എല്ലാവരും വീട്ടിലിരിക്കാൻ തുടങ്ങിയതോടെ കൂടുതൽ സജീവമായ ഇടങ്ങളിലൊന്നാണ് ബാൽക്കണി. പൊടിപിടിച്ചും പക്ഷികൾ കൂടുകൂട്ടിയും കിടന്നിടം വീട്ടുകാരുടെ പ്രിയമാന ഇടമായി മാറിയത് പെട്ടെന്നായിരുന്നു. ചിലയിടത്ത് അത് കുട്ടികളുടെ കളിസ്ഥലമായപ്പോൾ മറ്റുചിലയിടത്ത് വെർട്ടിക്കൽ ഗാർഡനും പച്ചക്കറിത്തോട്ടവുമൊക്കെയായി വീട്ടമ്മമാരുടെ കണ്ണിലുണ്ണിയായി. ഇവിടൊരു കസേരയും മേശയുമിട്ട് ‘വർക് ഫ്രം ഹോം’ ഏർപ്പാടിൽ മുഴുകിയവരും കുറവല്ല. ബാൽക്കണിയുടെ ഉപയോഗം കൂടിയതോടെ കാൽവഴുതിയും മറ്റും താഴെ വീണുണ്ടാകുന്ന അപകടങ്ങളും കൂടിയതായാണ് റിപ്പോർട്ടുകൾ. കൈവരിയുടെ പൊക്കക്കുറവും അശ്രദ്ധമായ പെരുമാറ്റവുമാണ് മിക്കയിടത്തെയും അപകടകാരണം. ബാൽക്കണി സുരക്ഷിതമാക്കാൻ വിദഗ്ധർ നൽകുന്ന നിർദേശങ്ങൾ ഇതാ...
∙ ഒരു മുറിയുടെ തുടർച്ചയായിട്ടായിരിക്കും ബാൽക്കണി വരിക. ആ മുറിയുടെ ഉപയോഗം കൂടുതൽ സൗകര്യപ്രദമാക്കുകയും അവിടെ ചെലവഴിക്കുന്ന സമയം പരമാവധി ആസ്വാദ്യകരമാക്കുകയുമാണ് ബാൽക്കണിയുടെ ദൗത്യം. ഇതുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾക്ക് ബാൽക്കണി ഉപയോഗിക്കുന്ന പ്രവണത ഒഴിവാക്കണം. ഇവിടെ സ്ഥലം വളരെ കുറവായിരിക്കും. ധാരാളം സാധനങ്ങൾ കുത്തിനിറയ്ക്കുന്നത് കാര്യങ്ങൾ വഷളാക്കും.

∙ ഒരു നിലയിൽ കൂടുതലുള്ള കെട്ടിടങ്ങളിൽ ബാൽക്കണിയുടെ കൈവരിക്ക് 1.20 മീറ്റർ പൊക്കം വേണമെന്നാണ് കെട്ടിടനിർമാണ ചട്ടം. ഭംഗിയുടെയും ഡിസൈനിന്റെയുമൊക്കെ പേരിൽ ഇതിൽ മാറ്റം വരുത്തുന്നത് അപകടങ്ങൾക്ക് വഴിവയ്ക്കും.
∙ കൈവരി ലംബമായി വരുംവിധം പിടിപ്പിക്കണം എന്നാണ് നിയമം. പലരും ഇതു പാലിക്കാറില്ല. കുട്ടികൾ തിരശ്ചീനമായി നൽകുന്ന കമ്പിയിൽ ചവിട്ടി മുകളിലേക്ക് കയറാനും അപകടം സംഭവിക്കാനും സാധ്യതയുണ്ട്.
∙ കൈവരിയിലെ അഴികളോ കമ്പികളോ തമ്മിലുള്ള അകലം 10 സെന്റിമീറ്ററിൽ കൂടാൻ പാടില്ല എന്നതും പ്രധാനമാണ്. അകലം കൂടിയാൽ കുട്ടികൾ ഇതിലൂടെ തല കടത്താനും കുടുങ്ങിപ്പോകാനും സാധ്യതയുണ്ട്.
∙ പൊതുവേ ബാൽക്കണിക്ക് സൺഷേഡ് ഉണ്ടാകാറില്ല. അതിനാൽത്തന്നെ നല്ല മഴയിൽ വെള്ളം തറയിലേക്ക് തെറിച്ചു വീഴാനുള്ള സാധ്യത കൂടും. ഇതിൽ ചവിട്ടി തെന്നിവീണുണ്ടാകുന്ന അപകടങ്ങളും ഏറെയാണ്. പെട്ടെന്ന് തെന്നാത്ത മാറ്റ്, സാറ്റിൻ ഫിനിഷിലുള്ള നിർമാണ വസ്തുക്കൾ ഉപയോഗിച്ച് ബാൽക്കണിയുടെ ഫ്ലോറിങ് ഒരുക്കുകയാണ് ഇതിനുള്ള പ്രതിവിധി. അശ്രദ്ധ കാരണമാണ് പലപ്പോലും ബാൽക്കണിയിൽ അപകടം ഉണ്ടാകുന്നത്. ഗ്ലോസി ഫിനിഷിലുള്ള പ്രതലമായാൽ വെള്ളം മാത്രമല്ല, പൊടി അടിഞ്ഞുകൂടിയും തെന്നലുണ്ടാകാം.
∙ ഡ്രെയിനേജ് സംവിധാനമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ബാൽക്കണി കഴുകേണ്ടി വന്നാൽ വെള്ളം ഒഴുക്കിക്കളയാനുള്ള സൗകര്യം ഉണ്ടാകണം.
നിർമാണവേളയിൽ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും ശ്രദ്ധയോടെ ഉപയോഗിക്കുകയും ചെയ്താൽ ബാൽക്കണി സുരക്ഷിതമാണ്. പേടി വേണ്ട