഹുൽ ചിത്രങ്ങൾ വരയ്ക്കാറുണ്ട്.

jack 3

രജനീകാന്ത്, വിജയ്, ടൊവിനോ തോമസ്, വിജയ് ദേവരകൊണ്ട, സൗബീൻ തുടങ്ങിയ സിനിമ താരങ്ങളുടെയെല്ലാം പോട്രൈറ്റ് ഈ കലാകാരൻ പ്ലാവിലയിലേക്ക് പകർത്തിയിട്ടുണ്ട്. ഫ്രിഡ കാലോ, രവി വർമ്മ ചിത്രങ്ങൾ, പുരാണകഥാപാത്രങ്ങൾ ഇവിയെല്ലാം രാഹുലിന്റെ ഇഷ്ട വിഷയങ്ങളാണ്. സ്വന്തം ഭാവനയിൽ വിരിയുന്ന രൂപങ്ങളാണ് ഇപ്പോൾ കൂടുതൽ വരയ്ക്കുന്നതെന്ന് രാഹുൽ പറയുന്നു. അമൃത സ്കൂൾ ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ നിന്ന് ഫൈൻ ആർട്‌സിൽ ബിരുദാനന്തര ബിരുദം നേടിയ രാഹുൽ ഇപ്പോൾ ഒരു കമ്പനിയിൽ ജോലി ആരംഭിച്ചു. ഒറ്റയ്ക്കും മറ്റു ചിത്രകാരൻമാർക്കൊപ്പവും പെയിന്റിങ്ങ് എക്സിബിഷൻ നടത്തിയിട്ടുണ്ട്. ആവശ്യക്കാർക്ക് ഇലകളിൽ ചിത്രങ്ങൾ വരച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട് ഈ കലാകാരൻ. വീട്ടുപരസരത്ത് ഒരു പ്ലാവ് എങ്കിലും ഉള്ളവർ ഈ ചിത്രങ്ങൾ കണ്ടാൽ എങ്ങനെ രോഗിയാകാതിരിക്കും!

jack 2
Tags:
  • Vanitha Veedu